ഇടുക്കി: തൊടുപുഴ പ്രൈവറ്റ് ബസ്റ്റാന്റിൽ ബസ് ജീവനക്കാർക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചുനൽകിയിരുന്ന സുവിശേഷ പ്രാസംഗികൻ അറസ്റ്റിൽ. തൊടുപുഴ കോലാനിയിൽ പാറക്കടവ് ഭാഗത്ത് താമസിക്കുന്ന പുത്തന്മണ്ണത്ത് വീട്ടിൽ പൗലോസ് പൈലിയെയാണ് (68) തൊടുപുഴ ഡിവൈഎസ്‌പി എംആർ മധുബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തിട്ടുള്ളത്.

ഇന്ന് പുലർച്ചെ 7 മണിക്ക് പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ബസ്ജീവനക്കാർക്ക് നിരോധിത ഉൽപ്പന്നങ്ങൾ വിൽക്കവെ പിടികൂടുകയായിരുന്നു. പിടികൂടുമ്പോൾ ഇയാൾ ധരിച്ചിരുന്ന ബനിയന്റെ അകത്തുനിന്നും 76 ഹാൻസ് പായ്ക്കറ്റുകൾ കണ്ടെടുത്തു. കൂടാതെ പാന്റിന്റെ 4 പോക്കറ്റിലും ജെട്ടിക്കുള്ളിലുമായി നോട്ടുബുക്ക് കടലാസിൽ പൊതിഞ്ഞും പായ്ക്കറ്റുകൾ സൂക്ഷിച്ചിരുന്നു.ഒരു പായ്ക്കറ്റിന് 50 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്.സ്റ്റാൻഡിൽ കയറുന്ന ബസ്സിലെ പതിവുകാരായ ആവശ്യക്കാരെ സമീപിച്ച് ,ഈ പൊതികൾ രഹസ്യമായി കൈകമാറി 50 രൂപ കൈപ്പറ്റുന്നതായിരുന്നു രീതി.

അയൽസംസ്ഥാനങ്ങളിൽ ഈ ഒരു പായ്ക്കറ്റിന് 30 രൂപയാണ് വില.വിൽപ്പന വേഗത്തിൽ ആക്കുന്നതിന് വേണ്ടി 50 രൂപ ചില്ലറയായി നൽകാൻ ഇല്ലാത്തവർക്ക് പൊതി കൈമാറാൻ ഇയാൾ വിസമ്മതിച്ചിരുന്നു.നീരീക്ഷണത്തിനായി മഫ്തിയിൽ എത്തിയ പൊലീസ് സംഘത്തെ തിരിച്ചറിയാതെ വിൽപ്പന തുടർന്നതാണ് ഇയാൾ പിടിയിലാവാൻ കാരണമെന്നാണ് സൂചന.

കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ഇയാളുടെ താമസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ ചാക്കിൽ സൂക്ഷിച്ച നിലയിൽ ഇരുപതിനായിരത്തോളം രൂപ വിലവരുന്ന ഹാൻസ് പായ്ക്കറ്റുകൾ കണ്ടെടുത്തു. വർഷങ്ങൾക്ക് മുൻപ് ബസ്ജീവനക്കാരനായിരുന്ന ഇയാൾക്ക് പ്രൈവറ്റ് സ്റ്റാൻഡിൽ സ്ഥിരമായി ഉണ്ടായിരുന്ന പരിചയമാണ് ഹാൻസ് വിൽപ്പനയിലേക്ക് തിരിയുവാൻ പ്രചോദനമായത്. 5 വർഷമായി താൻ സ്റ്റാൻഡിൽ സ്ഥിരമായും ഹാൻസ് വിറ്റുകൊണ്ടിരിക്കുകയാണെന്നും ഇത് തന്റെ വീട്ടുകാർക്ക് പോലും അറിയില്ലെന്നും ഇയാൾ പൊലീസിൽ വെളിപ്പെടുത്തി.

സുവിശേഷ പ്രാസംഗികനായി നാട്ടിൽ അറിയപ്പെടുന്ന ഇയാൾ ദിവസവും ഉച്ചവരെ പ്രൈവറ്റ് സ്റ്റാൻഡിൽ ഹാൻസ് വിൽപ്പനയും ഉച്ചയ്ക്ക് ശേഷപ്രവർത്തനവും നടത്തിവന്നിരുന്നതായിട്ടാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.എസ്സിപിഒ കെഎസ് അരുൺകുമാറും സിപിഒ പി.എസ് സുമേഷും പൊലീസ് സംഘത്തിൽ ഉൾപ്പെട്ടിരുന്നു.