- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അപകട മരണമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു
പത്തനംതിട്ട: ഇടത്തിട്ടയിൽ അപകടമരണമെന്ന് കരുതിയ സംഭവം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് തെളിഞ്ഞു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചു. ഇയാൾ ഒളിവിലെന്ന് പൊലീസ്. കൊടുമൺ ഇടത്തിട്ട പുതുപ്പറമ്പിൽ മത്തായി മകൻ ജോബി മാത്യു (44) ആണ് മരിച്ചത്. കഴിഞ്ഞ മാസം 25 ന് രാത്രി 8.45 ന് ഇടത്തിട്ട ജങ്ഷന് സമീപം സ്വന്തം കാറിന് അരികിൽ പരുക്കേറ്റ് ജോബി വീണു കിടക്കുകയായിരുന്നു.
കനത്ത മഴ ആയിരുന്നതിനാൽ ആരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് നാട്ടുകാർ കണ്ട് ഇവിടെ നിന്ന് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് ലൈഫ്ലൈൻ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചികിൽസയിലിരിക്കേ എട്ടു ദിവസത്തിന് ശേഷം ജോബി മരിച്ചു.
വാഹനാപകടത്തിൽ പരുക്കു പറ്റിയെന്ന് കരുതിയാണ് നാട്ടുകാർ ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, തന്നെ ചിലർ മർദിച്ചിരുന്നുവെന്ന് ഇയാൾ ഡോക്ടറോട് പറഞ്ഞിരുന്നു. സംഭവം നടക്കുമ്പോൾ ജോബി മദ്യലഹരിയിലായിരുന്നു. അതിനാൽ തന്നെ പൊലീസും ഈ മൊഴി കാര്യമായി എടുത്തില്ല. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പിന്നിലേറ്റ മുറിവാണ് മരണത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തി. തലയോട്ടി തകർന്ന് ഉണ്ടായ രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്്.
ഇതോടെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം തുടങ്ങി. ദൃക്സാക്ഷികൾ ആരുമില്ലാത്ത സംഭവമായതിനാൽ പൊലീസിന് തുമ്പൊന്നും ലഭിച്ചില്ല. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ കേന്ദ്രീകരിച്ചും നടത്തിയ പരിശോധനയ്ക്കൊടുവിൽ പത്തനംതിട്ട സ്വദേശിയുടെ വാഹനത്തെ കുറിച്ച് സൂചന ലഭിച്ചു. തന്നെ കുറിച്ച് പൊലീസ് മനസിലാക്കിയെന്ന് അറിഞ്ഞതോടെ ഇയാൾ ഒളിവിൽപ്പോയി. ഇയാളുടെ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മദ്യലഹരിയിലായിരുന്ന ജോബിയുടെ വാഹനവും പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളുടെ വാഹനവും തമ്മിൽ തട്ടിയിരിക്കാമെന്നും തുടർന്നുണ്ടായ അടിപിടിയിൽ ജോബിക്ക് വീണു പരുക്കേതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ വിശദവിവരങ്ങൾ അറിയാൻ കഴിയൂവെന്നാണ് പൊലീസിന്റെ ഭാഷ്യം.