- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
11 വർഷം മുമ്പ് പ്രണയിച്ചു വിവാഹം കഴിച്ചവർ; വീട്ടിൽ കലഹം പതിവ്; രൂപേഷ് കൊണ്ടുവന്ന പെട്രോൾ കന്നാസ് മകൾ ഒളിപ്പിച്ചു വെച്ചു; വാക്കേറ്റത്തിന് ഒടുിൽ വെട്ടുകത്തികൊണ്ട് ഭാര്യയെയും മകളെയും വെട്ടിവീഴ്ത്തി; മുറിയിൽ കയറി കതകടച്ചു പെട്രോളൊഴിച്ചു തീകൊളുത്തി; പത്തനാപുരത്തെ ദുരന്തം ഇങ്ങനെ
പത്തനാപുരം: പത്തനാപുരത്ത് ഭാര്യയെയും ഒമ്പതു വയസുള്ള മകളെയും വെട്ടിക്കൊലപ്പെടുത്താൻ ് ശ്രമിച്ച ശേഷം യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ശരിക്കും നാടിനെ നടുക്കുന്നതായി. 11 വർഷം മുമ്പ് പ്രണയിച്ചു വിവാഹം കഴിച്ചവരാണ് കുടുംബ കലഹത്തിനൊടുവിൽ വധശ്രമത്തിലേക്കും ആത്മഹത്യയിലേക്കും എത്തിയത്.
പത്തനാപുരം നടുക്കുന്ന് കവലയിൽ ക്ഷേത്രത്തിനുസമീപം വാടകവീട്ടിൽ താമസിക്കുന്ന പിടവൂർ ലതീഷ്ഭവനിൽ രൂപേഷ് (38) ആണ് ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ അഞ്ജു(26)വും മകൾ അരുഷ്മയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
ഓട്ടോറിക്ഷാ തൊഴിലാളിയാണ് രൂപേഷ്. പിറവന്തൂർ അലിമുക്ക് സ്വദേശിയായ അഞ്ജുവും വാഹനം ഓടിക്കുന്നുണ്ട്. പതിനൊന്നുവർഷം മുമ്പാണ് ഇവർ പ്രണയിച്ച് വിവാഹം കഴിച്ചത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് കുറേക്കാലമായി ഇവർതമ്മിൽ വഴക്ക് പതിവായിരുന്നു. സംഭവദിവസം എല്ലാവരെയും കത്തിക്കുമെന്നുപറഞ്ഞ് ഇയാൾ പെട്രോളുമായാണ് വീട്ടിലെത്തിയത്.
മകൾ പെട്രോൾ നിറച്ച കന്നാസ് ഒളിച്ചുവെച്ചു. ഇതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവിൽ രൂപേഷ് വെട്ടുകത്തികൊണ്ട് ഭാര്യയെയും മകളെയും വെട്ടിവീഴ്‌ത്തുകയായിരുന്നു. അഞ്ജു മകളുമൊത്ത് ഒരുവിധം രക്ഷപ്പെട്ട് റോഡിലെത്തി. രക്തമൊലിച്ചുകിടന്ന ഇവരെ കണ്ട, അതുവഴിപോയ മിനിലോറിയുടെ ഡ്രൈവറാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
ഭാര്യയും മകളും രക്ഷപ്പെട്ടയുടൻ മുറിയിൽ കയറി കതകടച്ച രൂപേഷ് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീട് കത്തുന്നതുകണ്ട നാട്ടുകാരാണ് പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചത്. തീകെടുത്തിയശേഷം വീട്ടിൽ നടത്തിയ തിരച്ചിലിലാണ് ശരീരമാസകലം പൊള്ളലേറ്റനിലയിൽ രൂപേഷിനെ കണ്ടെത്തിയത്. പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അഗ്നിബാധയിൽ വീടിനും നാശനഷ്ടം സംഭവിച്ചു.
മറുനാടന് മലയാളി ബ്യൂറോ