- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ വെട്ടിയവരെ കുറിച്ചു അൻസാർ മരിക്കുന്നതിന് മുമ്പ് മൊഴി നൽകി; അന്വേഷണം നീളുന്നത് മൊഴി കേന്ദ്രീകരിച്ചു; ഉപേക്ഷിച്ച നിലയിൽ കാറും കണ്ടെത്തി; കാറിൽ രക്തക്കറയും കത്തിയുടെ ഉറയും; പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊന്നതിൽ അന്വേഷണം പുരോഗമിക്കുന്നു
തൃത്താല: പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ അന്വേഷണം പുരോഗമിക്കുന്നു. പട്ടാമ്പി കൊണ്ടൂർക്കര സ്വദേശി പറമ്പിൽ അൻസാറാണ് (25) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ കണ്ണന്നൂരിനടുത്ത് കരിമ്പനക്കടവിലാണ് സംഭവം. കഴുത്തിൽ വെട്ടേറ്റ നിലയിൽ ഇയാൾ വാഹനങ്ങൾക്ക് കൈ കാണിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് വാഹനത്തിൽ കയറ്റി ഇയാളെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തൃത്താല പൊലീസെത്തി നടത്തിയ പരിശോധനയിൽ സംഭവം നടന്ന സ്ഥലത്തെ ചെടികളിലും വഴിയിലും രക്തക്കറ കണ്ടെത്തി. തൃത്താല കരിമ്പനക്കടവിൽ സർക്കാർ വിദേശമദ്യവില്പനശാലയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഇവിടെ ഉപേക്ഷിച്ച നിലയിൽ ഒരു കാറും കണ്ടെത്തി. കാറിൽ രക്തക്കറയും കത്തിയുടെ ഉറയും കണ്ടെത്തിയതായി സൂചനയുണ്ട്.
അതേസമയം, വാഹനത്തിൽ എത്തിയ ചിലർ ചേർന്ന് തന്നെ വെട്ടിയതായി മരിക്കുന്നതിനുമുൻപ് ഇയാൾ മൊഴി നൽകിയതായി അറിയുന്നു. അൻസാറിന്റെ പരിചയക്കാരെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇത് അനുസരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. സംഭവം അറിഞ്ഞതോടെ സ്വകാര്യ ആശുപത്രി വളപ്പിലേക്ക് വൻ ജനക്കൂട്ടം എത്തി.
ഷൊർണൂർ ഡിവൈ.എസ്പി. അടക്കമുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. സ്ക്രാപ് കച്ചവടം ചെയ്യുന്നയാളാണ് അൻസാർ. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ ഇത്തരം കാര്യങ്ങളറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു. പറമ്പിൽ കമ്മുവാണ് മരിച്ച അൻസാറിന്റെ പിതാവ്. മാതാവ്: സഫിയ. സഹോദരങ്ങൾ: താഹിർ, ഷെമീറ, ഹൈറുന്നീസ.
മറുനാടന് മലയാളി ബ്യൂറോ