കൊല്ലം: പട്ടത്താനത്തേത് കുടുംബപ്രശ്നത്തെ തുടർന്ന് രണ്ട് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയശേഷമുള്ള അച്ഛന്റെ ആത്മഹത്യ തന്നെ. കൊല്ലം പട്ടത്താനം ജവഹർനഗർ-81, ചെമ്പകശ്ശേരിൽ ജോസ് പ്രമോദ് (42), മക്കളായ ദേവനാരായണൻ (ഒൻപത്), ദേവനന്ദ (ആറ്) എന്നിവരാണ് മരിച്ചത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടോടെ കേസിൽ ദുരൂഹത നീങ്ങുകയാണ്‌. കുട്ടികൾ രണ്ടുപേരുടെയും മരണം കഴുത്തിൽ കയർകുരുങ്ങിയാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതായി കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ എൽ.അനിൽകുമാർ പറഞ്ഞു. ജോസ് പ്രമോദിന്റെ ഭാര്യ ഡോ. ലക്ഷ്മി രണ്ടുമാസമായി സമീപത്തെ ഹോസ്റ്റലിലാണ് താമസം. സംഭവസമയം അച്ഛനും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

തട്ടാമല സ്വദേശിയും ഓട്ടോ ഡ്രൈവറുമായിരുന്ന ജോസ് പ്രമോദും കോളേജ് അദ്ധ്യാപക ദമ്പതിമാരുടെ മകളായ ലക്ഷ്മിയും പ്രണയിച്ച് വിവാഹിതരായവരാണ്. ഏതിർപ്പുകൾ അവഗണിച്ചായിരുന്നു വിവാഹം. വിവാഹശേഷം പ്രമോദ് രണ്ടുതവണ ഗൾഫിൽ പോയിരുന്നു. മക്കളെ നോക്കാനാണ് തിരികെവന്നത്. തട്ടാമലയിൽ വാടകവീട്ടിൽ താമസിച്ചിരുന്നു ഒരുവർഷത്തിനുമുൻപാണ് പട്ടത്താനത്തെ വീട്ടിൽ താമസം തുടങ്ങിയത്.

വെള്ളിയാഴ്ച പുലർച്ചെ 1.15-ന് സഹോദരൻ ജോസ് പ്രകാശിനും ലക്ഷ്മിക്കും പ്രമോദ് ഫോണിൽ ശബ്ദസന്ദേശം അയച്ചിരുന്നു. മക്കളുമായി ജീവിതം അവസാനിപ്പിക്കുന്നു എന്നരീതിയിലായിരുന്നു സന്ദേശം. രാവിലെ സന്ദേശം കണ്ട ലക്ഷ്മി സഹോദരനെയും ബന്ധുക്കളെയും വിവരമറിയിച്ചു. മാപ്പു ചോദിച്ചു കൊണ്ടാണ് ജോസ് പ്രമോദ് തന്റെ അവസാന സന്ദേശം സഹോദരൻ ജോസ് പ്രകാശിന് അയച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1.15-നാണ് സഹോദരന്റെ ഫോണിലേക്ക് ശബ്ദസന്ദേശം എത്തിയത്. എന്നാൽ ജോസ് പ്രമോദും മക്കളും മരിച്ചശേഷമാണ് ഈ സന്ദേശം എല്ലാവരും കേട്ടതെന്നതാണ് വസ്തുത.

ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ ഗേറ്റ് ഉൾപ്പെടെ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് ഡോ. ലക്ഷ്മിയും പൊലീസും സ്ഥലത്തെത്തി വീട് തുറക്കുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് പ്രാഥമിക പരിശോധന നടത്തിയശേഷം മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. മുൻപ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിനോക്കിയിരുന്ന ഡോ. ലക്ഷ്മി പി.ജി. പ്രവേശനപ്പരീക്ഷയ്ക്കുള്ള പഠനത്തിനുവേണ്ടിയാണ് വീടിന് 500 മീറ്റർ ദൂരെയുള്ള ഹോസ്റ്റലിലേക്ക് മാറിയത്.

കുറച്ചുനാളായി ലക്ഷ്മി വീട്ടിലേക്കു വന്നിട്ടില്ലെന്ന് പ്രമോദ് തന്റെ ബന്ധുക്കളോട് പറഞ്ഞിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രമോദിന്റെ സഹോദരനുൾപ്പെടെയുള്ളവർ ഇരുവരുമായി സംസാരിച്ചിരുന്നു. എന്നാൽ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. ലക്ഷ്മിയുടെ കുടുംബവീടായിരുന്നു ഇവിടെ. ലക്ഷ്മിയുടെ മാതാപിതാക്കൾ സഹോദരനൊപ്പം താമസമാക്കിയശേഷമാണ് പ്രമോദും കുടുംബവും ഇവിടേക്കുവന്നത്.

പഴയാറ്റിൻകുഴി സ്വദേശിയാണ് ജോസ് പ്രമോദ്. ജില്ലാ ആശുപത്രി, പാലത്തറയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന ലക്ഷ്മി കൃഷ്ണൻ ഉപരി പഠനത്തിനായി ജോലിയിൽ നിന്നു വിട്ട് കോളേജ് ജംഗ്ഷനിലെ സ്വകാര്യ ഹോസ്റ്റലിലായിരുന്നു താമസം. നാളുകളായി ഇരുവരും അകന്നു കഴിയുകയാണ്. ലക്ഷ്മി മക്കളെ കാണാൻ ഇടയ്ക്കിടെ വീട്ടിൽ എത്തുമായിരുന്നു.