- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴമ്പിള്ളിച്ചാലിലെ വനംകൊള്ള: കൈക്കൂലി വാങ്ങി ഒത്താശ ചെയ്ത രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; അടിമാലി പഞ്ചായത്തിൽ നടന്നത് മുട്ടിൽ മരംമുറിക്ക് സമാനമായ മരംകൊള്ള; പുറത്തുകൊണ്ടുവന്നത് വനംവകുപ്പിലെ തമ്മിലടി
അടിമാലി: പഴമ്പിള്ളിച്ചാലിലെ അനധികൃത മരം മുറി വിഷയത്തിൽ കൈക്കൂലി വാങ്ങി ഒത്താശ ചെയ്ത സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മുട്ടിൽ മരം മുറിക്ക് സമാനമായി വലിയ തോതിലുള്ള മരംകൊള്ളയാണ് അടിമാലി പഞ്ചായത്തിൽപ്പെട്ട മേഖലയിൽ നടന്നത്. നേര്യമംഗലം റേഞ്ച് വാളറ സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചർ സിജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൻ. ലാലു എന്നിവരെയാണ് അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി. പുകഴേന്തി സസ്പെൻഡ് ചെയ്തത്.
ഫോറസ്റ്റ് ആൻഡ് ഇന്റലിജൻസ് വിഭാഗം അഡീ. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നടപടി. സിജി മുഹമ്മദ് തടി കച്ചവടക്കാരനും മരം കൊള്ള കേസിലെ ഒന്നാം പ്രതിയുമായ ജയിംസിൽ നിന്ന് ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
വിഷയത്തിൽ കെ.എം. ലാലുവും ഒത്താശ ചെയ്തതായും ഇരുവർക്കും ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച പറ്റിയതായും കണ്ടെത്തലുണ്ട്. മൂന്നാർ ഡിവിഷനിൽപ്പെട്ട പഴമ്പിള്ളിച്ചാൽ, പടിക്കപ്പ്, ഒഴുവത്തടം, കാഞ്ഞിരവേലി എന്നീ പ്രദേശങ്ങളിലെ പട്ടയമില്ലാത്ത കൈവശ ഭൂമിയിൽ നിന്നാണ് വ്യാപകമായി മരം മുറിച്ച് കടത്തിയത്.
ആഞ്ഞിലി, പ്ലാവ്, വട്ട, മഹാഗണി, കശുമാവ് എന്നീയിനത്തിൽപ്പെട്ട മരങ്ങളാണ് മുറിച്ച് കടത്തിയത്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഇവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മറ്റുമുള്ള ആവശ്യവും ശക്തമായിട്ടുണ്ട്. ചില ഉദ്യോഗസ്ഥരിൽ മാത്രം വിഷയമൊതുക്കാനുള്ള ശ്രമം ആദ്യം മുതൽ ശക്തമാണ്. വാക്കാലുള്ള അനുവാദം വാങ്ങിയാണ് തടി ലോഡുകൾ നേര്യമംഗലം റെയ്ഞ്ച് ഓഫീസറുടെ മുന്നിലൂടെയും തലക്കോട് ചെക്ക്പോസ്റ്റ് വഴിയും കടന്നുപോയത്.
വനംവകുപ്പിലെ തന്നെ തമ്മിൽത്തല്ലാണ് അവസാന ഘട്ടത്തിൽ മരംമുറി പുറത്തേക്ക് എത്തിച്ചത്. ആറ് മാസത്തിലധികമായി നടന്നിരുന്ന മരം മുറി ഇതോടെയാണ് ജനം അറിയുന്നത്. പട്ടയഭൂമിയിൽ നിന്നാണ് മരം മുറിയിക്കുന്നതെന്നാണ് മറ്റുള്ളവരെ ഇവർ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇത് ചെക്ക് പോസ്റ്റ് കടത്താൻ ഒരു ലോഡിന് 30,000 രൂപ വരെയായിരുന്നു കൈക്കൂലി.
കാര്യങ്ങൾ പരാതികളൊന്നും ഇല്ലാതെ മുമ്പോട്ട് പോകുന്ന അവസരത്തിൽ സിജി 3 മാസത്തെ പരിശീലനത്തിനായി പോകുന്നത്. പകരം ചർജ്ജ് അർഹതപ്പെട്ടവർക്ക് നൽകാതെ തന്റെ ഇഷ്ടക്കാരനായ ലാലുവിന് നൽകിയതോടെയാണ് പാളയത്തിൽ നിന്ന് ഫോറസ്റ്റ് കൺസർവേറ്റർക്ക് പരാതി പോയത്. എന്നാൽ കൈക്കൂലി പണം തടിവ്യാപാരി തിരികെ ചോദിച്ചതോടെയാണ് മാസങ്ങളായി മൂടി വച്ചിരുന്ന മരംമുറി സംബന്ധിച്ച വിവാദം കത്തിക്കയറിയത്. ഇത് സംബന്ധിച്ച ഫോൺ സംഭാഷണവും മറ്റ് തെളിവുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.