- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വത്തുക്കൾ മുഴുവൻ മക്കൾ കൊണ്ടു പോകുമോയെന്ന ഭയത്താൽ അച്ഛനെ കാണാൻ വരുന്ന മക്കളെ ആട്ടിയിറക്കിയ രണ്ടാംഭാര്യ; മകളുടെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് അലങ്കോലമാക്കിയത് പകയായി; അടിയും പിടിയും പതിവായതോടെ വീടിനുള്ളിൽ രഹസ്യ ക്യാമറ വെച്ച് ആദ്യ ഭാര്യയിലെ മക്കൾ; പേടികുളത്തെ കൊലയിലും ആത്മഹത്യയിലും നിറയുന്നത്
കിളിമാനൂർ: വീട്ടമ്മ മുറിയിൽ ശ്വാസംമുട്ടി മരിച്ച നിലയിലും ഭർത്താവിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കി പൊലീസ്. കുടുംബ കലഹമാണ് പ്രശ്‌നമായത്. കാരേറ്റ് പേടികുളം പവിഴത്തിൽ എസ്.രാജേന്ദ്രൻ (62) , ഭാര്യ ശശികല (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ കലഹത്തെതുടർന്ന്, രാജേന്ദ്രൻ ഭാര്യ ശശികലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്താണെന്ന് പൊലീസ് പറഞ്ഞു. നാലര വർഷം മുൻപാണ് ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന രാജേന്ദ്രൻ ശശികലയെ വിവാഹം കഴിച്ചത്.
ആദ്യ ഭാര്യയുടെ അകാല വിയോഗത്തിൽ വിഷണ്ണനായി കഴിഞ്ഞ രാജേന്ദ്രനെ മക്കൾ കൂടി നിർബന്ധിച്ചാണ് രണ്ടാം വിവാഹത്തിന് രാജേന്ദ്രൻ തയ്യാറായത്. ശശികലയുടെ മൂന്നാമത്തെ വിവാഹമായിരുന്നു. ശശികല രാജേന്ദന്റെ വീട്ടിൽ വന്നതിന് ശേഷം എന്നും കുടുംബത്തിൽ കലഹമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അച്ഛനെ കാണാൻ വരുന്ന മക്കളെ വീട്ടിൽ പോലും കയറ്റിയിരുന്നില്ല. സ്വത്തുക്കൾ മക്കൾ കൊണ്ട് പോകുമെന്ന ഭയം ശശികലയ്ക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. മക്കളെ വീട്ടിൽ കയറ്റാത്തതിനാൽ അതിന്റെ പേരിൽ എന്നും വീട്ടിൽ വഴക്കായിരുന്നു.
റിട്ടയർ ചെയ്ത ശേഷം പകൽ സമയം മുഴുവൻ നഗരൂരിലെ മകളുടെ വീട്ടിലാണ് രാജേന്ദ്രൻ ചെലവിട്ടിരുന്നത്. രാത്രി മാത്രമാണ് തറവാട് വീട്ടിൽ വന്നിരുന്നത്. വീട്ടിൽ വഴക്ക് തുടർകഥയായതോടെ രാജേന്ദ്രന്റെ മക്കൾ വീടിനുള്ളിൽ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞയാഴ്ച രാജേന്ദ്രന്റെ മകളുടെ കുഞ്ഞിന്റെ നൂൽ കെട്ടൽ ചടങ്ങ് ഇവിടെ വെച്ച് നടത്താൻ ശ്രമിച്ചത് ശശികല തടഞ്ഞിരുന്നു. ഇത് തർക്കത്തിലും കുടുംബ കലഹത്തിലുമാണ് കലാശിച്ചത്.
ഇതിന്റെ തുടർ വഴക്കുകൾ വെള്ളിയാഴ്ച നടന്നിരുന്നു. ഇതിനിടയിൽ പ്രകോപിതനായി രാജേന്ദ്രൻ ശശികലയെ വകവരുത്തുകയായിരുന്നു. രാത്രി 11 നായിരുന്നു സംഭവം . സംഭവം നടക്കുമ്പോൾ ഇരുവരും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. തോർത്ത് ചുറ്റി കഴുത്ത് ഞെരിച്ചും, തലയണ കൊണ്ട് ശ്വാസംമുട്ടിച്ചുമാണ് ശശികലയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രാജേന്ദ്രന്റെ, കൊച്ചിയിൽ താമസിക്കുന്ന മകൻ അരുൺരാജ് മൊബൈൽ ഫോണിൽ വീട്ടിലെ സിസിടിവി ലിങ്ക് ചെയ്തതിനാൽ ഇരുവരും തമ്മിൽ തർക്കം നടക്കുന്ന ദൃശ്യം കണ്ട് നാട്ടിലെ സുഹൃത്തിനെ അറിയിക്കുകയായിരുന്നു. സുഹൃത്തും വിവരമറിഞ്ഞ് പൊലീസും എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
ശശികലയ്ക്ക് മക്കളില്ല. രാജേന്ദ്രന്റെ മക്കൾ: ജീവരാജ്, അരുൺരാജ് (കൊച്ചിൻ ഷിപ്പിയാഡ്), ആര്യരാജ്. മരുമക്കൾ: സുലാൽ , നന്ദു ( ഇരുവരും ദുബായ്), ജ്യോതിക. രാജേന്ദ്രന്റെ സംസ്‌കാരം പേടികുളം പവിഴം വീട്ടുവളപ്പിൽ നടന്നു. ശശികലയുടെ മൃതദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം സഹോദരങ്ങൾ ഏറ്റുവാങ്ങി.സംസ്‌കാരം വാവറഅമ്പലത്തെ വീട്ടു വളപ്പിൽ നടന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്