- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ മരിച്ചപ്പോൾ കൂടെ താമസിക്കാൻ എത്തിയ അമ്മയുടെ പെൺസുഹൃത്ത്; നേഴ്സായ അമ്മ ജോലിക്കു പോകുമ്പോൾ 17കാരിയെ പീഡിപ്പിച്ചത് സഹ താമസക്കാരിയും സുഹൃത്തും; വീഡിയോ പകർത്തി ഭീഷണിയും; മുംബൈയിലെ പീഡനം കൊല്ലത്തെ കൗൺസിലിങ് തെളിയിച്ചു; കേസെടുക്കാൻ പൊലീസ്
മുംബൈ: മുംബൈയിൽ നിന്നും ഒരു ഞെട്ടിക്കുന്ന പീഡന വാർത്ത. 17 വയസ്സുള്ള മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഈ പരാതിയിൽ ഉടൻ കേസെടുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.
നേഴ്‌സിന്റെ മകളെ പീഡിപ്പിച്ചെന്നാണ് ആരോപണം. രണ്ടു വർഷം മുൻപ് നടന്ന പീഡനത്തെക്കുറിച്ച് ഏറെനാൾ നീണ്ട കൗൺസലിങ്ങിനൊടുവിലാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്നാണ് പരാതി നൽകിയത്. പന്ത്രണ്ടാം വയസ്സിൽ കുട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടതാണ്. തുടർന്ന്, ഏറെക്കാലമായി പരിചയമുള്ള സുഹൃത്തിന് അമ്മയും മകളും കൂടെ താമസിക്കാൻ അനുവാദം നൽകി,
കുർളയിലെ ഫ്‌ളാറ്റിൽ 2019 മുതൽ 2022 വരെയാണ് അവർ താമസിച്ചത്. ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും അമ്മ ഡ്യൂട്ടിക്ക് പോയ വേളയിൽ മകൾക്ക് മദ്യം നൽകിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഒരിക്കൽ ഇവരിൽ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. കുട്ടിയുടെ നഗ്‌ന ഫോട്ടോകളും വിഡിയോകളും പകർത്തിയ പ്രതികൾ ഇതേക്കുറിച്ച് പുറത്തുപറഞ്ഞാൽ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.
ഇതോടെ കുട്ടി കടുത്ത മാനസികസംഘർഷത്തിലായി. ഇതോടെ ആദ്യം നവിമുംബൈയിലും പിന്നീട് കേരളത്തിലും കൗൺസലിങ്ങിനു കൊണ്ടുപോയി. സംഭവിച്ച കാര്യങ്ങൾ അപ്പോഴാണ് കുട്ടി തുറന്നു പറഞ്ഞതെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു. തുടർന്ന് കൗൺസലിങ് സ്ഥാപനം കേരള പൊലീസിലും ചൈൽഡ്ലൈനിലും വിവരം അറിയിച്ചു.
പീഡനം നടന്നത് മുംബൈയിലായതിനാൽ കുർള പൊലീസ് സ്റ്റേഷനിലേക്ക് കൊല്ലം പൊലീസ് കേസ് കൈമാറി. പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് പൊലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ