മലപ്പുറം: ചെറവല്ലൂരിൽ എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് ആമയം സ്വദേശി നമ്പ്രാണത്തേൽ ഷാഫി(42) മരിച്ച സംഭവം അബദ്ധത്തിൽ ഉണ്ടായതല്ലെന്ന് തെളിഞ്ഞു. പ്രതിയുടെ ഞെട്ടിക്കുന്ന മൊഴിയാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരണ ദിവസം പ്രതി സജീവ് അഹമ്മദും ഷാഫിയും മറ്റു രണ്ട്കൂട്ടുകാരുമായി ഇരിക്കുന്ന സമയത്ത് പലതവണ സജീവ് പൂച്ചയെ വെടിവെച്ചിട്ടും കൊള്ളാതിരുന്നപ്പോൾ ഷാഫി വെടി കൊള്ളാത്തതിനെ കളിയക്കിയിരുന്നു.

ഇതിൽ പ്രകോപിതനായ സജീവ് ഷാഫിക്ക് നേരെ ഉന്നം പിടിച്ച് കാണിച്ച് നിറയൊഴിക്കുകയായിരുന്നെന്ന് പ്രതിയായ സജീവ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. സംഭവസ്ഥലത്ത് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയപ്പോഴും തുടർന്നുള്ള അന്വേഷണത്തിലുമാണ് പ്രതി വെളിപ്പെടുത്തൽ നടത്തിയത്.

വെടി കൊണ്ട സമയം പ്രതിയായ സജീവ് അഹമ്മദും മരണപ്പെട്ട ഷാഫിയും ഇരുന്ന സ്ഥലം അബദ്ധത്തിൽ വെടി കൊള്ളാനുള്ള സാദ്യതകൾ ഏറെ കുറവായിരുന്നു. സാഹചര്യ തെളിവുകളും മൊഴിയിലെ ചില വൈരുധ്യങ്ങളും വ്യക്തമായിരുന്നു.ഈ കാര്യങ്ങൾ തെളിവെടുപ്പിലുടെ അന്വേഷണ സംഘത്തിന് ബോധ്യപ്പെടുകയും പഴുതടച്ചുള്ള അന്വേഷC മികവിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. നാല് മീറ്ററിനുള്ളിൽ വച്ചാണ് വെടി കൊണ്ടിട്ടുള്ളതെന്നും പൊലീസ് വ്യക്തമാക്കി.

ഓഗസ്റ്റ് 29 ന് വൈകീട്ട് ആണ് സജീവ് അഹമ്മദ് കൂട്ടുകാരനായ ഷാഫിയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു അവിടെ വച്ചാണ് ആമയം സ്വദേശി നമ്പ്രാണ ത്തേൽ ഹൈദ്രോസ് കുട്ടിയുടെ മകൻ ഷാഫി (42) വെടിയേറ്റ് മരിക്കുന്നത്. സമീപ വാസിയുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ചിറവല്ലൂർ കടവിലെ സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ നെഞ്ചത്തേക്ക് വെടി കൊണ്ടതായിരുന്നു എന്നായിരുന്നു ആദ്യ വെളിപ്പെടുത്തൽ. കൊലപാതകമാണെന്ന് അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.