- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ കാണാനില്ലെന്ന് അറിഞ്ഞ് ഓടിയെത്തിയ അച്ഛനും അമ്മയും; കിടപ്പു മുറിയിലേക്ക് കയറാതിരിക്കാൻ കരുതൽ എടുത്ത മരുമകൻ; മകളെ സ്വന്തം വീട്ടിലാക്കി പൊലീസിൽ പരാതിയും നൽകി മുങ്ങി വിജേഷ്; അനുമോളെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് വിലയിരുത്തൽ; മൃതദേഹം അഴുകിയത് പഴക്കം മൂലം; പേഴുംകണ്ടത്തെ 'വില്ലൻ' ആത്മഹത്യ ചെയ്‌തോ?
കട്ടപ്പന: കാഞ്ചിയാറിന് സമീപം പേഴുംകണ്ടത്ത് നേഴ്സറി സ്‌കൂൾ അദ്ധ്യാപിക അനുമോൾ( വൽസമ്മ-27)കൊല്ലപ്പെട്ടത് ആയുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിലല്ലന്ന് സൂചന. ശീരത്തിൽ ആഴമേറിയ മുറിവുകളോ രക്തം വാർന്ന ലക്ഷണങ്ങളോ ഇല്ലന്നാണ് അറിയുന്നത്. ശ്വാസം മുട്ടിച്ചാവാം കൊലപ്പെടുത്തിയതെന്ന സംശയവും ഉയർന്നിട്ടുണ്ട്. മൃതദ്ദേഹം അഴുകിയ നിലയിൽ ആയതിനാൽ പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം അറിയാൻ കഴിയു എന്നാണ് പൊലീസ് നിലപാട്. ഇന്നലെ വൈകിട്ടാണ് പേഴുംകണ്ടത്തെ വീട്ടിൽ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ അനുവിന്റെ മൃതദ്ദേഹം വീട്ടുകാർ കണ്ടെത്തിയത്.
ഭർത്താവ് വട്ടമുകളേൽ വിജേഷ് ഒളിവിലാണ്്. മദ്യലഹരിയിൽ വിജേഷ് ഭാര്യയുമായി വഴക്കിടാറുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇന്നലെ രാവിലെ വിജേഷിനെ കാണുമ്പോൾ മുഖത്ത് ചെറിയ മുറിപ്പാടുകൾ കണ്ടെന്ന് നാട്ടുകാരിൽ ചിലർ വെളിപ്പെടുത്തിയതായുള്ള വിവരം പ്രചരിച്ചിരുന്നു. രാത്രിയായതോടെ വിജേഷ് അത്മഹത്യചെയ്തതായുള്ള വിവരവും വ്യാപകമായി പ്രചരിച്ചു. പൊലീസ് വിശദമായ അന്വേഷണം നടത്തി. ആത്മഹത്യ സ്ഥിരീയ്ക്കാവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
കഴിഞ്ഞ ശനിയാഴ്ച മുതൽ അനുമോളെ കാണാതായതായിട്ടാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുള്ളത്. വെള്ളിയാഴ്ച അനുമോൾ ജോലിചെയ്തിരുന്ന സ്‌കൂളിൽ എത്തിയിരുന്നു. സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് അനു വീട്ടിലേയ്ക്ക് മടങ്ങിയത്. വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ ശനിയാഴ്ച മുതൽ കാണാനില്ലെന്ന് ഭർത്താവ് വിജേഷ് അടുപ്പക്കാരോട് വെളിപ്പെടുത്തിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. അനുമോളുടെ മാതാപിതാക്കളോടും വിജേഷ് ഈ വിവരം അറിയിച്ചിരുന്നു.
സന്തോഷവതിയായി കാണപ്പെട്ടിരുന്ന മകൾ ഒരിക്കലും സ്വയം വീട് വിട്ടുപോകാൻ സാധ്യതയില്ലെന്നായിരുന്നു മാതാപിതാക്കളുടെ വിലയിരുത്തൽ. വിവരമറിഞ്ഞ് മാതാപിതാക്കൾ പേഴുംകണ്ടത്തെ വീട്ടിൽ എത്തിയെങ്കിലും ഇവർ കിടപ്പുമുറിയിലേക്ക് കയറാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചിരുന്നു. തുടർന്ന് വിജീഷ് കട്ടപ്പന പൊലീസിൽ അനുമോളെ കാണാനില്ലെന്ന് കാണിച്ച പരാതിയും നൽകി. പിന്നീട് ഒപ്പമുണ്ടായിരുന്ന ഏകമകളെ വിജേഷ് തന്റെ വീട്ടിലെത്തി, മാതാപിതാക്കൾക്ക് കൈമാറിയ ശേഷം മുങ്ങുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് മുതൽ അനുമോളെ മൊബൈലിൽ കിട്ടിയിരുന്നില്ലന്നാണ് വീട്ടുകാർ പറയുന്നത്. എന്നാൽ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്ക് വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിച്ചെന്നും തുടർന്ന് കട്ടായി എന്നും മാതാപിതാക്കൾ വെളിപ്പെടുത്തിയതായിട്ടാണ് സൂചന. ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടിൽ എത്തി.
വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു.പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പിട്ട് എന്തോ മൂടിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.പുതപ്പ് വലിച്ചുമാറ്റാൻ ഒരിമ്പെട്ടപ്പോൾ ഒരു കൈ കണ്ടു. ഇതുകണ്ട് ഇവർ അലറിവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്‌പി വി.എ.നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരുടെയും പരിശോധനയ്ക്കുശേഷമാണ് ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്.
മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായ ഇടുക്കി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തിയെന്നും ഒളിവിൽക്കഴിയുന്ന വിജേഷിനെ പിടികൂടാൻ എല്ലാവഴികളിലും പരിശോധന ഊർജ്ജിതമാക്കിയട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
മറുനാടന്‍ മലയാളി ലേഖകന്.