- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന് മുഖ്യപങ്ക്; ഗൂഢാലോചനയിലും കൃത്യത്തിനുശേഷം പ്രതികളെ ഒളിപ്പിക്കാനും സി.എ. റൗഫ് നേരിട്ട് ഇടപെട്ടു; കേസിൽ ഒളിവിൽ കഴിയുന്നവരെ സംരക്ഷിക്കുന്നതും റൗഫ്; കസ്റ്റഡി സാധ്യത തേടി അന്വേഷണ സംഘം
പാലക്കാട്: ആർഎസ്എസ്. നേതാവ് പാലക്കാട് മൂത്താന്തറ സ്വദേശി എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിന് മുഖ്യപങ്കെന്ന് അന്വേഷണസംഘം. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിലും ആസൂത്രണത്തിലും റൗഫ് അടക്കമുള്ള സംഘടനയുടെ മുതിർന്ന നേതാക്കൾ ഇടപെട്ടെന്ന ആരോപണങ്ങൾക്കിടെയാണ് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം.
ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ തലേന്ന് ഗൂഢാലോചന നടത്തിയതിലും കൃത്യത്തിനുശേഷം പ്രതികളെ ഒളിപ്പിക്കാൻ ആസൂത്രണം നടത്തിയതിലും റൗഫിന് പങ്കുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആദ്യമായാണ് പി.എഫ്.ഐ. സംസ്ഥാനനേതാവിന് പങ്കുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിക്കുന്നത്. ഇത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസികൾക്ക് മുമ്പേ വിവരം കിട്ടിയതായും സൂചനയുണ്ട്. ആർഎസ്എസ്. നേതാക്കളുടെ പട്ടിക തയ്യാറാക്കിയാണ് പി.എഫ്.ഐ. കൊലപാതകങ്ങൾ നടത്തുന്നതെന്ന് സംസ്ഥാനപൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
എൻ.ഐ.എ. കസ്റ്റഡിയിലുള്ള റൗഫിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുമെന്ന് ശ്രീനിവാസൻ കേസിന്റെ അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്പി. എം. അനിൽകുമാർ പറഞ്ഞു. കേസിൽ ഒളിവിൽ കഴിയുന്നവരെ സംരക്ഷിക്കുന്നതിലും റൗഫിന് പങ്കുണ്ടെന്ന് സംശയമുണ്ട്. എൻ.ഐ.എ.യുടെ ചോദ്യംചെയ്യലിനുശേഷം പ്രതിയെ വിട്ടുകിട്ടാനുള്ള സാധ്യതകളും പൊലീസ് തേടും.
കേസിൽ നേരത്തെ കോടതിയിൽ ഹാജരാക്കിയ പട്ടികയിൽ റൗഫിന്റെ പേരും ഉണ്ടായിരുന്നു. എന്നാൽ പോപുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് റൗഫ് കുറച്ച് നാളായി ഒളിവിലായിരുന്നു
ശ്രീനിവാസൻ വധക്കേസിൽ ഇതുവരെ 30 പേരെയാണ് അറസ്റ്റുചെയ്തത്. 44 പേർ പ്രതിപ്പട്ടികയിലുണ്ട്. എസ്.ഡി.പി.ഐ. സംസ്ഥാനകമ്മിറ്റിയംഗം അമീറലിയെ ഇതേ കേസിൽ 26-ന് അറസ്റ്റുചെയ്തിരുന്നു. ഏപ്രിൽ 16-ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തിൽക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.
ഒറ്റപ്പാലത്തെ ബിജെപി. നേതാവിനെ കൊലയാളി സംഘം ലക്ഷ്യംവെച്ചതായും പൊലീസ് വ്യക്തമാക്കിയിരുന്നു. കേസിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാവ് മേപ്പറമ്പ് സ്വദേശി കെ. ബഷീറിനെ (39) ലക്കിടിയിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് മറ്റൊരുനേതാവിനെ ലക്ഷ്യംവെച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തിയത്.
ലക്കിടി കിൻഫ്രാ പാർക്കിന് എതിർവശത്തുള്ള സ്ഥലത്ത് ഇവർ സംഘംചേർന്നിരുന്നതായി പൊലീസിന് സി.സി.ടി.വി. ക്യാമറാദൃശ്യങ്ങളുൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്കിടിയിൽ ബഷീറിനെയെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ശ്രീനിവാസൻ കൊല്ലപ്പെട്ട ഏപ്രിൽ 16-ന് രാവിലെയാണ് കേസിലുൾപ്പെട്ടവർ ഇവിടെ സംഘംചേർന്നത്. അഞ്ച് ബൈക്കുകളിലും ഒരു കാറിലുമായി 13 പേരാണ് ഇവിടെയെത്തിയത്. ഒറ്റപ്പാലത്തെ ബിജെപി. നേതാവിനെ വധിക്കാൻ അവസരംനോക്കി ഇവർ പുലർച്ചെ മൂന്നുമണിമുതൽ വൈകീട്ട് ആറുമണിവരെ കാത്തുനിന്നതായി പൊലീസ് പറയുന്നു. ഇങ്ങനെ കാത്തുനിൽക്കുന്ന ദൃശ്യങ്ങളാണ് കിൻഫ്ര പാർക്കിന് സമീപത്തെ ക്യാമറകളിൽ പതിഞ്ഞിട്ടുള്ളത്.
ഈ ശ്രമം നടക്കാതെവന്നതോടെയാണ് പാലക്കാട്ടേക്കുപോയി ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. രാവിലെ 11 മണിയോടെയാണ് ലക്കിടിയിൽ പ്രതി ബഷീറിനെയുംകൊണ്ട് നർക്കോട്ടിക് സെൽ ഡിവൈ.എസ്പി. കെ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനെത്തിയത്. അറസ്റ്റിലായ പ്രതികൾ തമ്പടിച്ച സ്ഥലവും വാഹനങ്ങൾ നിർത്തിയിട്ടഭാഗങ്ങളും ബഷീർ പൊലീസിനോട് വിശദീകരിച്ചു.
ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുന്ന കാര്യം റൗഫ് അടക്കമുള്ള സംഘടനയുടെ മുതിർന്ന നേതാക്കൾ നേരത്തെ അറിഞ്ഞിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം പട്ടാമ്പിയിലെ വീട്ടിലെത്തിയ റൗഫിനെ എൻഐഎ സംഘം വീട് വളഞ്ഞ് കസ്റ്റഡിയിൽ എടുത്തിരുന്നു. അതേസമയം, ശ്രീനിവാസൻ വധക്കേസ് ഗൂഢാലോചനയിൽ റൗഫിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ കേസിൽ കഴിഞ്ഞ ദിവസം എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീർ അലിയെയും അന്വേഷണ സംഘം പിടികൂടിയിരുന്നു. ആകെ 30 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്.
മറുനാടന് മലയാളി ബ്യൂറോ