- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ടുകാരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ അക്രമിക്കാൻ നീക്കം നടത്തിയ സംഘത്തിന് മലപ്പുറത്തു നിന്നും ഫണ്ടു പോയി; പണം നൽകിയ രണ്ടു പേരെ ചോദ്യം ചെയ്യും; പാറ്റ്നയിലെ മൊഴിയെടുപ്പിന് ശേഷം പ്രതിയാക്കിയേക്കും; മലയാളികൾ അടക്കം ബീഹാറിൽ ആയുധ പരിശീലനത്തിനെത്തിയെന്നും കണ്ടെത്തൽ; എൻഐഎ പിടിമുറുക്കുമ്പോൾ
മലപ്പുറം: പോപ്പുലർഫ്രണ്ടുകാരുടെ നേതൃത്വത്തിൽ ബീഹാറിൽവെച്ച് പ്രധാനമന്ത്രിയെ അക്രമിക്കാൻ നീക്കം നടത്തിയ സംഘത്തിന് മലപ്പുറത്തുനിന്നും ഫണ്ടുപോയതായി എൻ.ഐ.എ റിപ്പോർട്ട്. മലപ്പുറത്തെ രണ്ടുപേരിൽ നിന്നായി സംഘത്തിനു പണം എത്തിയതായും ദേശീയ അന്വേഷണ ഏജൻസി സ്ഥിരീകരിച്ചു. ഇത്തരത്തിൽ പണം അയച്ചുനൽകിയവരോടു എൻ.ഐയുടെ പാറ്റ്ന ഓഫീസിൽ ഹാജരാവാൻ നിർദ്ദേശിച്ചു.
അതേ സമയം ആദ്യഘട്ടത്തിൽ സാമ്പത്തിക സ്രോതസ്സാണ് അന്വേഷണ ഏജൻസി ശേഖരിക്കുന്നത്. തുടർന്നാകും ബീഹാറിലെ ഗൂഢാലോചനാ സംഘത്തിലെ മലയാളികളെ കുറച്ചും അന്വേഷണം നടത്തും. പോപ്പുലർഫ്രണ്ട് പുൽവാരി ശെരീഫ് കേസുമായിബന്ധപ്പെട്ട് കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിലേക്കാണു ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം നീളുന്നത്. കേരളത്തിന് പുറമെ കർണാടകയിലും, ബീഹാറിലുമാണ് അക്രമി സംഘമുള്ളതെന്നാണ് വിവരം. ഇതിനുപുറമെ സംഘത്തെ സഹായിച്ചതായി കരുതുന്ന മറ്റു ചിലരുടെ ഇപാടുകൾ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.
2022 ജൂലായ് 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി രണ്ട് പോപ്പുലർഫ്രണ്ട് പ്രവർത്തകരെയാണ് ഫുൽവാരി ശെരീഫിൽനിന്ന് പിടികൂടിയിരുന്നത്. ഇവർ പ്രധാനമന്ത്രിയെ അപായപ്പെടുത്താൻ പദ്ധതിയിട്ടവരാണെന്നും ഇതിനായി ഗൂഢാലോചന നടത്തിയിരുന്നതായും അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിരുന്നു. തുടർന്നു ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് 2022 ജൂലായ് 22നാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്.
ഫുൽവാരി ശെരീഫ് കേസിൽ ഇതുവരെ 15ഓളം പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണം ലക്ഷ്യമിട്ടും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കായും ബിഹാറിലെ ഫുൽവാരി ശെരീഫിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും നേതാക്കളും സംഘടിച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഇവിടം കേന്ദ്രീകരിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കായി ആയുധ പരിശീലനം അടക്കം നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേരളത്തിൽനിന്നടക്കമുള്ളവർ ഇവിടെ ആയുധ പരിശീലനത്തിന് എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഈകേസുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലെ 25 കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി എൻ.ഐ.എ. റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് ഇന്നലെയും തുടർന്നു. ഇതിൽ കേരളത്തിൽനിന്നും ഈ സംഘത്തിനുപോയ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചാണു എൻ.ഐ.എ സംഘം അന്വേഷിക്കുന്നത്. മലപ്പുറത്തെ നിലമ്പൂരിലും കൊണ്ടോട്ടിക്കടുത്തു മൊറയൂരിലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) യുടെ കേന്ദ്രങ്ങളുമായി ബന്ധം പുലർത്തുന്നുവെന്ന് സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. നിലമ്പൂർ മയ്യന്താനി സ്വദേശി ഉലുവാൻ ഷെബീറിന്റെ വീട്ടിലും പരിശോധന നടത്തി.
പരിശോധന നടത്തിയ വീടുകളിൽനിന്നും ലഭിച്ച വിവിധ ഡോക്യൂമെന്റുകൾ ലഭിച്ചതായും ഇവ ഈകേസന്വേഷിക്കുന്ന സംഘത്തിനു കൈമാറിയതായും കൊച്ചി യൂണിറ്റിലെ എൻ.ഐ.എ സംഘം വ്യക്തമാക്കി. പരിശോധന നടത്തിയ വീടുകളിൽനിന്നും ഡോക്യൂമെന്റ് പിടിച്ചെടുത്തവരോടു എൻ.ഐ.എയുടെ പാറ്റ്ന ഓഫീസിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്