- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്ന് കണ്ടെത്തിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ കേസെടുത്തു; അക്രമം അഴിച്ചുവിടാൻ രഹസ്യയോഗം നടത്താൻ കമൽ വോയ്സ് നോട്ട് അയച്ചെന്ന് യുപി പൊലീസ് വാദം; ഹത്രാസ് കേസിൽ പിഎഫ്ഐ അംഗം കമാൽ കെ.പിയെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു
കൊച്ചി: ഹത്രാസ് കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായ കമാൽ കെ.പിയെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത് സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്നും കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ. മലപ്പുറം സ്വദേശിയാണ് അറസ്റ്റിലായ കമാൽ കെ.പി. കേസിൽ യുഎപിഎ പ്രകാരം അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്ന് കണ്ടെത്തിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് നടപടികൾ.
ഹത്രാസ് സംഭവത്തിനിടെ അക്രമം അഴിച്ചുവിടാൻ രഹസ്യയോഗം നടത്താൻ കമൽ കെ.പി വോയ്സ് നോട്ട് അയച്ചതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്നാണ് വോയ്സ് നോട്ട് കണ്ടെടുത്തത്. അറസ്റ്റിലായ കമാൽ കെ.പിക്ക് ലഖ്നൗവിൽ നിന്നുള്ള മറ്റൊരു പിഎഫ്ഐ അംഗമായ ബദ്റുദ്ദീനുമായും ബന്ധമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഹത്രാസ് ബലാത്സംഗ-കൊലപാതക കേസിലെ മുഖ്യപ്രതികൾക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവും മറ്റ് മൂന്ന് പ്രതികളെ വെറുതെവിട്ടതിന് തൊട്ടുപിന്നാലെയാണ് കമാൽ കെ. പിയുടെ അറസ്റ്റ്. നേരത്തെ ഇയാളെ പിടികൂടുന്നതിന് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2020 സെപ്റ്റംബർ 14 ന് 19 കാരിയായ ദളിത് യുവതിയെ ഗ്രാമത്തിലെ നാല് പുരുഷന്മാർ കൂട്ടബലാത്സംഗം ചെയുകയും, ക്രൂര പീഡനത്തിന് ഇരയായ കുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സയിലിരിക്കെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ മരിക്കുകയും ചെയ്തു.
പിന്നീട് മൃതദേഹം അർദ്ധരാത്രി ഹത്രസിനടുത്തുള്ള ഗ്രാമത്തിൽ സംസ്കരിച്ചു. തങ്ങളുടെ സമ്മതമില്ലാതെയാണ് മകളുടെ സംസ്കാരം യുപി പൊലീസ് നടത്തിയെന്നും മൃതദേഹം അവസാനമായി വീട്ടിലേക്ക് കൊണ്ടുവരാൻ പോലും അനുവദിച്ചില്ലെന്നും ഇരയുടെ കുടുംബം ആരോപിച്ചിച്ചു. പിന്നീട് വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറി. അക്രമത്തിന് പ്രേരിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം ഹത്രാസ് കൂട്ടബലാത്സംഗ- കൊലപാതക കേസിൽ മുഖ്യപ്രതി മാത്രം കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കേസിലെ മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. ഉത്തർപ്രദേശിലെ എസ്.സി/എസ്.ടി. പ്രത്യേക കോടതിയാണ് വ്യാഴാഴ്ച കേസിൽ വിധി പറഞ്ഞത്. കേസിൽ മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂറിനെ മാത്രമാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റകരമായ നരഹത്യാക്കുറ്റം മാത്രമാണ് ഇയാൾക്കെതിരേ കോടതിയിൽ തെളിയിക്കാനായത്. കേസിലെ മറ്റുപ്രതികളായ രവി, ലവ്കുഷ, രാമു എന്നിവരാണ് കുറ്റവിമുക്തരായവർ. രാമു സന്ദീപിന്റെ ബന്ധുവും മറ്റുള്ളവർ സന്ദീപിന്റെ സുഹൃത്തുക്കളുമാണ്.
അതേസമയം, കോടതി വിധിയിൽ തൃപ്തരല്ലെന്നായിരുന്നു പെൺകുട്ടിയുടെ കുടുംബത്തിന്റെ പ്രതികരണം. വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും കുടുംബം പ്രതികരിച്ചു.