കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ മുൻ സീനിയർ ഗവ പ്ലീഡർ പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങിയാൽ ജാമ്യാപേക്ഷയിൽ വൈകാതെ തീരൂമാനമെടുക്കണമെന്നും കോടതി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മുൻജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 10 ദിവസത്തിനകം അന്വേഷണ ഉദ്യോ?ഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പൊലീസിന്റെ കേസ് ഡയറിയും മറ്റും പരിശോധിച്ച സാഹചര്യത്തിൽ പിജി മനുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് മനസ്സിലാകുന്നത് എന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ മുൻ പ്ലീഡറാണ് പ്രതിയെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കപ്പെടാൻ ഇടയുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.

പീഡനക്കേസിൽ ഇരയായ യുവതിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് സർക്കാർ മുൻ പ്ലീഡർ മനുവിനെതിരായ കേസ്. ബലാത്സംഗക്കുറ്റത്തോടൊപ്പം ഐടി ആക്ടും ചുമത്തിയിരുന്നു. എന്നാൽ തനിക്കെതിരായ ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് മനു ആരോപിക്കുന്നത്. തൊഴിൽ മേഖലയിലെ ശത്രുക്കളാണ് പരാതിക്ക് പിന്നിലുള്ളതെന്നും മനു ആരോപിക്കുന്നു. ഇതൊന്നും ജാമ്യ ഹർജിയിലെ ഹൈക്കോടതി വിധിയിൽ പ്രതിഫലിക്കുന്നില്ല. ഇതോടെ മനുവിന് കീഴടങ്ങേണ്ട സ്ഥിതിയും ഉണ്ടായി.

മുമ്പ് പീഡനത്തിനിരയായ യുവതി ഈ കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് തന്നെ സമീപിച്ചതെന്നും പരാതിക്കാരി ആരോപിക്കുന്ന കുറ്റകൃത്യം തന്നിൽ നിന്നുണ്ടായിട്ടില്ലെന്നുമായിരുന്നു മുൻകൂർജാമ്യ ഹരജിയിൽ മനുവിന്റെ വാദം. ജോലി സംബന്ധമായ ശത്രുതയെ തുടർന്ന് തന്റെ അന്തസ്സും സൽപേരും തകർക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി യുവതി നൽകിയ വ്യാജ പരാതിയാണിതെന്നും പറയുന്നു.

ഇരയായ യുവതിയെ കോടതി കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. നിയമ സഹായത്തിനായി അഭിഭാഷകനെ സമീപിച്ച തന്നെ അധികാരം ദുരുപയോഗം ചെയ്തും തന്റെ സമ്മതമില്ലാതെയും പീഡനത്തിനിരയാക്കിയെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് ഹരജിയിലെ ആവശ്യം. ഇയാൾ പല തവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും രണ്ടു തവണ ബലാത്സംഗം ചെയ്‌തെന്നും ഹരജിയിൽ യുവതി ആരോപിക്കുന്നു.

സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജഡ്ജി പാനലിൽ ഉൾപ്പെടാൻ സാധ്യതയുള്ളയാളാണ് താനെന്നും പരാതി പിൻവലിക്കണമെന്നും സഹോദരനെ ഫോണിൽ വിളിച്ച് ഇയാൾ അഭ്യർത്ഥിച്ചു. ഇതിന്റെ ശബ്ദരേഖയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പരിശോധന നടത്തിയ ഡോക്ടറുടെ ഭാഗത്തു നിന്നും അപമാനമുണ്ടായി. മാനസികമായി തകർന്ന അവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടിയും വന്നു.

ബലം പ്രയോഗിച്ചെടുത്ത നഗ്‌നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രതി പ്രചരിപ്പിക്കാൻ സാധ്യതയുണ്ട്. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ഈ സാഹചര്യത്തിൽ ഹരജിയിൽ കക്ഷിചേർക്കണമെന്നും പ്രതിയുടെ ഫോണടക്കം സാമഗ്രികൾ പിടിച്ചെടുക്കണമെന്നും യുവതി ആവശ്യപ്പെടുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ പദവിയിൽ നിന്ന് പി.ജി. മനുവിനെ പുറത്താക്കിയിരുന്നു.