മലപ്പുറം: കാലിക്കറ്റ് സർവകലാശാല കാമ്പസിലെ നീന്തൽകുളത്തിൽ, പി.ജി വിദ്യാർത്ഥി മുങ്ങിമരിച്ച സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് സർവകലാശാല ഉത്തരവിട്ടു. സുരക്ഷാവീഴ്ചയുണ്ടായെന്ന ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.

വിദ്യാർത്ഥികൾ അനധികൃതമായി സ്വിമ്മിങ് പൂളിൽ പ്രവേശിക്കാനുണ്ടായ സാഹചര്യം പരിശോധിക്കുന്നതും സുരക്ഷാവിഭാഗം ഓഫിസർ, ഹോസ്റ്റൽ വാർഡൻ തുടങ്ങിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുന്നതുമുൾപ്പെടെയുള്ള നടപടികളുണ്ടാകും. സഹപാഠികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരം ശേഖരിക്കും.
കാമ്പസിൽ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം വലിയ സ്‌ക്രീൻ സജ്ജീകരിച്ച് കാണാൻ ഔദ്യോഗികമായി അനുമതി നൽകിയിരുന്നോ എന്നതിലും ഫുട്ബോൾ മത്സരത്തിന്റെ പേരിൽ അർധരാത്രിയിലും പുലർച്ചെയുമെല്ലാം കാമ്പസിൽ സജീവമാകാൻ തടസ്സങ്ങളില്ലാതിരുന്നതെന്താണെന്നത് സംബന്ധിച്ചും അവ്യക്തത നിലനിൽക്കെയാണ് അന്വേഷണം.

കാമ്പസിലെ പ്രധാന സ്ഥലങ്ങളിലൊന്നും സി.സി.ടി.വി കാമറകളില്ലാത്തതിനാൽ സ്വിമ്മിങ് പൂളിൽ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് തെളിവുകൾ ലഭ്യമായിട്ടില്ല. ഞായറാഴ്ച രാത്രിയിൽ കാമ്പസിൽ സംഭവിച്ച മറ്റ് കാര്യങ്ങളെക്കുറിച്ചും ആർക്കും വ്യക്തമായി ഒന്നും പറയാനാകാത്ത സ്ഥിതിയാണ്. മരിച്ച ഷഹാന്റെ ബന്ധു ഷമീം അക്തർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്.

പുരുഷ ഹോസ്റ്റലിലെ ബാത്ത് ടബ്ബിൽ മലിനമായ വെള്ളമായതിനാലാണ് സ്വിമ്മിങ് പൂളിൽ കുളിക്കാൻ പോകേണ്ടി വന്നതെന്നാണ് ഷഹാന്റെ സുഹൃത്തുക്കളുടെ വിശദീകരണം. ഹോസ്റ്റലിലെ ജലവിതരണ സംവിധാനത്തിലെ തകരാർ കാരണമാണ് ജലം മലിനമായതെന്നും പറയപ്പെടുന്നു. വിദ്യാർത്ഥികൾക്കിടയിൽ പ്രിയപ്പെട്ടവനായ ഷഹാൻ കാമ്പസിൽ എത്തിയിട്ട് രണ്ട് വർഷമായി.

സഹപാഠിയുടെ ദാരുണ മരണത്തിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കളും സഹപാഠികളും. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അനുശോചിച്ചു. പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, ഡോ. ആന്റണി ജോസഫ്, കോഴ്സ് ഡയറക്ടർ ഡോ. ബിജു മാത്യു, ഹോസ്റ്റൽ വാർഡൻ ഡോ. ബിനു രാമചന്ദ്രൻ തുടങ്ങിയവർ വിദ്യാർത്ഥിയുടെ ബന്ധുക്കളെ സന്ദർശിച്ച് അനുശോചനമറിയിച്ചു.

അതേ സമയം മരിച്ച മലപ്പുറത്തെ പി.ജി വിദ്യാർത്ഥിയുടെ കണ്ണ് മെഡിക്കൽ കോളജിന് ദാനം ചെയ്ത് കുടുംബം രംഗത്തുവന്നു. സർവകലാശാല ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് രണ്ടാം വർഷ വിദ്യാർത്ഥിയും എടവണ്ണ കല്ലിടുമ്പ് സ്വദേശിയുമായ ഹൈക്കു വീട്ടിൽ അബ്ദുള്ളക്കുട്ടിയുടെ മകൻ ഷഹാൻ (23) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി തേഞ്ഞിപ്പലം പൊലിസ് പറഞ്ഞിരുന്നു.