മലപ്പുറം: ഫിനോമിനൽ ഹെൽത്ത് കെയറിന്റെ പേരിൽ മലയാളികളുടെ 150 കോടിയോളം രൂപ തട്ടിച്ച കേസിൽ പ്രധാനിയെ പെരിന്തൽമണ്ണയിൽ തെളിവെടുപ്പിനെത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ മാത്രം 114 കേസുകളാണ് നിലവിലുള്ളത്. മലയാളികൾക്ക് നഷ്ടപ്പെട്ടത് 150 കോടിയോളം രൂപയാണ്. പ്രധാനിയെ പെരിന്തൽമണ്ണയിൽ തെളിവെടുപ്പിനെത്തിച്ചു.

ഈമാസം മൂന്നിന് കോയമ്പത്തൂർ ധർമപുരിയിൽ നിന്നും ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത തൃശൂർ കൊരട്ടി തവലക്കാടൻ കെ.ഒ. റാഫേലിനെയാണ് തെളിവെടുപ്പിനെത്തിച്ചത്. കോഴിക്കോട് ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്(മൂന്ന്) ഡിവൈ.എസ്‌പി. എം. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ തൃശൂരിൽ നിന്നും പെരിന്തൽമണ്ണ ഡിവൈ.എസ്‌പി. ഓഫീസിലെത്തിച്ചത്. പണം നഷ്ടപ്പെട്ടതായി പരാതി നൽകിയിരുന്നവരെയും തെളിവെടുപ്പിന് വിളിച്ചുവരുത്തിയിരുന്നു.

വനിതകളടക്കം മുപ്പതോളം പേർ പണം തിരികെ ലഭിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും പൊലീസ് സംഘത്തിന് അഭിവാദ്യമർപ്പിക്കുകയും ചെയ്തു.
പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ മാത്രം 35 കേസുകളാണ് കമ്പനിക്കെതിരെയുള്ളത്. മേലാറ്റൂരിൽ മൂന്നെണ്ണവുമടക്കം സംസ്ഥാനത്താകെ 114 കേസുകളുമാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ളത്. സംസ്ഥാനത്താകെ 150 കോടിയോളം രൂപ നഷ്ടപ്പെട്ടതായാണ് പരാതികൾ. ഇതിൽ 107 കോടി രൂപയോളം നിക്ഷേപിച്ചത് പെരിന്തൽമണ്ണയിൽ നിന്ന് മാത്രമാണെന്ന് അന്വേഷണം സംഘം പറഞ്ഞു.

2005-ൽ പെരിന്തൽമണ്ണയിൽ തുടങ്ങിയ ഓഫീസ് 2017-ലാണ് നിക്ഷേപം തിരിച്ചുകൊടുക്കാനാവാത്തതിനെ തുടർന്ന് പ്രവർത്തനം നിർത്തിയത്. കമ്പനിയുടെ മേധാവി നേപ്പാൾ സ്വദേശിയും മുംബൈയിൽ താമസക്കാരനുമായിരുന്ന എൻ.കെ. സിങ്ങിനെ കഴിഞ്ഞവർഷം ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു. തുടർന്നാണ് ഒളിവിലായിരുന്ന റാഫേലിനെ പിടികൂടിയത്. മലയാളി ഹെൽത്ത് കെയർ എന്ന പേരിലുണ്ടാക്കിയ കമ്പനിയുടെ ഡയറക്ടറുമായിരുന്നു റാഫേൽ. നിക്ഷേപിച്ച തുക ഒൻപതുവർഷത്തിനുശേഷം ഇരട്ടിയായി തിരികെ നൽകുമെന്നും അതുവരെ ഇൻഷുറൻസ് പരിരക്ഷയും വാഗ്ദാനം ചെയ്താണ് പണം സ്വരൂപിച്ചിരുന്നത്. വനിതകളടക്കമുള്ളവരെ ഏജന്റുമാരാക്കിയിരുന്നു.

നിക്ഷേപകർ പലരും ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് സെറ്റിൽമെന്റ് കമ്മീഷനും കോടതിയുടെ നിർദ്ദേശപ്രകാരം രൂപവത്കരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് സംഘത്തിൽ എസ്‌ഐ. വി.പി. ഗിരീഷ്‌കുമാർ, എഎസ്ഐ. മാരായ ഷാജി, സുരേഷ് ബാബു, സി.പി.ഒ. ബെൻസി എന്നിവരാണുണ്ടായിരുന്നത്.