കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം അതിവേഗത്തിൽ നടത്തും. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം. എക്‌സാലോജിക് കമ്പനിയുടെ ധനസ്രോതസ്സുമായി ബന്ധപ്പെട്ടാണ് കരിമണൽ കമ്പനിയായ സിഎംആർഎലിന്റെ ആലുവയിലുള്ള കോർപറേറ്റ് ഓഫിസിൽ റെയ്ഡ് നടക്കുന്നത്. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന റെയ്ഡിൽ ഇ.ഡി സംഘവും ഉണ്ട്. താമസിയാതെ അന്വേഷണം അടുത്ത തലത്തിലേക്ക് കടക്കും. ഇഡിയുടെ സാന്നിധ്യം റെയ്ഡിന് പുതിയ മാനം നൽകുന്നുണ്ട്.

ഇടപാടുകളിൽ കള്ളക്കളി കണ്ടെത്തിയാൽ ഇഡിയും കേസെടുക്കും. ഇതോടെ പ്രതികളാകുന്നവരെല്ലാം അറസ്റ്റിലാകാനും സാധ്യതയുണ്ട്. അറസ്റ്റ് ചെയ്താലും ജാമ്യം കിട്ടില്ലെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ പ്രാഥമിക ഘട്ടത്തിൽ ശേഖരിക്കാനാണ് ശ്രമം. എസ്എഫ്‌ഐഒ ഡപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 9 മുതൽ റെയ്ഡ് നടത്തുന്നത്. മകൾ കമ്പനി തുടങ്ങിയത് എന്റെ ഭാര്യയായ അവളുടെ അമ്മ നൽകിയ പണം ഉപയോഗിച്ചാണെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ച് അധിക ദിവസമാകും മുൻപാണ് എസ്എഫ്‌ഐഒ റെയ്ഡിന് എത്തിയത്. ഈ സാഹചര്യത്തിൽ വീണാ വിജയന്റെ നിക്ഷേപ സ്രോതസ്സിലേക്ക് ഇഡി പരിശോധന നടത്തും. ബാങ്ക് അക്കൗണ്ടുകളെല്ലാം നിരീക്ഷിക്കും. പിണറായി പറഞ്ഞതു പോലൊരു സാമ്പത്തിക ഇടപെടൽ നടത്തിയോ എന്നാകും പരിശോധിക്കുക.

അതിനിടെ എക്‌സാലോജിക്കിലേക്ക് മാത്രം അന്വേഷണം ഒതുങങില്ല. സിഎംആർഎലിൽ നിന്ന് പണം വാങ്ങിയ വിവിധ പാർട്ടികളുടെ ഉന്നത രാഷ്ട്രീയ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ പരിധിയിലേക്കു വരുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സിഎംആർഎൽ ഇവർക്കു നൽകിയ പണത്തിന്റെ നികുതി അടച്ച് സെറ്റിൽമെന്റ് ചെയ്‌തെങ്കിലും, പണം വാങ്ങിയവർ ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടി വരുമെന്നാണ് വിവരം. ഇവരെ എല്ലാം ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനെ സൂചിപ്പിക്കുന്ന പിവിയിലേക്കും അന്വേഷണം എത്തും. ഇതിനൊപ്പം രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളേയും ചോദ്യം ചെയ്യും.

ജനുവരി 31നാണ് എക്‌സാലോജിക് കമ്പനിക്കെതിരായ അന്വേഷണം എസ്എഫ്‌ഐഒയ്ക്ക് വിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എക്‌സാലോജിക്, സിഎംആർഎൽ, സിഎംആർഎലിൽ ഓഹരി പങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം. വീണയുടെ കമ്പനിക്ക് 1.72 കോടി രൂപ കൈമാറിയത് ഐടി, മാനേജ്‌മെന്റ് അധിഷ്ഠിത സേവനങ്ങളുടെ പ്രതിഫലമായാണ് എന്നാണ് സിഎംആർഎൽ രജിസ്റ്റ്രാർ ഓഫ് കമ്പനീസിൽ അറിയിച്ചിരുന്നത്. എന്നാൽ ഒരു സേവനവും ലഭ്യമാകാതെ തന്നെ എക്‌സാലോജികിന് സിഎംആർഎൽ വൻതുക കൈമാറി എന്നായിരുന്നു ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ.

തുടക്കത്തിൽ കോർപറേറ്റ്കാര്യ മന്ത്രാലയത്തിലെ മൂന്നംഗ സംഘത്തിന്റെ അന്വേഷണമാണ് നടന്നിരുന്നത്. എന്നാൽ ഇതിന് കമ്പനിയുെട പ്രവർത്തനത്തെ കുറിച്ച് മാത്രമാണ് അന്വേഷിക്കാൻ അധികാരമുള്ളത്. തുടർന്ന് അന്വേഷണം വിപുലമായ അധികാരങ്ങളുള്ള എസ്എഫ്‌ഐഒയെ ഏൽപ്പിക്കണമെന്ന ആവശ്യം ശക്തമായി. ബിജെപി നേതാവ് ഷോൺ ജോർജ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ കോടതിക്കു പറ്റില്ലെന്നും പകരം കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്നും കാണിച്ച് ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരുന്നു. ഈ കേസ് 12ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത്.

മുഖ്യ മന്ത്രിയുടെ മകൾ വീണ തൈക്കണ്ടിയിൽ മാത്രമായിരുന്നു എക്സാലോജിക്കിലെ ഡയറക്ടർ. ഐടി കമ്പനിയുടെ രജിസ്‌ട്രേഷന് രജിസ്ട്രാർക്ക് നൽകിയിരിക്കുന്ന വിലാസം വീണാ തൈക്കണ്ടിയിൽ, പിണറായി വിജയന്റെ മകൾ, എകെജി സെന്റർ, പാളയം എന്നാണ്. സിപി എം ബന്ധങ്ങൾ ഐടി വ്യവസായത്തിൽ പ്രയോജനപ്പെടുത്തുകയെന്ന ദുരുദ്ദേശ്യത്തോടെ പാർട്ടി കേരള ആസ്ഥാനമായ എകെജി സെന്റർ വിലാസം ഉൾപ്പെടുത്തുകയായിരുന്നെന്നാണ് ഇതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണം. ആരംഭം കുറിച്ച 2014ലെ സാമ്പത്തിക നഷ്ടത്തിൽ നിന്ന് പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ എക്‌സലോജിക് കമ്പനി അസാധാരണ ലാഭത്തിലേക്ക് കുതിച്ച് ഉയരുകയായിരുന്നു.

രാഷ്ട്രീയ അഴിമതി ആരോപണം ഉയരുന്നതിനാൽ മുഖ്യമന്ത്രിയുടെ മകൾ ഡയറക്ടറും, ഭാര്യ നോമിനിയുമായുള്ള കമ്പനിയുടെ പ്രവർത്തനങ്ങളെ പൂർണമായും സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ് എകെജി സെന്റർ വിലാസം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് താമസിക്കാൻ എകെജി സെന്ററിന് തൊട്ടടുത്ത് അപ്പാർട്ട്‌മെന്റ് ഉണ്ട്. എന്നാൽ ഈ അപ്പാർട്ട്‌മെന്റിന്റെ വിലാസം നൽകാതെ സിപിഎം ആസ്ഥാനത്തിന്റെ വിലാസം നൽകിയത് ദുരൂഹമാണെന്നാണ് ഉയരുന്ന ആരോപണം. വീണ വിജയനും വീണയുടെ ഐ ടി കമ്പനിയായ എക്‌സാലോജിക്കുമെതിരായ സാമ്പത്തിക കേസ് അന്വേഷണത്തിൽമാറ്റം. എക്‌സാലോജിക്കിനെതിരായ നിലവിലെ ആർ ഒ സി അന്വേഷണം എസ് എഫ് ഐ ഒക്ക് കൈമാറിയത് ദിവസങ്ങൾക്ക് മുമ്പാണ്. കോർപറേറ്റ് മന്ത്രാലയമാണ് എക്‌സാലോജിക്കിനെതാരിയ കേസ് സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറിയ പുതിയ ഉത്തരവിറക്കിയത്.

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങളാണ് എസ് എഫ് ഐ ഒ അന്വേഷിക്കുക. വീണ വിജയന് കൂടുതൽ കുരുക്കാകുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വലിയ സാമ്പത്തിക കുറ്റങ്ങൾ അന്വേഷണങ്ങളാണ് എസ് എഫ് ഐ ഒക്ക് സാധാരണ ഗതിയിൽ കോർപ്പറേറ്റ് മന്ത്രാലയം നൽകാറുള്ളത്. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണമാണ് എസ് എഫ് ഐ ഒ നടത്തുക. എക്‌സാലോജിക്കിന് എതിരായ എസ് എഫ് ഐ ഒ അന്വേഷണ പരിധിയിൽ കെ എസ് ഐ ഡി സിയും ഉൾപ്പെടുമെന്നതാണ് മറ്റൊരു കാര്യം. എക്‌സാലോജിക്ക് - സി എം ആർ എൽ ഇടപാട് അന്വേഷണവും എസ് എഫ് ഐ ഒയുടെ പരിധിയിലായിരിക്കും.