കൊച്ചി: പിറവത്ത് ഭാര്യയെയും മക്കളെയും വെട്ടിയശേഷം ഭർത്താവ് ജീവനൊടുക്കിയതിന് കാരണം കുടുംബപ്രശ്‌നങ്ങൾ. വെട്ടേറ്റ ഭാര്യ മരിച്ചു. പരിക്കേറ്റ രണ്ടുമക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടുകൊണ്ട പെൺകുട്ടികൾ അയൽവാസികളെ ഫോണിൽ വിളിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. കക്കാട് സ്വദേശി തറമറ്റത്തിൽ ബേബിയാണ് (58) ഭാര്യ സ്മിതയെ(46) വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.

ബേബിയുടെ ആക്രമണത്തിൽ രണ്ടുമക്കൾക്കും പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റനിലയിൽ കണ്ടെത്തിയ രണ്ടുമക്കളും ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമാണ്. ഒരാൾ അതീവ ഗുരുതരാവസ്ഥയിലും. ബേബി മുൻപ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുടുംബ പ്രശ്‌നമാണ് കാരണമെന്ന് പൊലീസ് വിശദീകരിക്കുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം വ്യക്തമല്ല.

ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമികവിവരം. ഭാര്യ സ്മിതയെയും രണ്ടുപെൺമക്കളെയും വെട്ടിപരിക്കേൽപ്പിച്ച ശേഷം ബേബി കിടപ്പുമുറിയിലെത്തി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് വീടിന്റെ ഭിത്തിയിൽ ബേബി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുടുംബവഴക്കാണ് കാരണമായതെന്നാണ് ഭിത്തിയിൽ എഴുതിവെച്ചിരുന്നത്.

18 ഉം 21ഉം വയസ്സുള്ള പെൺമക്കൾ നഴ്‌സിങ് വിദ്യാർത്ഥികളാണ്. പരിക്കേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പിന്നാലെ ചിലരെ പെൺകുട്ടികൾ വിളിച്ചു. ഓടിയെത്തിയ നാട്ടുകാരാണ് ദാരുണമായ കാഴ്ച കാണുന്നത്. ഉടനെ മക്കളെ ആശുപത്രിയിലെത്തിച്ചു. സ്മിത അപ്പോഴേക്കും മരിച്ചിരുന്നു.

പിറവം പൊലീസ് സഥലത്തെത്തി ഇൻക്സ്റ്റ് നടപടികൾ എടുത്തു. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ചികിൽസയിലുള്ള പെൺകുട്ടികളുടെ മൊഴി നിർണ്ണായകമാകും. സംശയ രോഗം അടക്കം ബേബിക്കുണ്ടായിരുന്നുവെന്ന് സൂചനകളുണ്ട്.