- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുട്ടികളും ആത്മഹത്യയ്ക്ക് ശ്രമിച്ചു; കക്കാട്ടെ വീട്ടിൽ സംഭവിച്ചത്
പിറവം: ആ വീട്ടിൽ എന്താണ് സംഭവിച്ചത് എന്നതിൽ ഇനിയും ആർക്കും വ്യക്തതയില്ല. പിറവം കക്കാട്ടിൽ ഭാര്യയെ കഴുത്തറത്തുകൊന്ന് ഭർത്താവ് തൂങ്ങിമരിച്ചു സംഭവത്തിൽ ഇപ്പോഴും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നഴ്സിങ്ങിന് പഠിക്കുന്ന രണ്ട് പെൺമക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടു. അച്ഛന്റെ മനസ്സ് തകർന്ന് പെൺകുട്ടികൾ ആത്മഹത്യയ്ക്കും ശ്രമിച്ചു. പക്ഷേ അത് വിജയിച്ചില്ലെന്നാണ് സൂചന.
കക്കാട് നെടിയാനിക്കുഴി ഭാഗത്ത് തറമറ്റത്തിൽ ബേബി വർഗീസ് (58), ഭാര്യ സ്മിത ബേബി (47) എന്നിവരാണ് മരിച്ചത്. മൂത്തമകൾ ഫെബ സൂസൻ ബേബിക്ക് (21) കഴുത്തിലും ഇളയമകൾ അന്ന സാറ ബേബിക്ക് (18) വലത് കൈമുട്ടിലും ഇടത് ചൂണ്ടുവിരലിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റു. ഇരുവരും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകട നില തരണം ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മക്കളുടെ മുറിയിലെത്തിയ ബേബി അവരെ വിളിച്ചുണർത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പ്രഥമവിവരമെന്ന് പുത്തൻകുരിശ് ഡിവൈ.എസ്‌പി. ടി.ബി. വിജയൻ പറഞ്ഞു.
അമ്മയെ ഞാൻ കൊന്നു, നമുക്കെല്ലാവർക്കും മരിക്കാം എന്ന് പറഞ്ഞ ബേബി മൂത്തമകളുടെ കഴുത്തിൽ കത്തിവെയ്ക്കുകയായിരുന്നു. ഞെട്ടിയുണർന്ന ഫെബയും അനിയത്തി സാറയും തട്ടിമാറ്റി അമ്മയുടെ മുറിയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ ബേബി അവിടെ വെച്ച് കുട്ടികളെ വെട്ടി. എല്ലാവരും കൂടി മരിക്കാമെന്ന് പറഞ്ഞ് ബേബി കുട്ടികളുടെ ദേഹത്തും മുറിയിലും മണ്ണെണ്ണയൊഴിച്ചുവെങ്കിലും തീ കൊളുത്തുംമുൻപേ കുട്ടികൾ ഓടി മുകളിലത്തെ മുറിയിൽ കയറി വാതിലടച്ചു. അതുകൊണ്ട് തന്നെ തീ കത്തിക്കൽ നടന്നില്ല.
കുട്ടികൾ രണ്ടുപേരും മരിക്കാൻ ശ്രമിച്ചതായും അന്നയുടെ ഇടത് കൈത്തണ്ടയിലെ മുറിവ് സ്വയം മുറിച്ചതാണെന്നും പൊലീസ് പറഞ്ഞു. പിന്നീട് അളവിൽ കൂടുതൽ ഗുളിക കഴിച്ച് ഉറങ്ങിപ്പോയ കുട്ടികൾ നേരം പുലർന്ന് എട്ടരയോടെയാണ് ഉണർന്നത്. ഇവർ തൊട്ടടുത്ത വീട്ടിൽ ഫോണിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് നാടിനെ നടുക്കിയ ദുരന്തം പുറത്ത് അറിയുന്നത്.
ഞായറാഴ്ച പുലർച്ചേ നാലേമുക്കാലോടെയാണ് സംഭവം. ജെ.എംപി. ആശുപത്രി ഭാഗത്തുനിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലാണ് ഇവരുടെ വീട്. മുൻ ഭാഗത്തെ കിടപ്പുമുറിയിൽ തറയിലായിരുന്നു സ്മിതയുടെ മൃതദേഹം. നിലത്ത് രക്തം തളംകെട്ടി കിടന്നിരുന്നു. പിൻഭാഗത്തെ കിടപ്പുമുറിയിലാണ് ബേബിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡൈനിങ് ഹാളിന്റെ ഭിത്തിയിൽ 'തന്നെ എല്ലാവരും ഒറ്റപ്പെടുത്തിയെന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാൽ താൻ നീതി നടപ്പാക്കുകയാണെന്നും' മറ്റും എഴുതിവെച്ചിട്ടുണ്ട്. വിവാഹത്തിന് മുൻപ് കുറച്ചുനാൾ അമേരിക്കയിലായിരുന്ന ബേബി പണമിടപാടുകൾ നടത്തിയിരുന്നതായി വിവരമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഫെബയുടെയും അന്നയുടെയും ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. പിറവം ജെ.എംപി. ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായാണ് ഇവരെ മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചത്. ഇരുവരുടെയും പ്ലാസ്റ്റിക് സർജറി തിങ്കളാഴ്ച രാവിലെ നടക്കും.