പിറവം: പുതുവത്സര തലേന്ന് പിറവംകാർ ഉണർന്നത് ഞെട്ടിക്കുന്ന വാർത്ത കേട്ടുകൊണ്ടാണ്. ഭാര്യയെയും മക്കളെയും വെട്ടിയശേഷം ഭർത്താവ് ജീവനൊടുക്കി. വെട്ടേറ്റ ഭാര്യ മരിച്ചു. പരിക്കേറ്റ രണ്ടുമക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടുകൊണ്ട പെൺകുട്ടികൾ അയൽവാസികളെ ഫോണിൽ വിളിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. കക്കാട് സ്വദേശി തറമറ്റത്തിൽ ബേബിയാണ് (58) ഭാര്യ സ്മിതയെ(46) വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.

വീട്ടിലെ ഹാളിലും കിടപ്പുമുറിയിലും രക്തം കട്ടപിടിച്ച് കിടക്കുന്നനിലയിലാണ്. അതിനിടെ, ഹാളിലെ ഭിത്തിയിൽ ബേബി എഴുതിയതെന്ന് കരുതുന്ന ചില കുറിപ്പുകളുണ്ട്. പുതുവത്സരാംസകളും ഭിത്തിയിൽ എഴുതിയിരുന്നു. ഇതിനുപുറമേയാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതുന്ന നിരവധി കാരണങ്ങളും ഭിത്തിയിൽ എഴുതിയിട്ടിരുന്നത്. ഇതിനൊപ്പം ഫോട്ടോ അടങ്ങിയ ഒരുകവറും ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൃത്യത്തിന് കാരണമായതെന്നാണ് പ്രാഥമികസൂചന. സംഭവത്തിൽ പിറവം ഇൻസ്പെക്ടർ ഡി.എസ്.ഇന്ദ്രരാജിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഞായറാഴ്ച പുലർച്ച അഞ്ചുമണിയോടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമികവിവരം. ഭാര്യയെയും രണ്ടുപെൺമക്കളെയും വെട്ടിപരിക്കേൽപ്പിച്ച ശേഷം ബേബി മറ്റൊരു മുറിയിൽ കയറി ജീവനൊടുക്കുകയായിരുന്നു. വെട്ടേറ്റ പെൺകുട്ടികൾ മുകളിലത്തെ നിലയിലെ മുറിയിൽ ഓടിക്കയറി വാതിലടച്ചതാണ് രക്ഷയായത്. വെട്ടേറ്റ കുട്ടികളെ ആദ്യം പിറവത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കിടപ്പുമുറിയിൽ നിലത്തുകിടക്കുന്ന നിലയിലാണ് സ്മിതയുടെ മൃതദേഹം കണ്ടെത്തിയത്. വെട്ടാൻ ഉപയോഗിച്ച വാക്കത്തിയും മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു. മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളും മുറിയിലുണ്ട്. വെട്ടേറ്റനിലയിൽ കണ്ടെത്തിയ രണ്ടുമക്കളും ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമാണ്. ഒരാൾ അതീവ ഗുരുതരാവസ്ഥയിലും. ബേബി മുൻപ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

18 ഉം 21ഉം വയസ്സുള്ള പെൺമക്കൾ നഴ്സിങ് വിദ്യാർത്ഥികളാണ്്. രാവിലെ ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പിന്നാലെ ചിലരെ പെൺകുട്ടികൾ വിളിച്ചു. ഓടിയെത്തിയ നാട്ടുകാരാണ് ദാരുണമായ കാഴ്ച കാണുന്നത്. ഉടനെ മക്കളെ ആശുപത്രിയിലെത്തിച്ചു. സ്മിത അപ്പോഴേക്കും മരിച്ചിരുന്നു.

പിറവം പൊലീസ് സഥലത്തെത്തി ഇൻക്സ്റ്റ് നടപടികൾ എടുത്തു. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ചികിൽസയിലുള്ള പെൺകുട്ടികളുടെ മൊഴി നിർണ്ണായകമാകും. സംശയ രോഗം അടക്കം ബേബിക്കുണ്ടായിരുന്നുവെന്ന് സൂചനകളുണ്ട്.