മലപ്പുറം: മലപ്പുറത്തെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ

സഹപാഠി കത്തി കൊണ്ട് കുത്തി വീഴ്ത്തി. വാരിയെല്ലിനും കഴുത്തിലുമായി നാല് കുത്തേറ്റ പതിനാറുകാരന്‍ ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്.

മലപ്പുറം മേല്‍മുറിയിലെ ആല്‍പ്സ് ഡോപ ഇന്റര്‍നാഷണല്‍ സയന്‍സ് അക്കാദമിയിലാണ് സംഭവം. പെരിന്തല്‍മണ്ണ തച്ചിങ്ങനാടം സ്വദേശിയായ പതിനാറുകാരനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. അതിതീവ്ര പരിചരണത്തിലായിരുന്ന കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്. പ്ലസ് വണ്‍, പ്ലസ്ടു പഠനത്തിനൊപ്പം എന്‍ട്രന്‍സ് പരിശീലനവും നല്‍കുന്ന സ്ഥാപനമാണ് ആല്‍പ്സ് ഡോ ഇന്റര്‍നാഷണല്‍ അക്കാദമി.

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ചേര്‍ന്നാണ് സ്ഥാപനം നടത്തുന്നത് എന്നാണ് അറിയുന്നത്. വൈകുന്നേരം സ്റ്റഡി ഹാളിലിരുന്ന പഠിക്കുന്നതിനിടെ പുറകിലൂടെ എത്തിയ അക്രമി ചുറ്റിപ്പിടിച്ച് തുടര്‍ച്ചയായി കുത്തുകയായിരുന്നു. വാരിയില്‍ മൂന്ന് കുത്തും കഴുത്തില്‍ ഒരു കുത്തുമാണ് ഏറ്റത്. മുറിയിലുണ്ടായിരുന്ന മറ്റ് കുട്ടികള്‍ നിലവിളിച്ചതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളും സ്ഥാപനത്തിലെ ജീവനക്കാരും ഓടിയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ചൊവ്വാഴ്ച വരെയും കുട്ടി ഐ.സി.യുവില്‍ ആയിരുന്നു. അപകടനില തരണം ചെയ്തതോടെ ചൊവ്വാഴ്ച മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുത്താനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. പഠന നിലവാരത്തിന് അനുസരിച്ച് രണ്ട് ബാച്ചുകളായി തിരിച്ചാണ് സ്ഥാപനത്തില്‍ പഠനം നടക്കുന്നത്. കുത്തേറ്റ വിദ്യാര്‍ത്ഥി പഠനത്തില്‍ മിടുക്കനും കുത്തിയ വിദ്യാര്‍ത്ഥി പഠനത്തില്‍ പിന്നോക്കക്കാരനുമാണ്.

അക്രമി ആലപ്പുഴ സ്വദേശിയാണ്. പൂജാ അവധിക്ക് നാട്ടില്‍ പോയി വരുമ്പോള്‍ കൊണ്ടു വന്ന കത്തിയാണ് സഹപാഠിയെ കുത്തിവീഴ്ത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. ആക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് അക്രമിയായ വിദ്യാര്‍ത്ഥിയെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കി. മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എല്ലാ ദിവസവും വൈകുന്നേരം ആറ് മണി മുതലാണ് സ്ഥാപനത്തിന്റെ സ്റ്റഡി ഹാളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്താറുള്ളത്. സംഭവ ദിവസം കുത്തേറ്റ വിദ്യാര്‍ത്ഥി അഞ്ചരയോടെ ഹാളിലെത്തിയിരുന്നു. അതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സംഭവ സമയം ഹാളിലുണ്ടായിരുന്നില്ല. അടുത്ത ദിവസം പരീക്ഷ നടക്കുന്നത് കണക്കിലെടുത്തായിരുന്നു വിദ്യാര്‍ത്ഥി നേരത്തെ എത്തിയത്. ഇതിനിടെ കത്തിയുമായി എത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.