- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിന്റെ മൃതദേഹം ഹാളിൽ കിടത്തിയ സമയത്ത് റൂമിൽവെച്ച് പീഡനം; 11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതൃസഹോദര പുത്രന് 27 വർഷം തടവും പിഴയും ശിക്ഷ; അനുഭവിക്കേണ്ടത് പത്തുകൊല്ലത്തെ കഠിന തടവും; എല്ലാം പുറത്തു വന്നത് ചൈൽഡ് ലൈൻ ഇടപെടലിൽ; ഈ ക്രൂരന് ശിക്ഷ കുറഞ്ഞു പോയോ?
മലപ്പുറം: രാവിലെ ഖബറടക്കം നടത്താൻ തീരുമാനിച്ച് പിതാവിന്റെ മൃതദേഹം വീടിന്റെ ഹാളിൽ കിടത്തിയിരിക്കുന്നു. ബന്ധുക്കളും വീട്ടുകാരും ക്ഷീണം കൊണ്ട് ഓരോ മുറികളിൽ കിടന്നും ഇരുന്നു ഉറങ്ങുന്നു. സ്വന്തം പിതാവ് അന്ത്യയാത്രക്കൊരുങ്ങുമ്പോഴാണ് തൊട്ടടുത്ത മുറിയിൽ വെച്ച് മലപ്പുറത്തെ 11കാരിയെ പിതൃസഹോദര പുത്രന് പീഡിപ്പിച്ചത്. പ്രതിക്ക് മഞ്ചേരി പോക്‌സോ അതിവേഗ കോടതി 27 വർഷം തടവിനും 87500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുട്ടിയുടെ പിതൃസഹോദര പുത്രനായ 26കാരനെയാണ് ജഡ്ജി കെ രാജേഷ് ശിക്ഷിച്ചത്. പക്ഷേ ശിക്ഷകളെല്ലാം ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പത്തുകൊല്ലം പ്രതിക്ക് അകത്തു കിടന്നാൽ മതി. സമാനതകളില്ലാത്ത ലൈംഗിക പീഡനമാണ് ഇയാൾ നടത്തിയത്. അതുകൊണ്ട് ശിക്ഷ കുറഞ്ഞു പോയോ എന്ന ചർച്ചയും സജീവമാണ്.
കുട്ടിയുടെ മാതാവ് അന്യ വീടുകളിൽ അടുക്കളപ്പണി ചെയ്താണ് കുടുംബം മുന്നോട്ടു കൊണ്ടു പോകുന്നത്. ഈ സമയം കുട്ടി വീട്ടിൽ തനിച്ചാണ്. 2016 ഡിസംബർ 18ന് ഇത്തരത്തിൽ തനിച്ചിരിക്കുമ്പോൾ വീട്ടിലേക്ക് കയറി വന്ന പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കുതറി പുറത്തേക്കോടിയ കുട്ടിയെ പ്രതി മുറ്റത്തുവെച്ച് വീണ്ടും പിടികൂടി മാനഹാനി വരുത്തി. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ പ്രതിയുടെ കൈക്ക് കടിച്ചാണ് കുട്ടി ഓടി രക്ഷപ്പെട്ടത്. ഇതുകൊണ്ടും യുവാവിന്റെ ലീലാവിലാസങ്ങൾക്ക് അറുതിയായില്ല.
2016 ഡിസംബർ 12ന് രാവിലെ ഒമ്പതു മണിക്ക്, കുട്ടി വീട്ടിൽ തനിച്ചെന്നു മനസ്സിലാക്കിയ പ്രതി അടുക്കള വാതിലിലൂടെ വീടിനകത്ത് കടന്നു കുട്ടിയെ കടന്നു പിടിച്ചു. കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി വിവസ്ത്രയാക്കി. തുടർന്ന് മയക്കുമരുന്ന് മണപ്പിച്ച് അബോധാവസ്ഥയിലാക്കിയായിരുന്നു പീഡനം. സംഭവത്തിനു ശേഷം ശാരീരികമായും അതിലേറെ മാനസികമായും തളർന്ന കുട്ടിയെ മാതാവ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത്തരത്തിൽ മൂന്നു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കാര്യമായ മാറ്റം കാണാത്തതിനാൽ മെഡിക്കല് കോളജിലെ ഡോക്ടർ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി.
ഇതോടെയാണ് പീഡന വിവരം പുറത്തായത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ഇതോടെയാണ് പൊലീസ് സ്ഥലത്തെത്തി കേസ്സെടുത്തത്. 2015 ഒക്ടോബർ 18നും 2016 ഡിസംബർ 18നും കുട്ടിയെ മാനഭംഗപ്പെടുത്തിയ പ്രതി ഡിസംബർ 28ന് കുട്ടിയെ മയക്കു മരുന്നു നൽകുകയും ബലാൽസംഗം ചെയ്തതായാണ് കേസ്. പോക്‌സോ വകുപ്പിലെ 5(എൻ) പ്രകാരം ബന്ധുവായ കുട്ടിയെ ബലാൽസംഗം ചെയ്തതിന് പത്തു വർഷം കഠിന തടവ്, 25000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ്, 12വയസ്സിനു താഴെയുള്ള കുട്ടിയെ രണ്ടു തവണ പീഡിപ്പിച്ചതിന് 9(എം), 9(എൻ) വകുപ്പുകളിലായി അഞ്ചു വർഷം വീതം കഠിന തടവ്, 20000 രൂപ വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ.
ഇരു വകുപ്പുകളിലും പിഴയടക്കാത്ത പക്ഷം രണ്ടു മാസം വീതം തടവനുഭവിക്കണം. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഐപിസി 450 വകുപ്പ് പ്രകാരം മൂന്നു വർഷം കഠിന തടവ് 10000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ്, കുട്ടിയെ വിവസ്ത്രയാക്കി മാനഹാനി വരുത്തിയതിന് 354(ബി) പ്രകാരം മൂന്നു വർഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ഇതിനു പുറമെ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരു വർഷത്തെ വെറും തടവ് 2500 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരാഴ്ചത്തെ തടവ് എന്നും ശിക്ഷ വിധിച്ചിട്ടുണ്ട്.
ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ പ്രതിക്ക് 10 വർഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതിയാകും. പ്രതി പിഴയടക്കുകയാണെങ്കിൽ സംഖ്യ മുഴുവനായും അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചു. ഇതോടൊപ്പം പീഡനത്തിനിരയായ കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റിക്ക് നിർദ്ദേശവും നൽകി.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ സോമസുന്ദരൻ 17 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 26 രേഖകളും ഹാജരാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്