പാലക്കാട്: പാലക്കാട് നടുപ്പുണിയിൽ മൂന്ന് വയസുകാരിക്ക് നേരെ കൊടുംക്രൂരത. പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമമാണ് നടന്നത്. വഴിയരികിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിന് നേരെയായിരുന്നു ആക്രമണം. ബുധനാഴ്ച പുലർച്ചെ 5.30-നാണ് സംഭവം. സംഭവത്തിൽ വില്ലൂന്നി സ്വദേശിയായ കന്തസ്വാമി(77) പിടിയിയിലായി.

മാതാപിതാക്കളുടെ അടുത്ത് നിന്നും 50 മീറ്റർ ദൂരത്തേക്ക് കുഞ്ഞിനെ വലിച്ചുകൊണ്ടുപോയതിന് ശേഷമാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. എന്നാൽ, കുട്ടി കരഞ്ഞതോടെ മാതാപിതാക്കളും ശ്രദ്ധിക്കുകയായിരുന്നു. കല്ലുകൊത്തുന്ന പണിക്കായി വന്ന കർണാടക സ്വദേശികളായ ദമ്പതികളുടെ മകൾക്ക് നേരെയാണ് അതിക്രമമുണ്ടായത്.

ശബ്ദം കേട്ട് നാട്ടുകാർ കൂടെ കൂടിയതോടെ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുഞ്ഞ് നിലവിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായ പരിക്കുകൾ കുട്ടിക്കില്ലെന്നാണ് വിവരം.

പ്രതിക്കെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.പരിക്കേറ്റ കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.