- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ ബാത്ത് റൂമിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ചു: 'പോക്‌സോ കേസിൽ 'കുപ്രസിദ്ധ പയ്യൻ' അറസ്റ്റിൽ; പിടിയിലായത് സുന്ദരിയമ്മ വധക്കേസിൽ സംശയത്തിന്റെ ആനുൂകൂല്യത്തിൽ കോടതി വെറുതെ വിട്ട ജയേഷ്; സുന്ദരിയമ്മ കൊലക്കേസിൽ നിരപരാധിയെ പൊലീസ് വേട്ടയാടിയ കഥ ഒരു കുപ്രസിദ്ധ പയ്യൻ എന്ന പേരിൽ സിനിമയുമായി
കോഴിക്കോട്: പ്രമാദമായ സുന്ദരിയമ്മ വധക്കേസിൽ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെവിട്ടയാൾ പോക്‌സോ കേസിൽ അറസ്റ്റിൽ. സ്‌കൂൾ വിടുന് നസമയത്ത് സമർത്ഥമായി സ്‌കൂളിൽ കടന്ന് ബാത്ത് റൂമിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കൽ ജയേഷ്(32) വെള്ളയിൽ പൊലീസിന്റെ പിടിയിലായത്. വൈകുന്നേരം സ്‌കൂൾ വിടുന്ന സമയം നോക്കി കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കൾക്കും ഓട്ടോ ഡ്രൈവർമാർക്കുമൊപ്പം സമർത്ഥമായി സ്‌കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ച ശേഷമാണ് സ്‌കൂളിന്റെ മൂത്രപ്പുരയിൽ വെച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സുന്ദരിയമ്മ കൊലക്കേസിൽ പ്രതിയായിരുന്ന ജയേഷ് ആണ് പ്രതി എന്ന് പൊലീസിന് സംശയം തോന്നുകയായിരുന്നു തുടർന്ന് മുമ്പ് ജയേഷിനെ കുറിച്ച് ചാനലുകളിൽ വന്ന വാർത്തകളിലെ ദൃശ്യങ്ങൾ ശേഖരിച്ച് സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിച്ചതിൽ ജയേഷ് തന്നെയാണ് പ്രതിയെന്ന സംശയം ബലപ്പെടുകയും ചെയ്തു. ജയേഷിനെതിരായി വെള്ളയിൽ, ടൗൺ പൊലീസ് സ്റ്റേഷനുകളിൽ സെപ്റ്റംബർ മാസത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇയാൾ കോഴിക്കോട് നഗരത്തിൽ തന്നെ താമസമുണ്ടെന്ന് പൊലീസ് മനസ്സിലാക്കി.
തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ എ ശ്രീനിവാസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ച് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
വെള്ളയിൽ പൊലീസ് ഇൻസ്‌പെക്ടർ വി ബാബുരാജിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ സനീഷ് യു, ബാവ രഞ്ജിത്ത് എഎസ് ഐ ദീപു കുമാർ സീനിയർ സിവിൽ പൊലീസ് ഓഫീസർ നവീൻ എൻ, സിവിൽ പൊലീസ് ഓഫീസർ ജയചന്ദ്രൻ. പി എന്നിവർ ഉൾപ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്. പ്രാഥമിക തെളിവെടുപ്പിന് ശേഷം പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാലിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
2021 നവംബറിൽ കുറ്റിച്ചിറയിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടു പോയ കേസിൽ ജയേഷിനെ ടൗൺ പൊലീസ് പിടികൂടിയിരുന്നു. ട്യൂഷൻ ക്ലാസിലേക്ക് പോയ കുട്ടികളെ പ്രതി വളർത്തു മീനിനെ വാങ്ങി തരാം എന്ന് പറഞ്ഞു കുറ്റിച്ചിറയിൽ നിന്നും ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടി കൊണ്ടുപോവുകയായിരുന്നു. ഇതിൽ രണ്ടു കുട്ടികൾ ഗുജറാത്തി സ്ട്രീറ്റിൽ നിന്നും ഓടി പോവുകയും 10 വയസ്സുകാരനെ ഇയാൾ നിർത്തിയിട്ട ഗുഡ്‌സ് വണ്ടിയിൽ കയറ്റിയിരുത്തുകയുമായിരുന്നു.
ഒരു കാർ വരുമെന്നും അതിൽ കയറി ബീച്ചിലൂടെ കറങ്ങാം എന്നും പറഞ്ഞപ്പേൾ കുട്ടി പേടിച്ച് ഗുഡ്‌സിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയിൽ നിന്നും സിസിടിവി പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മുഖദാറിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു.
ജയേഷ് എന്ന ജബ്ബാറിനെ 2012 ജൂലൈ 21ന് വട്ടക്കിണറിന് സമീപം സുന്ദരിയമ്മ എന്ന വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് പിടികൂടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. പുലർച്ചെയായിരുന്നു ഹോട്ടലുകളിൽ പലഹാരം വിറ്റ് ഉപജീവനം നടത്തുന്ന സുന്ദരിയമ്മ കൊല്ലപ്പെടുന്നത്.
തന്റെ ഒറ്റമുറി വീട്ടിൽ തനിച്ച് താമസിച്ചിരുന്ന സുന്ദരിയമ്മ എന്ന 69 കാരിയെ വെളുപ്പിന് ഒന്നര മണിയോടെ ഓടു പൊളിച്ച് കടന്ന അജ്ഞാതൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടുകത്തി കൊണ്ട് തലയ്ക്കും നെഞ്ചിനും ഇരുകൈകളിലും വെട്ടിയിരുന്നു. നാട്ടുകാർ അവരെ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും മൂന്നു മണിക്കൂറിനുള്ളിൽ അവർ മരണമടഞ്ഞു. കോയമ്പത്തൂരിൽ നിന്നും കേരളത്തിലെത്തിയ സുന്ദരിയമ്മ മക്കളുടെ വിവാഹ ശേഷം തനിച്ചു താമസിക്കുകയായിരുന്നു. കസബ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ 120 ഓളം പേരെ ചോദ്യം ചെയ്തു. ഒടുവിൽ തെളിവില്ലാതെ വന്നതോടെ 2013 ൽ പൊലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.
പൊലീസിന് പ്രതിയെ കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. തുടർന്നാണ് മീഞ്ചന്തയ്ക്ക് അടുത്തുള്ള ഹോട്ടലിൽ ജോലി ചെയ്തിരുന്ന ജയേഷ് അറസ്റ്റിലാവുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഉൾപ്പെടെ ജയേഷിന്റെ അലമാരയിൽ നിന്ന് കണ്ടെടുത്തു. അറസ്റ്റിലായ ജയേഷ് ഒന്നര വർഷത്തോളം ജയിലിൽ കഴിഞ്ഞു. എന്നാൽ ക്രൈംബ്രാഞ്ച് വാദങ്ങളെ ജയേഷിന്റെ അഭിഭാഷകൻ പൊളിച്ചതോടെ ജയേഷിനെ കോടതി നിരപരാധിയായി പ്രഖ്യാപിച്ച് വെറുതെ വിടുകയായിരുന്നു.
തെളിവുകളും സാക്ഷികളും പൊലീസിന്റെ വ്യാജ സൃഷ്ടിയാണെന്ന് വ്യക്തമായി മാറാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് ജയേഷിനെ വെറുതെ വിട്ടത്. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകണമെന്നും ഈ തുക കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈ എസ് പി പൃഥ്വിരാജ്, സി ഐ പ്രമോദ് എന്നിവരിൽ നിന്നും ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടും അവർ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നായിരുന്നു ജയേഷിന്റെ ആരോപണം. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പോസ്റ്റുമോർട്ടം റിപ്പോർട്ടിനോട് യോജിക്കുന്ന രീതിയിൽ പുതിയ വെട്ടുകത്തി വാങ്ങി അതിൽ തന്നെക്കൊണ്ട് മുറുകെ പിടിപ്പിച്ച് അമ്പലക്കുളത്തിലേക്ക് എറിയുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. ജയേഷ് ജോലി ചെയ്ത ഹോട്ടലുടമ സംഭവ ദിവസം തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു.
പിന്നീട് ജീവൻ ജോബ് തോമസിന്റെ തിരക്കഥയിൽ ടൊവിനോ തോമസിനെ നായകനാക്കി സുന്ദരിയമ്മ കൊലക്കേസ് ഒരു കുപ്രസിദ്ധ പയ്യൻ എന്ന പേരിൽ മധുപാൽ സിനിമയുമാക്കി. ജയേഷായി ടൊവിനോ വേഷമിട്ട ചിത്രം സുന്ദരിയമ്മ കൊലക്കേസും ജയേഷിന്റെ ജീവിതവും വീണ്ടും മാധ്യമങ്ങളിൽ ചർച്ചയാക്കി. സമൂഹവും പൊലീസും ചേർന്ന് എങ്ങിനെ ഒരു നിരപരാധിയെ കൊലപാതകിയായി ചിത്രീകരിക്കുന്നു എന്നായിരുന്നു ചിത്രം വിശദീകരിച്ചത്. അന്ന് പൊലീസിനെ പ്രതികൂട്ടിലാക്കിയ ജയേഷ് ഇപ്പോൾ രണ്ടാമത്തെ തവണയും പൊലീസ് പിടിയിലായിരിക്കുകയാണ്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.