- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടിയെ കാണാതായതിൽ കൂട്ടുകാരിക്കു പങ്കുണ്ടെന്നു ബോധ്യമായിട്ടും അവരുടെ മൊഴിയെടുക്കുന്നതിനോ ഫോൺ രേഖ പരിശോധിച്ച് ലൊക്കേഷൻ കണ്ടെത്തുന്നതിനോ ശ്രമിച്ചില്ല; 17കാരിയെ കണ്ടെത്തുന്നതിൽ പൊലീസിന് വീഴ്ച; ഇനി വകുപ്പ് തല അന്വേഷണം
തിരുവനന്തപുരം: കാണാതായ 17-കാരിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ പൊലീസ് വീഴ്ച. വകുപ്പ് തല അന്വേഷണം ഇക്കാര്യത്തിൽ ഉണ്ടാകും. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്കും ഇൻസ്‌പെക്ടർക്കും എതിരേ അന്വേഷണം. ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ എം.ദിനേഷ് കുമാർ, കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മിഷണർ വി എസ്.പ്രദീപ് കുമാർ എന്നിവർക്കെതിരേയാണ് അന്വേഷണം.
പെൺകുട്ടിയെ കാണാതായ ദിവസം തന്നെ, കൂട്ടുകാരിക്കു പങ്കുണ്ടെന്നു ബോധ്യമായിട്ടും അവരുടെ മൊഴിയെടുക്കുന്നതിനോ ഫോൺ രേഖ പരിശോധിച്ച് ലൊക്കേഷൻ കണ്ടെത്തുന്നതിനോ ഇൻസ്‌പെക്ടർ ശ്രമം നടത്തിയില്ലെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്ന് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തതെങ്കിലും സ്വമേധയായാണ് കേസെടുത്തതെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത് തിരുത്തിയില്ല. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് ആരാണെന്നു വ്യക്തമായിട്ടും അയാൾ നൽകിയ മൊഴിയിലെ വസ്തുത പരിശോധിച്ചില്ല. കേസന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതിന് കേസുമായി ബന്ധമില്ലാത്തവരുടെ മൊഴികൾ രേഖപ്പെടുത്തി. കേസ് ഡയറി തയ്യാറാക്കുന്നതിലും വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്.
കരുനാഗപ്പള്ളി എ.സി.പി.യായിരുന്ന വി എസ്.പ്രദീപ്കുമാർ ഈ കേസിൽ കൃത്യമായ മേൽനോട്ടം വഹിച്ചില്ലെന്നാണ് ആരോപണം. ചവറ തെക്കുംഭാഗം പൊലീസ് അന്വേഷിച്ചിട്ട് പെൺകുട്ടിയെ കണ്ടെത്താനാകാത്തതിനാൽ കേസ് ക്രൈംബ്രാഞ്ചിനു വിടാൻ കാരണമായെന്നും അന്വേഷണ ഉത്തരവിൽ പറയുന്നു. ഇരുവരും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ.
മറുനാടന് മലയാളി ബ്യൂറോ