ഈരാറ്റുപേട്ട: എംവിഡിയോടും സർക്കാറിനോടും വെല്ലുവിളി ഉയർത്തി ബസ് സർവീസ് നടത്തുന്ന റോബിൻ ബസ് ഉടമ ബേബി ഗിരീഷ് അറസ്റ്റിൽ. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് റോബിനെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ.

ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം. റോബിന് ജാമ്യം കിട്ടുമോ എന്ന കാര്യം വ്യക്തമല്ല. വർഷങ്ങൾ പഴക്കമുള്ള കേസ് പൊടിതട്ടി എടുത്തത് റോബിനെ അഴിക്കുള്ളിലാക്കാൻ വേണ്ടിയാണെന്നാണ് സൂചനകൾ. 2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.

കോടതിയിൽ ഹാജരാക്കിയാൽ റോബിനെ റിമാൻഡ് ചെയ്യിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. കുറച്ചുദിവസമായി തന്നെ റോബിൻ ഗിരീഷ് സർക്കാറിന്റെ നോട്ടപ്പുള്ളിയാണ്. കെഎസ്ആർടിസിക്ക് തന്നെ ഭാവിയിൽ റോബിന്റെ ശ്രമങ്ങൾ വെല്ലുവിളിയായി മാറുന്ന അവസ്ഥയുണ്ട്. ഇത് മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ നടപടികളും. എല്ലാ വിധത്തിലും റോബിനെ പൂട്ടുക എന്നതാണ് ശ്രമം.

തുടർച്ചയായ നിയമലംഘനത്തിന് ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. അധികൃതർ അറിയിച്ചിരുന്നു. അഖിലേന്ത്യ പെർമിറ്റുള്ള റോബിൻ ബസ് കേരള മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തത് അതിന്റെ ഭാഗമാണ്. തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് ഈ ഇടപെടൽ. പത്തനംതിട്ട - കോയമ്പത്തൂർ സർവീസ് നടത്തിയ ബസ് പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.യാണ് പിടിച്ചെടുത്തത്.

ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള പിഴ അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി നിയമ നടപടികളും തുടരും. പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ ആർ.ടി.ഒ. ഹർജിയും ഫയൽ ചെയ്തതും ഇതിന്റെ ഭാഗമാണ്. അതേസമയം, റോബിൻ ബസിനെതിരായ നടപടിയെ പിന്തുണച്ച് ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ രംഗത്തെത്തി. ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് നടന്നതെന്നും സ്പോൺസർ അന്തർസംസ്ഥാന ബസുകളുടെ ലോബിയാണെന്നും ബിജു പ്രഭാകർ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്കയച്ച വാട്സാപ് സന്ദേശത്തിൽ വ്യക്തമാക്കുന്നു. കെഎസ്ആർടിസി, സ്വകാര്യ ബസുകളുടെ നിലനിൽപിന് സമാന്തര സർവീസ് തടയണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

ബുക്കിങ് ഉള്ളവരുമായി സർവീസ് നടത്താനാണ് കോടതി അനുമതി നൽകിയിരിക്കുന്നതെന്ന് സന്ദേശത്തിൽ പറയുന്നു. എന്നാൽ പുതിയ ബുക്കിങ് എടുത്ത് സർവീസ് നടത്തിയതോടെയാണ് ബസ് പിടിച്ചെടുത്തത്. കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലുമായി ഒരു ലക്ഷത്തോളം ജീവനക്കാരുണ്ട്. സർക്കാർ നിശ്ചയിച്ച നിരക്കിലും റൂട്ടിലുമോടുന്ന സ്വകാര്യ ബസുകളുമുണ്ട്. ഇവർക്ക് വെല്ലുവിളി ഉയർത്തുന്നതാണ് റോബിൻ ബസിന്റെ സർവീസ്. റൂട്ടും നിരക്കും സ്വയം നിശ്ചയിച്ച് സർവീസ് നടത്തുന്നത് അംഗീകരിക്കാനാകില്ല.

ഇങ്ങനെ മുന്നോട്ടുപോയാൽ നാളെ ഈ സംസ്ഥാനത്ത് ഗതാഗതം നിയന്ത്രിക്കുന്നതിൽ സർക്കാരിനോ കെഎസ്ആർടിസിക്കോ പൊതു സംവിധാനത്തിനോ റോളില്ലാതെ വരികയും സ്വകാര്യ വ്യക്തികൾ അവർ നിശ്ചയിക്കുന്ന സമയത്ത് നിശ്ചയിക്കുന്ന റൂട്ടിലും നിരക്കിലും സർവീസ് നടത്തുകയും അതു യാത്രക്കാരെ ചൂഷണം ചെയ്യുകയും ചെയ്യുന്ന നില വരുംയ അതു നടപ്പാക്കാനുള്ള ശ്രമമാണ് റോബിൻ ബസ് വഴി നടത്തുന്നത്.

മാത്രമല്ല, അന്തർ സംസ്ഥാന വാഹന ലോബിയാണ് റോബിൻ ബസിനെ ഇറക്കി ഈ കളികൾ നടത്തുന്നത്. അതിനെതിരെ ശക്തമായ നടപടികളുണ്ടാകേണ്ടതുണ്ട്. ഗതാഗത സെക്രട്ടറിയെന്ന നിലയിൽ ഇനിയുണ്ടാകാനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുന്നു. നടപടികൾ എതെങ്കിലും തരത്തിലുള്ള പ്രതികാര നടപടിയല്ല. ഹൈക്കോടതി ഉത്തരവു തന്നെ റോബിൻ ബസ്സിന് എതിരാണ്. പിഴയടച്ച ശേഷം സർവീസ് നടത്താമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. സർവീസ് അനിശ്ചിതമായി നടത്താമെന്നതല്ല ഇതിനർഥം.

ബുക്കിങ് കുറച്ചു നടന്നിട്ടുണ്ടെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നുമാണ് റോബിൻ ബസ് ഉടമകൾ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ആ ബുക്കിങ് കഴിഞ്ഞ് ഓരോ ദിവസവും പുതിയ ബുക്കിങ് എടുത്ത് സർവീസ് നടത്തുന്നു. അത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. അതുകൊണ്ട് കർശന നടപടിയുമായി മുന്നോട്ടുപോകാമെന്നും വാട്സാപ് സന്ദേശത്തിൽ പറയുന്നു.