- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ണൂർ ടൗൺ എസ്ഐ പി. പി ഷമീലിനെതിരെ അച്ചടക്കനടപടിക്ക് സാധ്യതയേറി
കണ്ണൂർ: കണ്ണൂർ സിവിൽ സ്റ്റേഷൻ കോംപൗണ്ടിലുണ്ടായ തർക്കത്തിനിടെയിൽ എംഎൽഎയോട് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂർ ടൗൺ എസ്. ഐയ്ക്കെതിരെ വകുപ്പുതല അച്ചടക്കനടപടിക്ക് സാധ്യതയേറി.പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടകനായ കല്യാശേരി എംഎൽഎയെ മനസിലായില്ലെന്ന് ആരോപണ വിധേയനായ എസ്ഐ പി.പി ഷമീലിന്റെ മൊഴി. സമരം നടത്തിയ നഴ്സിങ് അസോസിയേഷന്റെ ഭാരവാഹിയാണെന്ന് വിചാരിച്ചാണ് പ്രതികരിച്ചതെന്നും എസ്ഐ ഷമീൽ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ രത്നകുമാറിന് മുൻപിൽ മൊഴി നൽകിയിട്ടുണ്ട്.
എംഎൽഎയുടെ കൈയിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങിയത് കലക്ടറേറ്റ് വളപ്പിൽ വിലക്ക് ഉള്ളതിനാലാണെന്നും എസ്ഐ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രകടനം കലക്ടറേറ്റ് വളപ്പിനുള്ളിൽ കടന്നിരുന്നു. എം വിജിൻ എംഎൽഎയെ തിരിച്ചറിഞ്ഞില്ലെന്ന് എസ്ഐ പറഞ്ഞു. പ്രതിഷേധക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ കേസെടുക്കുമെന്നും അറിയിച്ചു. കലക്ടറേറ്റ് വളപ്പിനുള്ളിൽ മൈക്കിൽ പ്രസംഗിക്കുന്നതിന് വിലക്കുള്ളതിനാലാണ് മൈക്ക് പിടിച്ചെടുത്തതെന്നും എസ്ഐ മൊഴി നൽകി.
പ്രതിഷേധ മാർച്ച് കലക്ടറേറ്റ് ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ പൊലീസുകാർ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പൊലീസിന് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എംഎൽഎയോട് പേര് ചോദിച്ചത് എസ്ഐ പറഞ്ഞിട്ടാണെന്ന് ആരോപണവിധേയായ വനിത പൊലീസ് ഉദ്യോഗസ്ഥ എസിപിക്ക് മൊഴി നൽകിയിട്ടുണ്ട്. അതേസമയം തന്നോട് അപമ്യാദയോടെ പെരുമാറുകയും പ്രോട്ടോക്കോൾപാലിക്കാതിരിക്കുകയും ചെയ്ത ടൗൺ എസ്ഐക്കെതിരെ നടപടി വേണമെന്നാണ് എം വിജിൻ എംഎൽഎ ആവശ്യപ്പെടുന്നത്. പൊലീസിന്റെ സുരക്ഷാവീഴ്ച മറച്ചുവെക്കാനാണ് എസ്ഐയുടെ ശ്രമമെന്നും വിജിൻ ആരോപിക്കുന്നു.
സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ, നഴ്സിങ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരിൽ നിന്നെല്ലാം അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണർ രത്നകുമാർ മൊഴി രേഖപ്പെടുത്തി. ഇന്നോ നാളെയോ എസിപി റിപ്പോർട്ട് നൽകും. എംഎൽഎയോട് മോശമായി പെരുമാറിയതിന് എസ്ഐ ഷമീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. ആരോപണ വിധേയനായ എസ്. ഐയെ സ്ഥലംമാറ്റണമെന്ന സമ്മർദ്ദം സി. പി. എം നേതൃത്വം ശക്തമാക്കിയിട്ടുണ്ട്.
ശാന്തസ്വഭാവക്കാരനായ എംഎൽഎയെഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത എസ്. ഐയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എൽ. ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു. എം.വിജിൻ എംഎൽഎയ്ക്കു പിൻതുണയുമായി കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജനുംപൊലിസിനെ വിമർശിച്ചു കൊണ്ടു രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ ആരോപണവിധേയനായ എസ്. ഐയ്ക്കെതിരെ സ്ഥലമാറ്റമുൾപ്പെടെയുള്ള നടപടി സ്വീകരിച്ചു വിവാദങ്ങളിൽ നിന്നും തലയൂരാനാണ് കണ്ണൂർ ജില്ലാ പൊലിസിന്റെ നീക്കം.
എന്നാൽ എസ്. ഐയ്ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചാൽ പൊലിസിന്റെ ആത്മവീര്യത്തിനെ ദുർബലമാക്കുമെന്ന അതൃപ്തി സേനയിൽ നിന്നുമുയർന്നിട്ടുണ്ട്. എംഎൽഎയുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചു സേനയിൽഅച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉചിതമായ കാര്യമല്ലെന്നാണ് ഇവരുടെ വാദം.