- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടിയിലാവുന്നതിന് മുമ്പ് അനുഷ ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകളിൽ എന്ത്? പരുമല കേസിൽ രണ്ടാം തവണയും അരുണിനെ ചോദ്യം ചെയ്തു വിട്ടയച്ചു പൊലീസ്; വധശ്രമത്തിന്റെ ആസൂത്രണം സംബന്ധിച്ച് അറിയില്ലെന്ന ആദ്യ മൊഴിയിൽ ഉറച്ചു സ്നേഹയുടെ ഭർത്താവ്; വാട്സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
പത്തനംതിട്ട: തിരുവല്ല പരുമലയിൽ നഴ്സ് വേഷത്തിൽ ആശുപത്രിയിൽ കടന്ന് കയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ആക്രമണത്തിനിരയായ യുവതിയുടെ ഭർത്താവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ഇന്ന് രണ്ട് മണിക്കൂറോളം സമയമാണ് സ്നേഹയുടെ ഭർത്താവ് അരുണിനെ പൊലീസ് ചോദ്യം ചെയ്തത്. രണ്ടാം തവണയാണ് അരുണിനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചു വരുത്തിയത്. അതേസമയം മുൻപ് നൽകിയ അതേ മൊഴികൾ ആവർത്തിക്കുകയാണ് അരുൺ ചെയ്തത്.
പിടിയിലാകുന്നതിന് മുമ്പ് അനുഷ ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ അരുണിനോട് പൊലീസ് ചോദിച്ചറിഞ്ഞു. പുളിക്കീഴ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. പ്രതി അനുഷയുമായുള്ള ബന്ധം, കൊലപാതക ശ്രമത്തിന് മുമ്പ് അനുഷ അരുണിനയിച്ച മെസേജുകൾ തുടങ്ങിയവയുടെ വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. ആദ്യ തവണത്തെ ചോദ്യം ചെയ്യിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അരുൺ വീണ്ടും ആവർത്തിച്ചത്.
അനുഷ അയച്ച മെസേജുകളുടെ വിവരങ്ങൾ പൊലീസിനോട് വിശദീകരിച്ചു. വധശ്രമത്തിന്റെ ആസൂത്രണം സംബന്ധിച്ച് അറിയില്ലെന്നാണ് അരുണിന്റെ വാദം. അതിനിടെ, പ്രതി അനുഷയെ കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ പൊലീസ് കോടതിയിൽ നൽകി. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷണൽ കോടതിയിൽ ഏഴൊ ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിട്ടുള്ളത്. അനുഷയെ കസ്റ്റഡിയിൽ കിട്ടിയാൽ പരുമല ആശുപത്രിയിൽ എത്തിച്ച് വീണ്ടും തെളിവെടുക്കും.
വേണ്ടിവന്നാൽ അരുണിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും പൊലീസ് ആലോചനയുണ്ട്. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കുന്നതാണ് കേസിൽ ഇനി നിർണായകം. ഇതിനുള്ള നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്. അനുഷയുടെ ആദ്യ ഭർത്താവിന്റെയും രണ്ടാം ഭർത്താവിന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തും. ആക്രമണത്തിനിടയായ സ്നേഹയുടെ മൊഴി ആദ്യം ആശുപത്രിയിൽ വച്ച് രേഖപ്പെടുത്തിയിരുന്നു. സ്നേഹയുടെ ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകുന്ന മുറയ്ക്ക് വീണ്ടും മൊഴിയെടുക്കും. അതേസമയം, അനുഷയുടെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല കോടതി വിശദമായ വാദം കേൾക്കുന്നതിനായി നാളത്തേക്ക് മാറ്റി.
കാമുകന്റെ സ്നേഹം പിടിച്ചു പറ്റാനായിരുന്നു അനുഷ ഇതെല്ലാം ചെയ്തതെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കാമുകൻ അരുണിന്റെ ഭാര്യയായ സ്നേഹയെ കൊല്ലാൻ ഉറപ്പിച്ചാണു കാർത്തികപ്പള്ളി കണ്ടല്ലൂർ വെട്ടത്തേരിൽ എസ്.അനുഷ (30) ആശുപത്രിയിലെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അരുൺ തന്നിൽ നിന്ന് അകലുന്നുവെന്ന തോന്നലാണു അനുഷയെ ഇതിലേക്കു നയിച്ചത്. സംഭവത്തിൽ അരുണിനു നേരിട്ടു പങ്കില്ലെന്നു പൊലീസ് പറയുന്നു. അനുഷയും അരുണും തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്. അരുണിനും അനുഷയ്ക്കും വിവാഹം കഴിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും വീട്ടുകാരുടെ എതിർപ്പിനെ തുടർന്നു നടന്നില്ല. പിന്നീട് ഇരുവരും വേറെ വിവാഹം കഴിച്ചെങ്കിലും ബന്ധം തുടർന്നു.
അനുഷയുടെ ആദ്യ വിവാഹം കൊല്ലം നീണ്ടകര സ്വദേശിയുമായിട്ടായിരുന്നു. 7 മാസം മാത്രമാണ് ഈ ബന്ധം നീണ്ടത്. അരുണുമായി ബന്ധം തുടർന്നതും വിവാഹം വേർപിരിയാൻ കാരണമായി. അനുഷയുടെ രണ്ടാം വിവാഹം 7 മാസം മുൻപായിരുന്നു. ഗൾഫിൽ ജോലിയുള്ളയാളാണ് ഭർത്താവ്. ആദ്യ വിവാഹം വേർപ്പെടുത്തിയപ്പോൾ തന്നെ അരുണിനൊപ്പം ജീവിക്കാൻ അനുഷ ആഗ്രഹിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. വൈദ്യശാസ്ത്രത്തിൽ അറിവുള്ള അനുഷ പൂർണ ബോധ്യത്തോടെയാണ് ഈ രീതി അവംലബിച്ചത്. അനുഷയ്ക്കെതിരേ ആൾമാറാട്ടം, വധശ്രമം, ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന രീതിയിൽ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.
അരുണിനെ അറിയിച്ചശേഷം ഇളയച്ഛനെ കാണാനെന്ന പേരിൽ ആശുപത്രിയിൽ എത്തിയാണ് അനുഷ സ്നേഹയെ സിറിഞ്ച് കൊണ്ട് കുത്തിയതെന്ന് അനുഷയുടെ മൊഴി. ഇളയച്ഛനെ കാണാൻ വരുമ്പോൾ സ്നേഹയെയും കുട്ടിയേയും കാണുമെന്നും പറഞ്ഞിരുന്നതായി അനുഷ പൊലീസിനോട് പറഞ്ഞു. തിരിച്ചറിയാതിരിക്കാൻ മാസ്കും തലയിൽ തട്ടവുമിട്ട് ആശുപത്രിയിലെത്തി പ്രസവ വാർഡ് എവിടെയെന്ന് തിരക്കി. വാർഡിലെത്തി സ്നേഹയുടെ പേരു പറഞ്ഞ് മുറി കണ്ടെത്തി. അപ്പോൾ ചികിത്സയിലുള്ള സ്നേഹ മാത്രമാണ് ഉണ്ടായിരുന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന ഇവരോട് ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞു. ആദ്യം കുത്തിയപ്പോൾ ഞരമ്പ് കിട്ടാതെ വന്നതോടെ വീണ്ടും കുത്തി. ഇതും ശരിയായില്ല. മൂന്നാമതും കുത്തിയപ്പോൾ ശ്രദ്ധിച്ചപ്പോഴാണ് സ്നേഹ സിറിഞ്ചിൽ മരുന്ന് ഇല്ലെന്ന് കണ്ടത്.
സംശയം തോന്നി അമ്മയെ വിളിച്ചു. ഇതുകേട്ട് അമ്മ അകത്തുകയറിയപ്പോൾ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. ഉടനെ ആശുപത്രി ജീവനക്കാർ ചേർന്ന് ഇവരെ തടയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. ശരീരത്തിലെ ഞരമ്പിലേക്കു വായു കുത്തിവച്ചാൽ മരണംവരെ സംഭവിക്കുമെന്നാണ് മനസിലാക്കിയിരുന്നതെന്നും പൊലീസിനു മൊഴി നൽകി. ജൂലൈ 26നാണ് സ്നേഹയെ ആശുപത്രിയിൽ പ്രസവ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് ഒന്നിന് പെൺകുഞ്ഞിനെ പ്രസവിച്ചു. ഇതിനുശേഷം ഡിസ്ചാർജ് അറിയിച്ചിരിക്കെയാണ് സംഭവങ്ങൾ അരങ്ങേറിയത്.
മറുനാടന് മലയാളി ബ്യൂറോ