- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത പാറമടയിൽ നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി; ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ നിന്നും കണ്ടെടുത്തത് 40 ജലാറ്റിൻ സ്റ്റിക്കുകളും 36 ഇലക്ട്രിക് ഡിറ്റണേറ്ററുകളും; തൊടുപുഴയിൽ നാല് പേർ അറസ്റ്റിൽ
തൊടുപുഴ: അനധികൃത പാറമടയിൽനിന്ന് സ്ഫോടക വസ്തു ശേഖരം പിടികൂടി. തൊടുപുഴ പുറപ്പുഴയിൽ റബർതോട്ടത്തിന് നടുവിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ച 40 ജലാറ്റിൻ സ്റ്റിക്കുകളുടെയും 36 ഇലക്ട്രിക് ഡിറ്റണേറ്ററുകളുടെയും വൻശേഖരമാണ് ഡിവൈഎസ്പി എം ആർ മധുബാബുവും സംഘവും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തു.
പുറപ്പുഴ കുമ്മാച്ചിറഭാഗത്ത് പാലത്തിനാടിയിൽ ജോമോൻ ജോൺ (46), ഇയാളുടെ പണിക്കാരായ കഞ്ഞിക്കുഴി മണിപ്പാറ തോട്ടത്തിൽ ബേസിൽ ജോയി (28), കോട്ടയം മൂന്നിലവ് ചെമ്മലയിൽ സജി സ്റ്റീഫൻ (40), തൊടുപുഴ ഇരുട്ടുതോട് തൈപ്പറമ്പിൽ ഷിബു (49) എന്നിവരാണ് പിടിയിലായത്.
ജോമോന്റെ അമ്മയുടെ പേരിലുള്ളതാണ് സ്ഥലം. മാർച്ചിൽ സ്ഥലത്ത് വീട് നിർമ്മാണത്തിന് അനുമതി നൽകിയിരുന്നു. മാർച്ച് 20 മുതൽ 23 വരെ 425 മെട്രിക് ടൺ മണ്ണ് നീക്കം ചെയ്യാനായിരുന്നു അനുവാദം. മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയശേഷമാണ് പാറകൾ കണ്ടുതുടങ്ങിയത്. പാറ നീക്കാൻ പാസ് വേണമെന്നാവശ്യപ്പെട്ട് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് ജോമോൻ കത്ത് നൽകിയിരുന്നു.
സ്ഥലം പരിശോധിച്ചശേഷം അനുവാദം നൽകി. 92 മെട്രിക് ടൺ പാറ മാറ്റാനായിരുന്നു പാസ്. നീക്കം ചെയ്യാതെ അവിടെത്തന്നെ ഇടണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇത് ലംഘിച്ച് പാറ ലോബികളുമായി ചേർന്ന് അനധികൃതമായി പാറ കടത്തുകയായിരുന്നു.
ഇവിടെ നിന്നും ഉഗ്ര സ്ഫോടനം നടക്കുന്ന ശബ്ദം കേട്ടിരുന്നതായി പൊലീസ് പറഞ്ഞു. പരിസരവാസികളും ഇക്കാര്യത്തിൽ പരാതി നൽകിയിരുന്നു. പാറ പൊട്ടിക്കാനുള്ള ഒരു അനുവാദവും ഇവർക്ക് ലഭിച്ചിട്ടില്ല.
മറുനാടന് മലയാളി ലേഖകന്.