- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നമ്പലമേട്ടിലേക്ക് നാരായണസ്വാമിയും സംഘവും എത്തിയത് എംപി ബോർഡ് വച്ച വാഹനത്തിലോ? അതീവസുരക്ഷാ മേഖലയിൽ പ്രവേശിക്കാൻ വനംവകുപ്പ് മുമ്പും പുറത്തുള്ളവർക്ക് അനുമതി നൽകിയതായി സൂചന; പൊന്നമ്പലമേട്ടിൽ വനംവകുപ്പ് ഉന്നതരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും സുഹൃത്തുകളെയും എത്തിച്ചിരുന്നതായും ആരോപണം; പൂജാ വിവാദത്തിലെ പിന്നാമ്പുറകഥകൾ
പത്തനംതിട്ട: പൊന്നമ്പലമേട്ടിലേയ്ക്ക് മുമ്പും വനംവകുപ്പ് ഉദ്യോഗസ്ഥർ പുറമെ നിന്നുള്ളവരെ എത്തിച്ചിരുന്നതായി സൂചന. ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നത് അനുസരിച്ച് കൊച്ചുപമ്പ ഫോറസ്റ്റ് ഔട്ട് പോസ്റ്റിൽ ചുമതലയിലുള്ള ജീവനക്കാർ വനംവകുപ്പിന്റെ വാഹനത്തിൽ നിരവധി പേരെ മലമുകളിൽ എത്തിച്ചതായി മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. പൊന്നമ്പലമേട്ടിൽ നാരാണസ്വാമിയും സംഘവും എത്തിയത് വിഐപി ബോർഡ്( എംപി) വച്ച വാഹനത്തിലാണെന്നും സ്ഥിരീരികരിക്കാത്ത വിവരമുണ്ട്. വനം വകുപ്പ് അറിയാതെ ആരെയും കടത്താത്ത അതീവസുരക്ഷാ മേഖലയിൽ, വിഐപി വാഹനം എന്ന പേരിലാണ് ഇവർ എത്തിയതെന്ന് പറയുന്നു.
വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും മുമ്പും പൊന്നമ്പലമേട്ടിൽ എത്തിയിരുന്നതായിട്ടാണ് ലഭ്യമായ വിവരം. പുറമെ നിന്നെത്തുന്നവർ വാഹനം കൊച്ചുപമ്പയിലെ ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് സമീപം പാർക്കുചെയ്ത ശേഷം വനംവകുപ്പിന്റെ വാഹനത്തിലാണ് പൊന്നമ്പലമേട്ടിൽ എത്തി വഴിപാടുകൾ നടത്തി മടങ്ങിയതെന്നാണ് അറിയുന്നത്.
കൊച്ചുപമ്പയിലെ ഔട്ട് പോസ്റ്റിൽ നിന്നും 5 കിലോമീറ്റർ ഓഫ് റോഡ് പിന്നിട്ടുവേണം പൊന്നമ്പലമേട്ടിൽ എത്താൻ. ഫോർവീൽ ജീപ്പുകൾ മാത്രമാണ് ഇവിടേയ്ക്കെത്തുക. സന്ദർശകർ ഉണ്ടെങ്കിൽ ഉന്നത ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും തലേന്ന് ഔട്ട്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉള്ളവരെ വിവരം അറയിക്കും.
പിന്നെ കാത്തുനിന്ന് ആഗതരെ മലമുകളിൽ എത്തിച്ച്, തിരിച്ച് കൊണ്ടുവിടുന്ന ഉത്തരവാദിത്വം ഔട്ട് പോസ്റ്റിലെ മുഖ്യചുമതലക്കാരനാണ് നിർവ്വഹിക്കേണ്ടത്. നിബന്ധനകൾക്ക് വിധേയമായിട്ടാണ് സന്ദർശകരെ മലമുകളിൽ എത്തിച്ചിട്ടുള്ളതെന്നാണ് മുമ്പ് ഇവിടെ ജോലി ചെയ്തിട്ടുള്ള ഉദ്യോഗസ്ഥരിൽ ഒരാൾ മറുനാടനോട് പ്രതികരിച്ചത്.
മകരവിളക്ക് കഴിഞ്ഞാൽ പൊമ്പലമേട്ടിൽ ആരും പ്രവേശിക്കുന്നില്ലന്നായിരുന്നു വിശ്വാസികളിൽ ഏറെപ്പേരും കരുതിയിരുന്നത്.പെരിയാർ ടൈഗർ റിസർവ്വ് പ്രഖ്യാപിച്ചതോടെയാണ് പൊന്നമ്പലമേട് സ്ഥിതി ചെയ്യുന്ന വനമേഖല പമ്പ ഫോറസ്റ്റ് റെയിഞ്ചിന്റെ കീഴിലായത്.
കൊച്ചുപമ്പ ഔട്ട് പോസ്റ്റിൽ ചുരുങ്ങിയ പക്ഷം 5 ജീവനക്കാരെങ്കിലും ഡ്യൂട്ടിയിൽ ഉണ്ടെന്നാണ് അറിയുന്നത്. ആങ്ങാമുഴിയിൽ നിന്നും ഗവിയിലേയ്ക്കുള്ള പാതയുടെ ഓരത്താണ് കൊച്ചുപമ്പയിൽ ഫോറസ്റ്റ് ഔട്ട് പോസ്റ്റ് സ്ഥിതിചെയ്യുന്നത്.ഇതുവഴിയല്ലാതെ എളുപ്പത്തിൽ പൊന്നമ്പമേട്ടിലെത്താൻ മറ്റ് മാർഗങ്ങളില്ല.
രണ്ടുപേർ കസ്റ്റഡിയിൽ
അതേസമയം, പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കടന്ന് പൂജ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ടു വനംവകുപ്പ് ജീവനക്കാരെ വനപാലകർ കസ്റ്റഡിയിൽ എടുത്തു. ഗവിയിലെ കെഎസ്എഫ്ഡിസിയിൽ സൂപ്പർവൈസറായ രാജേന്ദ്രൻ, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയിൽ എടുത്തത്.
3000 രൂപ വാങ്ങിയ ശേഷമാണ് ഇവർ 12 അംഗ സംഘത്തെ പൊന്നമ്പലമേട്ടിലേക്ക് കടത്തി വിട്ടത്. സാബുവാണ് ഇടനില നിന്ന് പണം വാങ്ങിക്കൊടുത്തത് എന്ന് പറയുന്നു. ഗവി റൂട്ടിൽ മണിയാട്ടിൽ പാലത്തിന് സമീപം നിന്ന് വനത്തിലൂടെയാണ് ഇവരെ പൊന്നമ്പല മേട്ടിലേക്ക് കൊണ്ടു പോയത്. സംഘത്തിന് പൊന്നമ്പല മേട്ടിൽ പൂജ നടത്താനുള്ള സൗകര്യം ഒരുക്കിയതിൽ കൂടുതൽ വനം ജീവനക്കാർക്ക് പങ്കുള്ളതായി സംശയിക്കുന്നു.
പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവം മറുനാടനാണ് പുറത്തു കൊണ്ടു വന്നത്. ദേവസ്വം ബോർഡിന്റെ ഗ്രൂപ്പിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നായിരുന്നു മറുനാടൻ പുറത്തു വിട്ട വാർത്ത. ചെന്നൈ സ്വദേശിയും ശബരിമലയിൽ കീഴ്ശാന്തിയുടെ സഹായിയുമായി പ്രവർത്തിച്ചിട്ടുള്ള നാരായണ സ്വാമിയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സംഘത്തോടൊപ്പം അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടിൽ നുഴഞ്ഞു കയറിയത്.
എന്താണ് തെറ്റെന്ന് നാരായണ സ്വാമി
വാച്ചർമാരാണ് പൊന്നമ്പലമേട്ടിൽ പ്രവേശിക്കാൻ അനുമതി നൽകിയതെന്നും വേണ്ട സഹായങ്ങൾ ചെയ്തതെന്നും നാരായണ സ്വാമി പ്രതികരിച്ചിരുന്നു. ''തൃശൂരിൽ വടക്കുംനാഥ ക്ഷേത്രത്തിനടുത്താണ് താമസം. മുൻപ് ശബരിമല കീഴ്ശാന്തിയുടെ സഹായിയായി ജോലി ചെയ്തിരുന്നു. എല്ലാ വർഷവും ശബരിമലയിൽ സന്ദർശം നടത്താറുണ്ട്. അയ്യപ്പ ഭക്തനും തീർത്ഥാടകനുമാണ്.
തീർത്ഥാടനം നടത്തുന്ന സ്ഥലങ്ങളിലെല്ലാം പൂജ ചെയ്തു പ്രാർത്ഥിക്കാറുണ്ട്. ഹിമാലയത്തിൽ അടക്കം പോകുമ്പോഴും ഇങ്ങനെയാണു ചെയ്യാറുള്ളത്. പൊന്നമ്പലമേട്ടിൽ പോയപ്പോൾ പൂജ ചെയ്യണമെന്ന് ആഗ്രഹം തോന്നി ചെയ്തതാണ്. കൂടെയുള്ളത് പൂജാ സാധനങ്ങൾ കൊണ്ടു വന്നവരാണ്. പൊന്നമ്പല മേട്ടിൽ പൂജ നടത്തിയാൽ എന്താണ് തെറ്റ്?. അയ്യപ്പനുവേണ്ടി മരിക്കാൻ കൂടി തയാറാണ്'' നാരായണ സ്വാമി പറഞ്ഞു.ആദ്യമായാണ് പൊന്നമ്പലമേട്ടിൽ പോകുന്നത്. പൊന്നമ്പലമേട് അതീവ സുരക്ഷാ മേഖലയാണെന്ന് അറിയില്ലായിരുന്നു. വാർത്തകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും നാരായണ സ്വാമി പറഞ്ഞു.
വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് നാരാണൻ പൂജ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൂജ നടന്ന കാര്യം പുറത്തറിയുന്നത്. ദേവസ്വം ബോർഡിന്റെയടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോ എത്തുകയായിരുന്നു. എന്നാൽ എപ്പോഴാണ് വീഡിയോ പകർത്തിയതെന്നോ ആരാണ് ചിത്രീകരിച്ചതെന്നോ വിവരമില്ല.
സംഭവത്തിൽ തുടർനടപടികൾ വേണമെന്ന് ദേവസ്വത്തിന് നിർബന്ധമുണ്ടെന്നും അതിനാലാണ് പൊലീസ് മേധാവിയും വനംവകുപ്പും ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ കെ അനന്തഗോപൻ പങ്കെടുത്തു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ദേവസ്വം ബോർഡും നടത്തും. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മുഖ്യപ്രതി നാരായണ സ്വാമി അടക്കമുള്ളവർക്കായി അന്വേഷണം തുടരുകയാണ്. സംരക്ഷിത വനമേഖലയിൽ നിയമവിരുദ്ധമായി അതിക്രമിച്ചു കയറിയാൽ വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 51 അനുസരിച്ച് 3 വർഷം വരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
നാരായണൻ മുൻപ് പല തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയിട്ടുള്ളതായി ദേവസ്വം ബോർഡ് വൃത്തങ്ങൾ പറയുന്നു. മുൻപ് തന്ത്രി എന്ന ബോർഡ് വച്ച കാറിൽ സഞ്ചരിച്ചതിന് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. കീഴ്ശാന്തിയുടെ സഹായിയായി നിന്ന സമയത്ത് പൂജയ്ക്ക് എത്തുന്നവർക്ക് വ്യാജ രസീതുകൾ നൽകി എന്നതുൾപ്പെടെയുള്ള പരാതികളും നാരായണനെതിരായുണ്ട്.
മകരവിളക്ക് തെളിക്കുന്ന സ്ഥലമായ പൊന്നമ്പലമേട്, ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനം എന്നാണ് അയ്യപ്പ ഭക്തർ വിശ്വസിക്കുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷനു കീഴിലാണ് പൊന്നമ്പലമേട്. ശബരിമല ക്ഷേത്രവുമായി ബന്ധമുള്ള അതീവ സുരക്ഷാ മേഖലയാണിത്. വനംവകുപ്പിനാണ് സുരക്ഷാ ചുമതല. ഇവിടെ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി ഓഫിസിലേക്ക് സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് ആളെ കടത്തി വിടുന്നത്. മൊബൈലോ ക്യാമറകളോ അനുവദിക്കില്ല. പൊന്നമ്പല മേട്ടിൽ നിന്നാൽ ശബരിമല ക്ഷേത്രം കാണാനാകും.
വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആർക്കും പ്രവേശിക്കാൻ ആകില്ല. ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകി. വനം വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂഴിയാർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് പ്രദേശം. ഇങ്ങനെ ഒരു സംഭവം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അവർ അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
കർശന നിരീക്ഷണത്തിലുള്ള പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി ഒരു സംഘം മണിക്കൂറുകളോളം പൂജ നടത്തിയിട്ടും അധികൃതർ അറിഞ്ഞില്ല എന്നതാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. മകരവിളക്ക് ദിവസം ജ്യോതി തെളിക്കുന്ന സ്ഥലമാണ് പൊന്നമ്പല മേട്. ഇവിടെ ആദിവാസികളും മറ്റും താമസിക്കുന്നുണ്ട്.
ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താനാണെന്നുള്ള നീക്കമാണു നടന്നതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് ഡിജിപി, വനം മേധാവി എന്നിവർക്ക് പരാതി നൽകി. അതീവ സുരക്ഷാ മേഖലയിൽ കടന്നുകയറി പൂജ നടത്തിയതിന് കേസെടുത്തതായി വനം വകുപ്പ് അധികൃതർ പ്രതികരിച്ചു. അതീവ സുരക്ഷാ മേഖലയിൽ കടന്നു കയറി മണിക്കൂറുകളോളം പൂജ നടത്തിയിട്ടും അറിഞ്ഞില്ലെന്നു പറയുന്നത് വിശ്വസിക്കാനാകില്ലെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും അവർ വ്യക്തമാക്കി.
മറുനാടന് മലയാളി ലേഖകന്.