കൊച്ചി: സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പിടിയിലായ അസം സ്വദേശി താമസിച്ചിരുന്നത് പത്തുവർഷമായി എറണാകുളം റെയിൽവേ കോളനിയിൽ. പൊന്നുരുന്നി റെയിൽവേ ഷണ്ടിങ് കേന്ദ്രത്തിന് സമീപത്തുവെച്ച് 54-കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അസം സ്വദേശി ഫിർദൗസ് അലിയാണ് പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഫിർദൗസിന് 28 വയസ്സാണ് പ്രായം.

ബുധനാഴ്ചയായിരുന്നു സംഭവം. രാത്രി നടന്ന സംഭവം പുറത്തറിയുന്നത് പിറ്റേന്ന് പുലർച്ചയോടെയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. അവർ അപകട നില തരണം ചെയ്തിട്ടുണ്ട്. രണ്ടുദിവസമായി പ്രതിക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിവരികയായിരുന്നു. പിടിയിലായ പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് വിവരം.

താത്കാലിക ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. സ്വകാര്യഭാഗങ്ങളിലും ശരീത്തിലും ഗുരുതര പരിക്കേറ്റ ഇവരെ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു, കൈതകൾ നിറഞ്ഞുനിൽക്കുന്ന റെയിൽവേ ട്രാക്കിന് സമീപത്തുനിന്ന് കരച്ചിൽ ശബ്ദം കേട്ടാണ് നാട്ടുകാർ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപം പരിശോധന നടത്തിയത്.

ബലാത്സംഗത്തിന് ശേഷം കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നെന്നും പിടിയിലായ പ്രതി സമ്മതിച്ചു. ആലപ്പുഴ സ്വദേശിയായ സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് പരിചയപ്പെട്ട പ്രതി ആലുവയിലേക്ക് പോകുകയായിരുന്ന സ്ത്രീയെ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് ഇറക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റുകയായിരുന്നു. ഇതിനുപിന്നാലെയാണ് ക്രൂരമായി പീഡിപ്പിച്ചത്. വയോധികയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.

പൊലീസ് പറയുന്നതിങ്ങനെ: ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് സ്ത്രീയെ പരിചയപ്പെട്ട പ്രതി തന്ത്രത്തിൽ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി. സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് കമ്മട്ടിപ്പാടം ഭാഗത്ത് ഇരുവരും ഇറങ്ങി. തുടർന്ന് പൊന്നുരുന്നി മാർഷലിങ് യാർഡിൽ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ക്രൂരമായി ഇയാൾ പീഡിപ്പിച്ചെന്നാണ് പൊലീസിന് സ്ത്രീ നൽകിയ മൊഴി. മർദ്ദിച്ച അവശയാക്കിയ ശേഷം ട്രാക്കിനു സമീപം ചതുപ്പിൽ ഉപേക്ഷിച്ചു.

അതുവഴി പോയ യുവാവാണ് ഇവരെ കണ്ട് പൊലീസിൽ അറിയിച്ചത്. പൊലീസെത്തി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.സംഭവം അറിഞ്ഞയുടൻ നഗരത്തിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഓട്ടോറിക്ഷാ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം.

സി.സി. ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കലൂർ ഭാഗത്ത് നിന്ന് ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലഹരിക്കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ ഏതാനും മാസം മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.