- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
റാഗിങ്ങിന് കേസിൽ യൂണിയൻ ഭാരവാഹികളും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും പ്രതികൾ
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബി.വി എസ്സി. രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർഥനെ (21) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപാഠികളടക്കം 12 വിദ്യാർത്ഥികളുടെ പേരിൽ റാഗിങ്ങിന് കേസെടുത്തു. കോളേജിലെ എസ്എഫ്‌ഐ യൂണിയൻ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കോളേജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, ഭാരവാഹി എൻ. ആസിഫ് ഖാൻ (20), എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ (20), കെ. അഖിൽ (23), ആർ.എസ്. കാശിനാഥൻ (19), അമീൻ അക്‌ബർ അലി (19), സിൻജോ ജോൺസൺ (20), ജെ. അജയ് (20), ഇ.കെ. സൗദ് റിസാൽ (22), എ. അൽത്താഫ് (22), വി. ആദിത്യൻ (22), എം. മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലാണ് കേസെടുത്തത്. ഇതിൽ നാലുപേർ സിദ്ധാർഥന്റെ ക്ലാസിൽ പഠിക്കുന്നവരാണ്. 12 വിദ്യാർത്ഥികളെയും അന്വേഷണവിധേയമായി കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്തു.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർഥനെ കഴിഞ്ഞ 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് 16-നും 17-നും കോളേജിൽവെച്ച് സിദ്ധാർഥന് മർദനവും പരസ്യവിചാരണയും നേരിടേണ്ടിവന്നുവെന്നാണ് ആരോപണം. അസ്വാഭാവികമരണത്തിന് പൊലീസ് നേരത്തേ കേസെടുത്തിരുന്നു. ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. കേസ് കൽപ്പറ്റ ഡിവൈഎസ്‌പിക്ക് കൈമാറും.
സിദ്ധാർഥനെ വിദ്യാർത്ഥികൾ മർദിക്കുകയും പരസ്യവിചാരണ ചെയ്യുകയും ചെയ്തതായി ആരോപണമുയർന്നിരുന്നു. സിദ്ധാർഥൻ റാഗിങ്ങിന് ഇരയായെന്നു കാണിച്ച് ദേശീയ റാഗിങ് വിരുദ്ധസമിതി (നാഷണൽ ആന്റി റാഗിങ് കമ്മിറ്റി) മുമ്പാകെ പരാതിയുമെത്തിയിരുന്നു. സർവകലാശാലയിലെ റാഗിങ് വിരുദ്ധ സമിതി യോഗം ചേർന്ന് പൊലീസിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് റാഗിങ്ങിന് നടപടിയെടുത്തത്. സിദ്ധാർഥന്റെ പോസ്റ്റ്മോർട്ടത്തിലും ആത്മഹത്യചെയ്യുംമുമ്പ് ഭീകരമായ മർദനമേറ്റതായി സൂചനയുണ്ട്.
വിഷയത്തിൽ സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് വിദ്യാർത്ഥിസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം നെടുമങ്ങാട് കൊറക്കോട് 'പവിത്രം' വീട്ടിൽ ജയപ്രകാശിന്റെയും ഷീബയുടെയും മകനാണ് സിദ്ധാർഥൻ. സംഭവത്തിൽ എസ്എഫ്‌ഐക്കെതിരെ ആരോപണം ശക്തമാക്കി കെ. എസ്. യുവും രംഗത്തുവന്നിണ്ട്. പൂക്കോട് സർവകലാശാലയിലെ ബി.വി എസ്.സി. രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർഥന്റെ(21) മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. സിദ്ധാർഥനെ സീനിയർ വിദ്യാർത്ഥികൾ നിരന്തരമായി ആക്രമിക്കുകയും ഹോസ്റ്റലിലെ 130-ഓളം വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് പരസ്യവിചാരണ ചെയ്തതുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കെ.എസ്.യു. ആരോപിച്ചു.
തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്ക് പോയ സിദ്ധാർഥൻ എറണാകുളത്തുവെച്ച് വീണ്ടും കോളേജിലേക്ക് തന്നെ തിരിക്കേണ്ടി വന്നത് ഭീഷണി കാരണമാണ്. 16-ന് കോളേജിന് സമീപത്തെ പാറക്കൂട്ടങ്ങൾക്ക് മുകളിൽവെച്ച് സിദ്ധാർഥനെ മർദിച്ചു. 17-ന് ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് പരസ്യവിചാരണ ചെയ്‌തെന്നും കെ.എസ്.യു. ആരോപിച്ചു. 18-ന് ഉച്ചയ്ക്കാണ് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാവാൻ വൈകി. കുറ്റക്കാർക്ക് സംരക്ഷണമൊരുക്കുന്ന സമീപനമാണ് അധികൃതർ തുടക്കത്തിൽ സ്വീകരിച്ചതെന്നും കെ.എസ്.യു. ഭാരവാഹികൾ ആരോപിച്ചു. സിദ്ധാർഥന്റെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.
ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. സിബിഐ. ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും കെ.എസ്.യു. ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അസ്‌ലം ഒലിക്കൻ, വെറ്ററിനിറി യൂണിവേഴ്‌സറ്റിയുടെ ചാർജുള്ള കൺവീനർ ലിവിൻ വേങ്ങൂർ, സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയ്, ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. സിദ്ധാർഥന്റെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രി, മനുഷ്യാവാകാശ കമ്മിഷൻ, പൊലീസ് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ടെന്ന് കെ.എസ്.യു. ഭാരവാഹികൾ പറഞ്ഞു.