- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന് പുതിയ സംഘടനയുണ്ടാക്കി രഹസ്യമായി പ്രവർത്തിക്കാൻ പോപ്പുലർ ഫ്രണ്ട് നീക്കമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; ജമാത്ത്- ഉൽ- മുജാഹിദീൻ ബംഗ്ലാദേശുമായും ബന്ധം; ബംഗാളി തൊഴിലാളികളെന്ന പേരിൽ തീവ്രവാദികളെ കേരളത്തിലെത്തിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പ്; അതീവ ജാഗ്രത നിർദ്ദേശിച്ച് ഐബിയുടെ 'ഓപ്പറേഷൻ ചക്രവ്യൂഹ'
തിരുവനന്തപുരം: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ചേർന്ന് പുതിയ രഹസ്യസംഘടനയുണ്ടാക്കി പ്രവർത്തിക്കാൻ പോപ്പുലർ ഫ്രണ്ടുകാർ ശ്രമിക്കുന്നതായി കേന്ദ്ര ഇന്റലിജൻസ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തേും സുരക്ഷയേയും സാമുദായിക സൗഹാർദത്തേയും ബാധിക്കുന്ന പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.
പിഎഫ്ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നേതാക്കളാണ്. കൂടാതെ പിഎഫ്ഐക്ക് നിരോധിത സംഘടനയായ ജമാത്ത്- ഉൽ- മുജാഹിദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയ ആഗോള തീവ്രവാദ ഗ്രൂപ്പുകളുമായി പിഎഫ്ഐയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ നിരവധി വിവരങ്ങൾ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. രാജ്യത്ത് അരക്ഷിതാവസ്ഥ വളർത്താൻ പിഎഫ്ഐയും അനുബന്ധ സംഘടനകളും ഐ.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കരുതൽ വേണമെന്നുമാണ് മുന്നറിയിപ്പ്. ചില പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളിൽ ചേർന്നിട്ടുണ്ടെന്നും കേന്ദ്രം കണ്ടെത്തി.
ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ റിക്രൂട്ടിങ് ഗ്രൗണ്ടായി കേരളം മാറിയെന്ന് സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ തുറന്നുസമ്മതിച്ചിരുന്നു. സംസ്ഥാനത്ത് രഹസ്യാന്വേഷണ വിഭാഗങ്ങൾ നിർജ്ജീവമാണ്. സ്വകാര്യ ഹാക്കർമാരുടെയടക്കം സേവനം ഉപയോഗപ്പെടുത്തുന്ന സൈബർഡോം, കുട്ടികളുടെ നീലച്ചിത്രം പിടിക്കാനുള്ള ഓപ്പറേഷനുകളിൽ മാത്രമാണ് സജീവം. ഐ.ബി, എൻ.ഐ.എ, റോ എന്നീ കേന്ദ്രഏജൻസികളും ബംഗളുരു, ഡൽഹി പൊലീസുകളുമാണ് ശക്തമായ സൈബർപട്രോളിംഗിലൂടെ കേരളത്തിലെ ഭീകരസാന്നിദ്ധ്യം കണ്ടെത്തുന്നത്.
ഐ.എസിന് മാത്രമല്ല, മാവോയിസ്റ്റുകൾ, ബോഡോ തീവ്രവാദികൾ, അൽ ക്വ ഇദ, ഇന്ത്യൻ മുജാഹിദ്ദീൻ എന്നിവയ്ക്കെല്ലാം കേരള ബന്ധമുണ്ട്. ഐക്യരാഷ്ട്രസഭയും കേന്ദ്രസർക്കാരും പലവട്ടം മുന്നറിയിപ്പ് നൽകി. എറണാകുളത്ത് നിന്ന് മൂന്ന് അൽ ക്വ ഇദക്കാരെ പിടികൂടാൻ സായുധസേനയെ എൻ.ഐ.എ ആവശ്യപ്പെട്ടപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. രണ്ട് ഇന്ത്യൻ മുജാഹിദ്ദീൻ, ലഷ്കർ തീവ്രവാദികളെ എൻ.ഐ.എ സൗദിയിൽ നിന്ന് പിടികൂടി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ പൊലീസ് ഞെട്ടി. കൊല്ലത്തെ വനമേഖലയിൽ പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയതും പൊലീസ് കാര്യമാക്കിയില്ല.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ളാദേശ്, മ്യാന്മർ എന്നിവിടങ്ങളിൽ നിന്നുള്ള150 മുതൽ 200 വരെ അൽ ക്വ ഇദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടെന്നും കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ വലിയൊരു സംഘം സജീവമാണെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി രണ്ട് മാസമായപ്പോഴാണ് കൊച്ചിയിൽ നിന്ന് മൂന്ന് അൽക്വ ഇദക്കാരെ എൻ.ഐ.എ പിടികൂടിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സോഷ്യൽമീഡിയ നിരീക്ഷണവും സൈബർ പട്രോളും പേരിന് മാത്രമാണ്.
എൻ.ഐ.എയും ഐ.ബിയുമാണ് സാമൂഹ്യമാധ്യമങ്ങളിലെ തീവ്രവാദപ്രചാരണവും സൈബർ പട്രോളും നടത്തുന്നത്. എൻ.ഐ.എയ്ക്ക് ശക്തമായ സൈബർ ഫോറൻസിക് വിഭാഗവുമുണ്ട്. ഐബിയുടെ 'ഓപ്പറേഷൻ ചക്രവ്യൂഹ' സൈബർനിരീക്ഷണത്തിലാണ് ഐസിസ് സ്ലീപ്പർസെല്ലുകളെ കണ്ടെത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്