- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടെടുത്തവയിൽ പോപ്പുലർ ഫ്രണ്ടിന്റെ 'ഹിറ്റ് ലിസ്റ്റും'; ലിസ്റ്റിൽ ഉന്നം വെക്കുന്നത് ചില പ്രത്യേക സമുദായങ്ങളിൽപ്പെട്ട നേതാക്കളെ; വർഗീയ വിദ്വേഷം വളർത്തുന്നതിൽ സംഘടന വളരെദൂരം മുന്നോട്ടുപോയി; നടപടി രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ; പോപ്പുലർ ഫ്രണ്ടിന്റെ രണ്ടു നേതാക്കളെ ഇനിയും പിടികൂടാനുണ്ട്; എൻഐഎ കോടതിയിൽ വ്യക്തമാക്കിയ കാര്യങ്ങൾ ഇങ്ങനെ
കൊച്ചി: കേരളത്തിൽ അടുത്തിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഏറെ നടുക്കുന്നതായിരുന്നു. ഒരു രാഷ്ട്രീയ കൊലപാതകം നടന്നാൽ അതിന് തൊട്ടുപിന്നാലെ മറു രാഷ്ട്രീയത്തിൽ പെട്ട ആരെയെങ്കിലും ഉന്നമിട്ടായിരുന്നു കൊലപാതകൾ. ഇത്തരം രണ്ട് സംഭവങ്ങളാണ് കേരളത്തിൽ നടന്നത്. ആലപ്പുഴയിലും പാലക്കാട്ടുമായി നടന്ന ഈ രാഷ്ട്രീയ കൊലപാതകങ്ങളാണ് എൻഐഎയെ സംഘത്തെ കേരളത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചത് എന്ന് വ്യക്തമാകും. പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ഒരു ഹിറ്റ്ലിസ്റ്റ് തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്ന വിവരം.
ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് പോപ്പുലർ ഫ്രണ്ട് യുവാക്കളെ പ്രരിപ്പിക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സർക്കാർ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. ജിഹാദിന്റെ ഭാഗമായി ഭീകരവാദ പ്രവർത്തനം നടത്തി ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പോപ്പുലർ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പ്രതികൾ വിവിധ സമൂഹമാധ്യമങ്ങൾ വഴി രഹസ്യമായി ആശയവിനിമയം നടത്തി. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുക ലക്ഷ്യമിട്ട് കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളും പ്രവർത്തകരും നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടു. രാജ്യത്തെ യുവാക്കളെ ലഷ്കർ ഇ തയ്ബ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളിൽ ചേർന്ന് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു.
ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തതായാണ് സംഘടന വ്യക്തമാക്കുന്നത്. ചില പ്രത്യേക സമുദായങ്ങളിൽപ്പെട്ട നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. വർഗീയ വിദ്വേഷം വളർത്തുന്നതിൽ സംഘടന വളരെദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നാണ് പിടിച്ചെടുത്ത തെളിവുകളിൽ നിന്നും വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്.
സമൂഹത്തിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഇത് അനിവാര്യമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ നയങ്ങളും ഭരണകൂടങ്ങളും തങ്ങൾക്ക് എതിരാണെന്ന തെറ്റായ പ്രചാരണം നടത്തി, പോപ്പുലർ ഫ്രണ്ട് ഒരു പ്രത്യേക മതവിഭാഗത്തിൽ വെറുപ്പും വിദ്വേഷവും പടർത്തുവാൻ ശ്രമിക്കുകയാണ്. കേസിൽ ഉൾപ്പെട്ടിട്ടുള്ളവർ സമൂഹത്തിൽ ഉന്നത സ്വാധീനമുള്ളവരാണ്.
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ രണ്ടു നേതാക്കളെ കൂടി പിടികൂടാനുണ്ട്. എഫ്ഐആറിൽ ഉൾപ്പെട്ട അബ്ദുൾ സത്താർ, സി എ റൗഫ് എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവരാണ് വെള്ളിയാഴ്ച കേരളത്തിൽ ഹർത്താലിന് ആഹ്വാനം നൽകിയത്. ഇതുതന്നെ ഇവരുടെ സ്വാധീനത്തിന് തെളിവാണെന്നും എൻഐഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ യുവാക്കളെ അൽഖ്വയ്ദ, ലഷ്കർ ഇ തെയ്ബ, ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളിൽ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിനും പോപ്പുലർ ഫ്രണ്ട് നേതാക്കൾ പ്രേരിപ്പിച്ചുവെന്നാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
രഹസ്യമായി വിവരങ്ങൾ കൈമാറുന്ന വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളാണ് പ്രതികൾ ഉപയോഗിച്ചത്. റെയ്ഡിൽ ഇവരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ മിറർ ഇമേജസ് അടക്കം പരിശോധിക്കണമെന്ന ആവശ്യവും എൻഐഎ കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ ഉന്നത ഗൂഢാലോചന വ്യക്തമാകുമെന്ന കാര്യവും റിമാൻഡ് റിപ്പോർട്ടിൽ എടുത്തുപറയുന്നു. യുഎപിഎയിലെ വിവിധ വകുപ്പുകളും ഗൂഢാലോചന വകുപ്പും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്. കൊച്ചിയിലെ കേസുമായി ബന്ധപ്പെട്ട് ആകെ 14 പ്രതികളാണുള്ളത്. ഇതിൽ ഒന്നാമത്തെ പ്രതി പോപ്പുലർ ഫ്രണ്ട് സംഘടന തന്നെയാണ്.
മറുനാടന് മലയാളി ബ്യൂറോ