- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രവാദത്തിന് പണമൊഴുക്കാനും കള്ളപ്പണം വെളുപ്പിച്ചെടുക്കാനും പോപ്പുലർ ഫ്രണ്ടിന് ബിസിനസ് സംരംഭങ്ങൾ; മാങ്കുളത്തെ വില്ലാ പ്രൊജക്ടിലും അബുദാബിയിലെ ബാറിലും റെസ്റ്റോറന്റിലും അടക്കം നേതാക്കൾക്ക് വമ്പൻ നിക്ഷേപങ്ങൾ; കർണാടകത്തിലെ മുൻ കോൺഗ്രസ് മന്ത്രിയെ കൊല്ലാൻ ക്വട്ടേഷൻ; തെരുവ് നായകളുടെ കഴുത്തിന് വെട്ടി കേരളത്തിൽ പരിശീലനം; എൻഐഎയ്ക്ക് തുണയായത് ഇഡി കണ്ടെത്തലുകൾ
ന്യൂഡൽഹി: തീവ്രവാദത്തിന് പണമൊഴുക്കാനും കള്ളപ്പണം വെളുപ്പിച്ചെടുക്കാനും നിരവധി ബിസിനസ് സംരംഭങ്ങളും ബാറുകളും റസ്റ്റോറന്റുകളും പോപ്പുലർ ഫ്രണ്ടിനുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി എൻ.ഐ.എയെ അറിയിച്ചിട്ടുണ്ട്. നേരത്തേ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസതികളിലും കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടത്തിയാണ് ഇ.ഡി ഇക്കാര്യങ്ങൾ കണ്ടെത്തിയത്.
ഇ.ഡിയുടെ കണ്ടെത്തലുകൾ ഇങ്ങനെയാണ്:- രാജ്യത്തും വിദേശത്തും നടത്തിയ കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച കള്ളപ്പണം വെളുപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് നേതാക്കൾ കേരളത്തിലുൾപ്പടെ വിവിധ പദ്ധതികൾ നടപ്പാക്കി. മാങ്കുളത്തെ വില്ലാ പ്രൊജക്ടും അബുദാബിയിലെ ബാറും റെസ്റ്റോറന്റും കള്ളപ്പണം വെളിപ്പിക്കാനുള്ള പദ്ധതികളാണ്. എല്ലാ ജില്ലകളിലും പോപ്പുലർ ഫ്രണ്ടുകാർക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. നേതാക്കൾക്ക് വിദേശത്ത് വമ്പൻ നിക്ഷേപങ്ങളുമുണ്ട്. ഇതിന്റെ രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു.
പോപ്പുലർ ഫ്രണ്ടിന് ലഭിക്കുന്ന വരുമാനം സംബന്ധിച്ച് ഡൽഹി കേന്ദ്രമായി ഇ.ഡി അന്വേഷണം നടത്തിയിരുന്നു. ഇതിൽ ലഭിച്ച വിവരങ്ങളെ തുടർന്ന് കണ്ണൂർ പെരിങ്ങത്തൂർ, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാറിലെ മാങ്കുളം എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി. നിർണായക വിവരങ്ങളാണ് റെയ്ഡിൽ ഇ.ഡിക്ക് ലഭിച്ചത്. വിദേശ നിക്ഷേപങ്ങളെ സംബന്ധിച്ചും വിദേശരാജ്യങ്ങളിലെ സ്വത്തുവകകളെ സംബന്ധിച്ചുമുള്ള രേഖകളും ഡിജിറ്റൽ തെളിവുകളും റെയ്ഡിൽ കണ്ടെടുത്തിട്ടുണ്ട്.
കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകൻ ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലർ ഫ്രണ്ട് ഡിവിഷണൽ പ്രസിഡന്റ് ബി.പി. അബ്ദുൾ റസാഖ്, മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് എം.കെ. അഷ്‌റഫ് എന്ന തമർ അഷ്‌റഫ് വരുടെ വീടുകളിലാണ് ഇ.ഡി പരിശോധന നടത്തിയത്. മാങ്കുളത്തെ മൂന്നാർ വില്ല പ്രൊജക്ടിന്റെ ഓഫീസിലും പരിശോധന നടത്തിയിരുന്നു.
ബാങ്ക് ഇടപാടുകൾ, പാർട്ടി പരിപാടികൾക്ക് ഉപയോഗിച്ച പണത്തിന്റെ കണക്കുകൾ, തിരഞ്ഞെടുപ്പ് സമയത്തെ പണമിടപാടുകൾ എന്നിവയും ഇ.ഡി പരിശോധിച്ച് ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. വില്ലാ പ്രൊജക്ട് ഉൾപ്പെടെ കേരളത്തിലെ വിവിധ പദ്ധതികളിലൂടെ പോപ്പുലർ ഫ്രണ്ട് കള്ളപ്പണ ഇടപാടുകൾ നടത്തുന്നതിന്റെ രേഖകളും കണ്ടെടുത്തിരുന്നു. ഇതെല്ലാം എൻ.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ട്.
കർണാടകത്തിലെ മുൻ കോൺഗ്രസ് മന്ത്രിയും എംഎൽഎയുമായ തൻവീർ സെയ്റ്റിനെതിരായ ആക്രമണത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് കർണാടക പൊലീസ് എൻ.ഐ.എയെ അറിയിച്ചിരുന്നു. വിവാഹച്ചടങ്ങിനിടെയാണ് തൻവീർ സെയ്റ്റിനെ ആക്രമിച്ചത്. എംഎൽഎയെ ആക്രമിച്ച സംഭവത്തിന്റെ ആസൂത്രകനായ ആബിദ് പാഷയെ അറസ്റ്റ് ചെയ്തു. തൻവീറിനെ വെട്ടിയ അക്രമി ഫർഹാൻ പാഷക്ക് പരിശീലനം നൽകിയത് കേരളത്തിൽ വച്ചായിരുന്നുവെന്നും തെരുവ് നായകളുടെ കഴുത്തിന് വെട്ടിയാണ് സംഘം പരീശിലനം നടത്തിയതെന്നും എൻ.ഐ.എ പറയുന്നു.
കോൺഗ്രസ് മുൻ മന്ത്രി തൻവീർ വധിക്കാൻ ശ്രമിച്ചത് പി.എഫ്.ഐയാണെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും വ്യക്തമാക്കിയിരുന്നു. പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ് മുൻ മന്ത്രിയെ ആക്രമിച്ചതെന്നും ഇതിൽ ശക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സിദ്ദരാമയ്യയും രംഗത്ത് വന്നിരുന്നു.. സംഭവം സർക്കാർ ചർച്ച ചെയ്യുമെന്നും പി.എഫ്.ഐയെയും കർണാടക ഫോറം ഫോർ ഡിഗ്നിറ്റിയെയും (കെ.എഫ്.ഡി) നിരോധിക്കാൻ കേന്ദ്രത്തിന് ശുപാർശ ചെയ്യുമെന്നും മുൻ ആഭ്യന്തരമന്ത്രി ആർ.അശോക് വ്യക്തമാക്കിയിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പണം ചെലവഴിച്ചത് പോപ്പുലർ ഫ്രണ്ടാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പോപ്പുലർ പ്രണ്ട് പ്രവർത്തകരെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി റിപ്പോർട്ട് നൽകിയിരിക്കുന്നത്. 2018 ൽ പോപ്പുലർ ഫ്രണ്ടിനും ഒരു എൻ.ജി.ഒക്കും എതിരെ ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ കുറ്റമാരോപിക്കപ്പെടുന്ന ചിലരെയും ചോദ്യം ചെയ്തിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങൾക്കായി പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് 120 കോടി രൂപയെത്തിയെന്നാണ് ആരോപണം. ആരോപണം നിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു.
ഹിന്ദു സംഘടനാ നേതാക്കൾക്കെതിരെ ഭീകരാക്രമണം ലക്ഷ്യമിട്ടെത്തിയ മലയാളികളായ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ സ്ഫോടകവസ്തുക്കളുമായി യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട സ്വദേശി അൻസാദ് ബദ്‌റുദ്ദിൻ, കോഴിക്കോട് സ്വദേശി ഫിറോസ്ഖാൻ എന്നിവരെയാണ് യു.പി പൊലീസ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. യു.പിയിലെ സുപ്രധാന സ്ഥലങ്ങളിൽ ബോംബ് സ്ഫോടനവും ഇവർ ലക്ഷ്യമിട്ടെന്ന് പൊലീസ് അറിയിച്ചു. സ്ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ, ആയുധങ്ങൾ, പ്രകോപനപരമായ രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ടിന്റെ മിലിട്ടറി കമാൻഡറാണ് ബദ്‌റുദ്ദീനെന്നാണ് പൊലീസ് പറയുന്നത്.
ആളുകളെ പോപ്പുലർ ഫ്രണ്ടിലേക്ക് റിക്രൂട്ട് ചെയ്ത് അക്രമങ്ങൾ നടത്താനും ഇവർ ലക്ഷ്യമിട്ടരുന്നു. ഉത്തർ പ്രദേശിൽ നിന്ന് യുവാക്കളെ ഭീകരപ്രവർത്തനത്തിനും ആക്രമണങ്ങൾക്കും റിക്രൂട്ട് ചെയ്യാനും ഇവർ ശ്രമം നടത്തിയെന്നും പൊലീസ് പറയുന്നു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്