കോഴിക്കോട്: മാതാവ് പിഞ്ചുകുഞ്ഞുമായി ട്രെയ്നിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത് എനക്ക് മണ്ണിനടിയിൽ പോയാലെ സമാധാനം കിട്ടൂവെന്ന് മൂത്തമകളോട് പറഞ്ഞ ശേഷം. കൊയിലാണ്ടിയിൽ കൈക്കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്തതിൽ സ്വന്തം വീട്ടുകാർക്കെതിരെ പരാതിയുമായി യുവതിയുടെ ഭർത്താവും മൂത്തമകളും രംഗത്ത് വന്നിട്ടുണ്ട്.

തന്റെ അഞ്ചു സഹോദരങ്ങളുടെ പീഡനംമൂലമാണ് ഭാര്യ കുഞ്ഞുമായി ട്രെയിനിനു മുൻപിൽ ചാടി മരിക്കാൻ കാരണമെന്നാരോപിച്ച് ഭർത്താവ് സുരേഷ്ബാബു കൊയിലാണ്ടി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ 30നാണ് കൊയിലാണ്ടി കൊല്ലംവളപ്പിൽ പ്രബിതയും ഒൻപതു മാസം പ്രായമുള്ള ഇളയമകൾ അനുഷികയും ട്രെയിൻ തട്ടി മരിച്ചത്.

യുവതി കുഞ്ഞുമായി ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. തന്റെ വീട്ടുകാരുടെ പീഡനമാണു പ്രബിതയെ മരണത്തിലേക്കു തള്ളിവിട്ടതെന്നാണു ഭർത്താവ് സുരേഷിന്റെ പരാതി. ഭർത്താവിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന നിക്ഷേപം തട്ടിയെടുത്തു എന്നാരോപിച്ചു ഭർത്താവിന്റെ സഹോദരങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പ്രബിതയുടെ മൂത്ത മകളും ആരോപിക്കുന്നു. പ്രബിതയുടെ മരണത്തിനു കാരണക്കാരായവർക്കെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ടു നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

പിഞ്ചുകുഞ്ഞുമായി ട്രെയ്നിന് മുന്നിൽ ചാടി ആത്മഹത്യചെയ്തത് എനക്ക് മണ്ണിനടിയിൽപോയാലെ സമാധാനംകിട്ടൂവെന്ന് പറഞ്ഞ ശേഷമാണെന്നും മൂത്തമകൾ ആരോപിച്ചു. അമ്മയെ ഇവർ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. പെട്രോളൊഴിച്ചു കത്തിക്കുമെന്നുവരെ പറഞ്ഞിരുന്നു. അമ്മക്കു വലിയ മാനസിക പ്രയാസം ഉണ്ടായിരുന്നു. ഇതെല്ലാം കേട്ടിട്ട്് പലപ്പോഴും തനിച്ചു കരയാറുണ്ടായിരുന്നു. തനിക്ക് മണ്ണിനടയിൽപോയാലെ സമാധാനംകിട്ടുവെന്ന് അമ്മ തന്നോടു പറഞ്ഞിരുന്നുവെന്നും മൂത്തമകൾ ആരോപിച്ചു.

എന്നാൽ ചില പ്രശ്നങ്ങളുണ്ടെങ്കിലും ഭാര്യ ആത്മഹത്യചെയ്യുമെന്നു സുരേഷ്ബാബുവും കരുതിയിരുന്നില്ല. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകണമെന്നും തന്റെ ഭാര്യക്കും കുഞ്ഞിനും നീതി ലഭിക്കണമെന്നും സുരേഷ്ബാബു പറഞ്ഞു. കുഞ്ഞിനെ ശരിക്കു കണ്ടു കൊതി തീർന്നിട്ടില്ലെന്നും പൊട്ടിക്കരഞ്ഞുകൊണ്ടു സുരേഷ് ബാബു പറയുന്നൂ.