- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഘടനാ പദവി വഹിക്കുന്ന ഉന്നത വ്യക്തിയിൽ നിന്നു പുരസ്കാരം സ്വീകരിക്കുന്ന ചിത്രങ്ങൾ കരുത്താക്കി; താര പദവി വഹിക്കുന്ന മുതിർന്ന ചലച്ചിത്ര നടൻ പാർട്നർ ആണെന്നും പ്രചരിപ്പിച്ചു; ഇന്റലിജൻസ് റിപ്പോർട്ട് മുക്കിയും പൊലീസിലെ കൂട്ടുകാർ കരുത്തായി; സുരക്ഷ ചുമതല വഹിച്ച വിജിലൻസ് വിങ് എന്ന സെക്യൂരിറ്റി ഏജൻസിയിലെ ഉന്നതന്റെ ഇടപെടലിൽ വളർന്നു; പ്രവീൺ റാണ മുങ്ങി കളിക്കുമ്പോൾ
തൃശൂർ. പ്രവീൺ റാണ 'കുഴപ്പക്കാരനാണെന്ന' മുന്നറിയിപ്പോടെ 3 വർഷം മുൻപു സംസ്ഥാന ഇന്റലിജൻസ് നൽകിയ റിപ്പോർട്ട് മുക്കിയെന്ന് സൂചന. തൃശൂരിലെ സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തു നിന്നും തിരുവനന്തപുരത്തെ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് അയച്ച റിപ്പോർട്ട് കാണേണ്ട പലരും കണ്ടില്ലന്ന് മാത്രമല്ല മുക്കുകയും ചെയ്തു. മൂന്ന് വർഷം മുൻപാണ് പ്രവീൺ റാണയ്ക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട് വരുന്നത്.
സംശയിക്കപ്പെടേണ്ട തരത്തിൽ റാണ സാമ്പത്തിക ഇടപാടുകൾ നടത്തുന്നുവെന്നും നിരീക്ഷണം ആവശ്യമുണ്ടെന്നും സ്പെഷൽ ബ്രാഞ്ച് ഇന്റലിജൻസ് ആസ്ഥാനത്തേക്ക് അയച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതൻ, സിനിമാ താരങ്ങൾ തുടങ്ങിയവർക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ പ്രവീൺ റാണ ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു മറ്റൊരു മുന്നറിയിപ്പ്. സിനിമാ താരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ നിക്ഷേപകർക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ഇവർ തന്റെ ബിസിനസ് പങ്കാളികളാണെന്നു തെറ്റിദ്ധരിപ്പിച്ചു വിശ്വാസമാർജിക്കുകയും ചെയ്താണു റാണ തട്ടിപ്പു തുടർന്നത്.
ഭരണഘടനാ പദവി വഹിക്കുന്ന ഉന്നത വ്യക്തിയിൽ നിന്നു പുരസ്കാരം സ്വീകരിക്കുന്ന ചിത്രങ്ങൾ പ്രവീൺ റാണ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. താര പദവി വഹിക്കുന്ന മുതിർന്ന ചലച്ചിത്ര നടൻ തന്റെ പാർട്നർ ആണെന്നും പ്രചരിപ്പിച്ചു. ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും കാര്യമായ തുടർ നടപടിയൊന്നുമുണ്ടായില്ല. പൊലീസ് സേനയിൽ പ്രവീണിനുള്ള സ്വാധീനമായിരുന്നു പ്രധാന കാരണം. തന്റെ സുരക്ഷയ്ക്കു വേണ്ടി പ്രവീൺ നിയോഗിച്ച വിജിലൻസ് വിങ് എന്ന സ്വകാര്യ സുരക്ഷാ സേനയിൽ പൊലീസിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരായിരുന്നു കൂടുതലും. ഇവർക്കു സേനയിൽ ഉണ്ടായിരുന്ന സ്വാധീനം മുതലെടുത്താണു പ്രവീൺ തനിക്കെതിരായ നീക്കങ്ങൾ പൊളിച്ചിരുന്നത്.
കൂടാതെ ഭരണ പക്ഷത്തെ പല ഉന്നതരും പ്രവീൺ റാണയുമായി അടുത്ത് ചങ്ങാത്തം പുലർത്തുന്നവരായിരുന്നു. തൃശൂരിലെ ചിലരുടെ സഹായം പ്രവീൺ റാണയ്ക്ക് പലപ്പോഴായി കിട്ടിയിട്ടുണ്ട്. പൊലീസ് അന്വേഷണമോ ഇടപെടലോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മാനസിലാകുമ്പോൾ തന്നെ റാണയ്ക്ക് വേണ്ടി ഇടപടൽ വരും. അത്രയ്ക്ക് ശക്തമായിരുന്നു റാണയുടെ രാഷ്ട്രീയ പൊലീസ് ബന്ധങ്ങൾ. പ്രവീൺ റാണയുടെ ചിട്ടിക്കമ്പനിയും അനുബന്ധ ബിസിനസുകളും ഒരുവർഷം മുൻപേ പൊളിഞ്ഞ നിലയിലായിരുന്നു. സേഫ് ആൻഡ് സ്ട്രോങ് എന്ന പേരിൽ പ്രവീൺ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ലൈസൻസ് കഴിഞ്ഞ വർഷം രജിസ്റ്റ്രാർ ഓഫ് കമ്പനീസ് റദ്ദാക്കി.
ശരാശരി 35,000 രൂപ ശമ്പളം ലഭിച്ചിരുന്ന ജീവനക്കാർക്ക് 10,000 രൂപയിൽ താഴെ മാത്രമായി ശമ്പളം. ലൈസൻസ് റദ്ദാക്കിയിട്ടും കമ്പനിയുടെ പ്രവർത്തനം തുടരുന്നുവെന്നു കണ്ടതോടെ 'ബാനിങ് ഓഫ് അൺ ഓതറൈസ്ഡ് ഡിപ്പോസിറ്റ് സ്കീം' പ്രകാരം പ്രവീണിനെതിരെ നടപടിയെടുക്കാൻ വെസ്റ്റ് പൊലീസിനു രജിസ്റ്റ്രാർ ഓഫ് കമ്പനീസ് ശുപാർശ നൽകി. വെസ്റ്റ് പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ഒഴിവാക്കാൻ പ്രവീൺ റാണ കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാനത്താകെ 25 ശാഖകളിലായി നൂറുകണക്കിനു കാൻവാസിങ് ഏജന്റുമാർ പ്രവീൺ റാണയ്ക്കുണ്ടെന്നാണു വിവരം.
പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൻ മാവുങ്കലുമായി പ്രവീൺ റാണയെ താരതമ്യപ്പെടുത്തി ഏതാനും മാസം മുൻപു സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു മറുപടിയായി ഒരു വിഡിയോയിൽ പ്രവീൺ റാണയുടെ വിശദീകരണം ഇങ്ങനെ: 'ഞാൻ ഒരാളെപ്പോലും പറ്റിച്ചിട്ടില്ല, ആരെയും ചതിച്ചിട്ടില്ല. മനസാക്ഷിയുടെ ജയിലിനെ മാത്രമേ ഞാൻ പേടിക്കുന്നുള്ളൂ. അല്ലാതൊരു ജയിലിനെയും എനിക്കു പേടിയില്ല. തെറ്റു ചെയ്തവനു മാത്രമേ പേടിക്കേണ്ട കാര്യമുള്ളൂ. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്നെ വീഴ്ത്തണമെന്ന് ആരെങ്കിലും വിചാരിച്ചാലും ഞാൻ വീഴില്ല.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്