തൃശൂർ: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പു കേസിലെ പ്രതിയായ പ്രവീൺ റാണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരമാനം. 100 കോടിയിലേറെ തട്ടിയെടുത്തു റാണ അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കവും നടക്കുന്നത്. റാണക്കൊപ്പം കൂട്ടുപ്രതികളുടെ സ്വത്തും കണ്ടുകെട്ടു. ബഡ്സ് (ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീംസ്) നിയമപ്രകാരം കണ്ടുകെട്ടാൻ ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്.

നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന കേസിൽ ഇരുന്നൂറിലേറെ കേസുകൾ ഇയാൾക്കെതിരെയുണ്ട്. 9 മാസം ജയിലിലായിരുന്ന പ്രവീൺ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിനു പിന്നാലെയാണു നീക്കം. സേഫ് ആൻഡ് സ്‌ട്രോങ് ചിട്ടിക്കമ്പനി വഴി 48% പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരിൽനിന്ന് 100 കോടിയിലേറെ രൂപ തട്ടിയെടുത്തു മുങ്ങിയ കേസിലാണ് അരിമ്പൂർ വെളുത്തൂർ കെ.പി.പ്രവീൺ (37) എന്ന പ്രവീൺ റാണയെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

റാണയുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. വിവിധ സ്റ്റേഷനുകളിൽ നൂറിലേറെ പരാതികളാണു രജിസ്റ്റർ ചെയ്തിട്ടുള്ളത്. 'കോടീശ്വരൻ' എന്ന പ്രതിഛായ സൃഷ്ടിക്കാൻ വിവിധ രംഗങ്ങളിൽ പ്രവീൺ റാണ ആരംഭിച്ചതു 11 കമ്പനികളാണെന്നു പൊലീസ് പറയുന്നു. ഇവയിൽ മിക്കതും പൊട്ടി. ചിട്ടിക്കമ്പനിയിലൂടെ ജനങ്ങളിൽനിന്നു തട്ടിയെടുത്ത പണമായിരുന്നു മിക്ക സ്ഥാപനങ്ങളുടെയും മൂലധനം.

രാഷ്ട്രീയനേതാക്കൾക്കടക്കം ഈ സ്ഥാപനങ്ങളിൽ കള്ളപ്പണ നിക്ഷേപമുണ്ടായിരുന്നു. സേഫ് ആൻഡ് സ്‌ട്രോങ് ബിസിനസ് കൺസൽറ്റന്റ്‌സ് ആണു പ്രധാന സ്ഥാപനം. സേഫ് ആൻഡ് സ്‌ട്രോങ് ടൂർസ് ആൻഡ് ട്രാവൽസ്, സേഫ് ആൻഡ് സ്‌ട്രോങ് പ്രിന്റേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സ്, സേഫ് ആൻഡ് സ്‌ട്രോങ് എൻജിനീയേഴ്‌സ് ആൻഡ് ഡവലപ്പേഴ്‌സ്, സേഫ് ആൻഡ് സ്‌ട്രോങ് ഐടി സൊലൂഷൻസ്, ഐആം വെൽനസ് ഗ്രൂപ്പ്, സേഫ് ആൻഡ് സ്‌ട്രോങ് ടിവി, സേഫ് ആൻഡ് സ്‌ട്രോങ് അക്കാദമി, സേഫ് ആൻഡ് സ്‌ട്രോങ് കൈപ്പുള്ളീസ്, സേഫ് ആൻഡ് സ്‌ട്രോങ് മാർക്കറ്റിങ് ബിസിനസ് എന്നിവയായിരുന്നു മറ്റു സ്ഥാപനങ്ങൾ.

കൊച്ചിയിലെ ഫ്‌ളൈ ഹൈ ബാർ, നവി മുംബൈയിലെ 1500 കോടിയുടെ പദ്ധതി, ബംഗലൂരുവിലും പുണെയിലുമുള്ള ഡാൻസ് ബാറുകൾ, ഇങ്ങനെ നിരവധിയനവധിപ്പദ്ധതികളിൽ താൻ പണം മുടക്കിയെന്നാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാൽ തൃശൂരിലെ സേഫ് ആൻഡ് സ്‌ട്രോങ് കേന്ദ്ര ഓഫീസ് വിലാസത്തിൽ രജിസ്റ്റർ ചെയ്ത പല സ്ഥാപനങ്ങളും കടലാസ് കമ്പനികളാണെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു.

ആരെയും അമ്പരപ്പിക്കുന്നരീതിയിലായിരുന്നു തൃശ്ശൂർ കുന്നത്തങ്ങാടി സ്വദേശിയായ കെ.പി.പ്രവീണിന്റെ വളർച്ച. എൻജിനീയറിങ് കോളേജിലെ പഠനത്തിന് ശേഷം ചെറിയ മൊബൈൽ ഷോപ്പ് നടത്തിയിരുന്ന കെ.പി.പ്രവീൺ പിന്നീട് ഡോക്ടർ പ്രവീണായാണ് രംഗപ്രവേശം ചെയ്യുന്നത്. മൊബൈൽ ഷോപ്പ് നടത്തിയിരുന്ന പ്രവീൺ കേരളത്തിന് പുറത്ത് പൂട്ടിപ്പോയ വ്യാപാര സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്നു.

ഇതിൽ വിജയം കണ്ടതോടെ പ്രവർത്തനമേഖല പബ്ബുകളിലേക്കും സ്പാകളിലേക്കും മാറ്റി. കർണാടകത്തിലും തമിഴ്‌നാട്ടിലും പബ്ബുകൾ തുടങ്ങിയ ഇയാൾ മദ്യക്കച്ചവടത്തിലും പിടിമുറുക്കി. എന്നാൽ തനിക്കെതിരേ അന്വേഷണഏജൻസികൾ നീങ്ങുന്നുവെന്ന് മനസിലായതോടെ പ്രവീൺ കേരളത്തിലേക്ക് മടങ്ങി. തുടർന്നാണ് സേഫ് ആൻഡ് സ്ട്രോങ് നിധി കമ്പനിയും കൺസൾട്ടൻസിയും ആരംഭിച്ച് മലയാളികളെ 'പറ്റിച്ച്' ജീവിക്കാൻ തുടങ്ങിയത്.

ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം മൂവായിരം രൂപയിലേറെയാണ് പലിശയായി ഇയാൾ വാഗ്ദാനം ചെയ്തിരുന്നത്. കാലാവധി പൂർത്തിയായാൽ നിക്ഷേപത്തുക തിരികെ ലഭിക്കുമെന്നും വാക്കുനൽകിയിരുന്നു. സേഫ് ആൻഡ് സ്ട്രോങ് നിധി കമ്പനിയിൽ 12 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്തിരുന്നതെങ്കിലും സേഫ് ആൻഡ് സ്ട്രോങ് കൺസൾട്ടൻസിയിൽ പണം മുടക്കിയാൽ 40 ശതമാനം വരെ പലിശ ലഭിക്കുമെന്നായിരുന്നു പ്രവീൺ നൽകിയ ഉറപ്പ്. സ്ഥാപനത്തിന്റെ ഫ്രൊഞ്ചൈസി നൽകുകയാണെന്ന് പറഞ്ഞാണ് ഈ പണം മുഴുവൻ തട്ടിയത്. നിക്ഷേപകരുമായി ഫ്രാഞ്ചൈസി കരാറും ഒപ്പിട്ടിരുന്നു.

തൃശ്ശൂർ ആസ്ഥാനമായിട്ടായിരുന്നു സേഫ് ആൻഡ് സ്ട്രോങ് കമ്പനിയുടെ പ്രവർത്തനം. പാലക്കാട് ജില്ലയിലും സ്ഥാപനത്തിന്റെ ബ്രാഞ്ചുകളുണ്ടായിരുന്നു. തുടക്കത്തിൽ നിക്ഷേപകർക്ക് കൃത്യമായി പലിശ നൽകി കമ്പനി നിക്ഷേപകരുടെ വിശ്വാസംനേടി. ഇതോടെ നേരത്തെ പണം നിക്ഷേപിച്ചവർ തന്നെ പുതിയ നിക്ഷേപകരെ കൊണ്ടുവന്നു. കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നവർക്ക് വൻ സമ്മാനങ്ങളും നൽകി. വൻകിട റിസോർട്ടുകളിലും ഹോട്ടലുകളിലുമാണ് പ്രവീൺ റാണ തന്റെ കമ്പനിയുടെ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. സ്വയം ചാർത്തിയ 'ലൈഫ് ഡോക്ടർ' വിശേഷണവും തട്ടിക്കൂട്ട് അവാർഡുകളും തട്ടിപ്പിനായി ഉപയോഗിച്ചു.

റാണയുടെ നിധി സ്ഥാപനത്തിന്റെ അംഗീകാരം സർക്കാർ റദ്ദാക്കിയതോടെയാണ് കോടികളുടെ തട്ടിപ്പ് പുറംലോകമറിയുന്നത്. കമ്പനി അംഗീകാരം റദ്ദായിട്ടും ഇത് മറച്ചുവെച്ചും ഇയാൾ കോടികൾ നിക്ഷേപമായി സ്വീകരിച്ചിരുന്നു. എന്നാൽ വാഗ്ദാനം ചെയ്ത പലിശ ലഭിക്കാതിരുന്നതോടെ നിക്ഷേപകർ പരാതികളുമായി എത്തിത്തുടങ്ങി. ഒടുവിൽ പരാതികൾ വർധിച്ചതോടെ പിടിച്ചുനിൽക്കാനാകാതെ പ്രവീൺ പതറി. ഡിസംബർ അവസാനം നിക്ഷേപകരുടെ യോഗം വിളിച്ചുകൂട്ടിയ ഇയാൾ, ജനുവരി ആദ്യത്തിൽ പണം തിരികെ നൽകാമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ യോഗത്തിന് ശേഷം കമ്പനിയിൽനിന്ന് പ്രവീൺ രാജിവെച്ചെന്ന വിവരമാണ് നിക്ഷേപകർ അറിഞ്ഞത്. ഇതോടെ വൻലാഭം പ്രതീക്ഷിച്ച് പണം നിക്ഷേപിച്ചവരിൽ പലരും പൊലീസിനെ സമീപിക്കുകയായിരുന്നു.

ലൈഫ് ഡോക്ടർ എന്ന ലേബലിലാണ് പ്രവീൺ റാണ തന്നെ സ്വയം മാർക്കറ്റ് ചെയ്തിരുന്നത്. സ്വകാര്യ ടി.വി. ചാനലിലെ സ്പോൺസേർഡ് പ്രോഗ്രാമിലൂടെ ഇയാൾ പ്രശസ്തി നേടി. ജീവിതോപദേശങ്ങളും ജീവിതവിജയത്തിന് വേണ്ട കാര്യങ്ങളുമെല്ലാം അടിസ്ഥാനമാക്കിയായിരുന്നു പ്രവീണിന്റെ പ്രഭാഷണം.

ചെറുപ്പക്കാരുടെ ഒരുവലിയ സംഘവും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇവരുടെ ദേഹത്ത് പ്രവീണിന്റെ ചിത്രം ടാറ്റൂ ചെയ്തിരുന്നു. ഇതിനൊപ്പം പ്രവീൺ റാണ സോൾജിയേഴ്സ് എന്ന പേരിലും അനുയായികളുടെ സംഘമുണ്ടായിരുന്നു.ഈ സംഘത്തിനായി വൻകിട റിസോർട്ടുകളിൽ ലക്ഷങ്ങൾ പൊടിപിടിച്ച് പാർട്ടികളും സംഘടിപ്പിച്ചു. ഇത്തരം ആഡംബര പരിപാടികളിലൂടെ നിക്ഷേപകരെയും ആകർഷിച്ചിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയകക്ഷിയെ കൂട്ടുപിടിച്ച് തൃശ്ശൂരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വൻ പരാജയമായിരുന്നു. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് കെട്ടിവെച്ച തുകയും നഷ്ടപ്പെട്ടു.