- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിൻസിനെ ഇടിച്ച് തെറിപ്പിച്ച ശേഷം പാതയോരത്തെ കലുങ്കും ഇടിച്ചു തകർത്ത ശേഷം പിക്കപ്പ് നിന്നു; പൊടി പടലങ്ങൾ പറക്കുന്നതിനിടെ വാഹനത്തിൽ നിന്നിറങ്ങി കൈ ഉയർത്തി സന്തോഷം പ്രകടിപ്പിച്ച പ്രതി; ജോലി ചെയ്ത പണം കിട്ടാത്തതിന് പ്രതികാരമായി കൊലപാതക ശ്രമം; നിർണ്ണായകമായത് സിസിടിവി
ഇടുക്കി: ജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള പണം നൽകിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രക്കാരനെ പിക്കപ്പ് വാൻ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ. ഏലപ്പാറ കോഴിക്കാനം കിഴക്കേൽ പുതുവൽ ആഹാർഭവനിൽ പ്രിൻസിന്(34)നെയാണ് ചീറിപ്പാഞ്ഞെത്തിയ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചത്.
സംഭവത്തിൽ കോഴിക്കാനം എസ്റ്റേറ്റ് സെക്കന്റ് ഡിവിഷൻ ലയത്തിലെ താമസക്കാരൻ, പട്ടി രാജൻ എന്നറിപ്പെടുന്ന രാജനെ(32)നെ പീരുമേട് പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പ്രിൻസിനെ രാജൻ ഓടിക്കുന്ന പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുന്നതിന്റെ സിസി ടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പ്രിൻസിനെ ഇടിച്ച് തെറിപ്പിച്ച ശേഷം പാതയോരത്തെ കലുങ്കും ഇടിച്ചുതകർത്ത ശേഷമാണ് പിക്കപ്പ് നിന്നത്. പൊടി പടലങ്ങൾ പറക്കുന്നതിനിടെ വാഹനത്തിൽ നിന്നിറങ്ങി, കൈ ഉയർത്തി സന്തോഷം പ്രകടിപ്പിച്ച്, ഒന്നും സംഭവിക്കാത്ത മട്ടിൽ രാജൻ സമീപത്ത് ചുറ്റിക്കറങ്ങുന്നതും ദൃശ്യത്തിലുണ്ട്.
അപകടം കണ്ട് ഓടിയെത്തിവരാണ് പ്രിൻസിനെ ആശുപത്രിയിൽ എത്തിച്ചത്. തോളെല്ലിനും മുതുകിലും സാരമായി പരിക്കേറ്റിട്ടുണ്ട്.അപകടത്തിൽ പ്രിൻസിന്റെ ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഉറ്റവരും അടുപ്പക്കാരും.കാഴ്ചക്കാരിൽ ഭീതി ജനിപ്പിക്കുന്ന തരത്തിലുള്ളതാണ് പുറത്തുവന്നിട്ടുള്ള സിസി ടിവി ദൃശ്യം. കർഷകനായ പ്രിൻസ്് കിട്ടുന്ന ജോലികൾക്കെല്ലാം പോയിരുന്നു. ഇടക്ക് കേബിൾ വലിക്കുന്ന ജോലിക്കും പോയിരുന്നു.ഈ ഘട്ടത്തിൽ സഹായിയായിരുന്നു രാജൻ. ജോലി ചെയ്ത വകയിൽ പ്രിൻസ് പണം നൽകാനുണ്ടെന്നും ഇത് ചോദിച്ചിട്ട് നൽകാത്ത വൈരാഗ്യത്തിലും പെട്ടെന്നുണ്ടായ പ്രകോപനത്താലുമാണ് വാഹനം ഇടിപ്പിച്ചതെന്നാണ് രാജൻ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
എന്നാൽ 6 മാസം മുമ്പെ രാജനുമായിട്ടുണ്ടായിരുന്ന സാമ്പത്തീക ഇടപാടുകൾ അവസാനിപ്പിച്ചിരുന്നെന്നും മദ്യലഹരിയിൽ എന്തും ചെയ്യാൻ മടിയില്ലാത്ത ആളാണ് രാജനെന്നുമാണ് പ്രിൻസ് പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്.കോടതിയിൽ ഹാജരാക്കി, റിമാന്റ് ചെയ്തു. എസ് എച്ച് ഒ വിഷ്ണുകുമാർ, എസ് ഐ രാജേഷ് കുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിനേഷ്, റജിമോൻ സിപിഒ മാരായ അനൻസിയ,ഹരീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.
മറുനാടന് മലയാളി ലേഖകന്.