- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർദ്ധ രാത്രി കുടിലിൽ എത്തി വയോധികയെ കടന്നു പിടിക്കാൻ ശ്രമം; എതിർത്തയാളെ ഇന്റർ ലോക്ക് ടൈൽ ഉപയോഗിച്ചു തലയ്ക്കടിച്ച് കൊലപ്പെടുത്തി; വയോധികയെ അമ്മിക്കല്ലു കൊണ്ടു തലയ്ക്കടിച്ചു കൊന്നു; തമിഴ് ശബ്ദം കുടിലിൽ നിന്നു കേട്ടുവെന്ന മൊഴി നിർണായകമായി; പുനലൂർ നഗരമധ്യത്തിലെ ഇരട്ടകൊലയിൽ പ്രതിയെ കണ്ടെത്തി പൊലീസ്
കൊല്ലം: പുനലൂർ പട്ടണ മധ്യത്തിൽ കുടിലിനുള്ളിൽ വയോധികരുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മറ്റൊരു കൊലക്കേസിൽ റിമാൻഡ് പ്രതിയായി ജയിലിൽ കിടന്ന ശേഷം ജാമ്യത്തിൽ ഇറങ്ങിയ ആളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു വീണ്ടും ജയിലിലേക്ക് അയച്ചു. തെങ്കാശി കുമാരപുരം സ്വദേശി ശങ്കറിനെ (34) യാണ് പലീസ് പിടികൂടിയത്.
പുനലൂർ കെഎസ്ആർടിസി ഡിപ്പോയോട് ചേർന്നുള്ള മലയോര ഹൈവേയിൽ വെട്ടിപ്പുഴ തോട്ട് പുറമ്പോക്കിൽ കുടിൽകെട്ടി താമസിക്കുന്ന ഇന്ദിര(60)യുടെയും കടയ്ക്കാമൺ കോളനിയിൽ പ്ലോട്ട് നമ്പർ 4ൽ ബാബുവിന്റെ (60)യും മൃതദേഹമാണ് ഈ മാസം 21ന് രാവിലെ 11.30 മണിയോടെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെപ്പറ്റി പുനലൂർ പൊലീസ് പറയുന്നത് ഇങ്ങനെ:
കടംവാങ്ങിയ പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഓയൂർ പൂയപ്പള്ളി മരുതമൺ പള്ളിയിൽ പറയിൽ ചരുവിളവീട്ടിൽ ശാന്തയെ (60) കൊലപ്പെടുത്തിയ കേസിൽ റിമാൻഡ് പ്രതിയായി തിരുവനന്തപുരം സ്പെഷൽ ജയിലിലായിരുന്നു ശങ്കർ. ജാമ്യം ലഭിച്ച് ഈ മാസം 18നാണ് പുറത്തിറങ്ങിയത്.
പുനലൂരിൽ കൊല്ലപ്പെട്ട ശാന്തയോടൊപ്പം നേരത്തേ ഏതാനും മാസം താമസിച്ചിരുന്ന ശങ്കർ 18ന് അർധരാത്രിയോടെ കുടിലിൽ എത്തി. ഈസമയം ഇവിടെ ബാബുവും ആക്രി പെറുക്കുന്ന മറ്റൊരാളും ഉണ്ടായിരുന്നു. ആക്രി വ്യാപാരിയെ ക്രൂരമായി ശങ്കർ മർദിച്ചു. ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇന്ദിരയോട് അപമര്യാദയായി പെരുമാറാൻ ഒരുങ്ങിയപ്പോൾ ബാബു എതിർത്തു.
തുടർന്ന് ഇന്ദിരയെ മർദിച്ച് അവശയാക്കിയ ശേഷം കുടിലിൽ ഉണ്ടായിരുന്ന അമ്മിക്കല്ല് രണ്ടു തവണ തലയിലേക്ക് ഇട്ടു. പിന്നീട് ഇന്റർലോക്ക് ടൈൽ ഉപയോഗിച്ച് ബാബുവിന്റെ തലയിൽ അടിച്ചു പരുക്കേൽപിച്ചു. ഇരുവരുടെയും മരണം ഉറപ്പാക്കി ഇവരെ കുടിലിനുള്ളിലേക്ക് വലിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. സംഭവദിവസം തമിഴ് സംസാരിക്കുന്ന ഒരാളുടെ സംസാരം കുടിലിനുള്ളിൽ കേട്ടെന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിൽ പുരോഗതിയുണ്ടായത്.
പുനലൂർ മാർക്കറ്റിന് സമീപത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. ആദ്യം മൃതദേഹങ്ങൾ ആരുടേതെന്ന് പോലും പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പുഴുവരിച്ച നിലയിലാണ് മൃതദേഹങ്ങൾ കുടിലിനുള്ളിൽ കണ്ടത്. നാല് ദിവസത്തെ പഴക്കം ഉണ്ടായിരുന്നു. ഇരുവരുടെയും തലക്ക് ഏറ്റ ക്ഷതമാണ് മരണകാരണം എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും ഉണ്ടായിരുന്നു. ശരീരത്തിലും മാരകമായ മുറിവുകൾ ഉണ്ടായിരുന്നു.
റൂറൽ പൊലീസ് മേധാവി എം.എൽ.സുനിൽ, പുനലൂർ ഡിവൈഎസ്പി ബി.വിനോദ് എന്നിവരുടെ നിർദ്ദേശപ്രകാരം സ്റ്റേഷൻ ഓഫിസർ ടി.രാജേഷ്കുമാർ, എസ്ഐമാരായ ഹരീഷ്, രാജശേഖരൻ, മനോജ്,സ്പെഷൽ ബ്രാഞ്ച് എസ് ഐ ബി.സുരേഷ് കുമാർ, കുന്നിക്കോട് എസ് ഐ അമീൻ സിപിഒമാരായ പ്രവീൺ, മഞ്ജൂർ, ചന്ദ്രമോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണവും അറസ്റ്റും നടന്നത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്