- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാഗിങ് എന്ന പേരിൽ സീനിയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിച്ചെന്ന് ജൂനിയർ വിദ്യാർത്ഥി; പരാതിപ്പെട്ട തന്നെ കോളേജിൽ നിന്നും പുറത്താക്കിയെന്നും പരാതി; അക്രമത്തിന് മുതിർന്നതോടെയാണ് പുറത്താക്കിയതെന്ന് പ്രിൻസിപ്പലും; കേസെടുത്ത് കോതമംഗലം പൊലീസ്; വിവാദം നെല്ലിക്കുഴിയിലെ കോളേജിൽ
കോതമംഗലം: റാഗിംഗിന്റെ ഭാഗമായി സീനിയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിച്ചെന്ന വിദ്യാർത്ഥിയുടെ പരാതിയിൽ കോതമംഗലം പൊലീസ് കേസെടുത്തു. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ആർട്സ് കോളേജിലെ വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ മുഹമ്മദ് ഷംനാദിന്റെ പരാതിയിലാണ് കോതമംഗലം പൊലീസ് കേസെടുത്തിട്ടുളത്.
ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് ശേഷം 12 ഓളം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് തന്നെ ആക്രമിച്ചെന്നാണ് ഷംനാദിന്റെ പരാതി. മുൻപും ഇത്തരത്തിൽ ആക്രമണങ്ങൾ പല വിദ്യാർത്ഥികൾക്കും നേരെ ഉണ്ടായിട്ടുണ്ടെന്നും ഭീതി കാരണം ഇരകൾ പുറത്തു പറയാത്തതാണെന്നും ഷംനാദ് പറയുന്നു.
ഇത്തരം സംഭവം അറിഞ്ഞാലും കോളേജ് മാനേജ്മെന്റും പ്രിൻസിപ്പലും പുറത്ത് അറിയിക്കാതെ പരാതിക്കാരായ വിദ്യാർത്ഥികളെ ഭയപ്പെടുത്തി പരാതിയിൽ നിന്നും പിന്തിരിപ്പിക്കുകയാണ് പതിവെന്നും ഷംനാദ് വ്യക്തമാക്കി.
റാഗിംങ് സംബന്ധിച്ച് പരാതി പറയാനെത്തിയ തന്നെ ഭയപ്പെടുത്തിയെന്നും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മാനേജ്മെന്റ് തന്നെ കോളേജിൽ നിന്നും പുറത്താക്കിയെന്നും ഷംനാദ് പറഞ്ഞു. ബുധനാഴ്ച രാവിലെ മലപ്പുറം പൊന്നാനിയിൽ നിന്ന് പിതാവ് എത്തിയ ശേഷമാണ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഷംനാദ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അന്യായമായി തന്റെ മകനെ കോളേജിൽ നിന്നും പുറത്താക്കിയ പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ യൂണിവേഴ്സിറ്റി അധികാരികൾക്ക് പരാതി നൽകുമെന്ന് ഷംനാദിന്റെ പിതാവ് ഷംസുദ്ദീൻ പറഞ്ഞു. പരിക്കേറ്റ ഷംനാദ് കോതമംഗലം ബസ്സേലിയോസ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥി പറഞ്ഞ മൊഴി പ്രകാരം കേസ് എടുത്തിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും കോതമംഗലം സി ഐ അറിയിച്ചു.
അതേസമയം, കോളേജിൽ വച്ച് നൗഷാദിനെ അക്രമാസക്തനായെന്നും, പിന്തിരിപ്പിക്കാൻ പ്രിൻസിപ്പൽ അടക്കമുള്ളവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ഈ സാഹചര്യത്തിലാണ് കോളേജിൽ നിന്നും പുറത്താക്കിയതെന്നും കോളേജ് മാനേജ്മെന്റ് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.