- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിനെ വഴിതെറ്റിക്കാൻ ഒളിച്ചോട്ടത്തിന് രണ്ടു മാസം മുൻപേ സംസാരം വാട്‌സാപ്പ് കോളിൽ മാത്രമാക്കി; ബാങ്കിൽ മൊട്ടിട്ട പ്രണയം മൂത്തപ്പോൾ പ്രായമായിട്ട് മതി കല്യാണമെന്ന അഭിഭാഷക ഉപദേശവും തള്ളിക്കളഞ്ഞു; അമ്മയുടെ സുഹൃത്തിന്റെ വീട്ടിൽ ഒളിത്താവളം; 17കാരിയുമായി മുങ്ങിയഎറ്റിഎം ടെക്‌നീഷ്യനെ സറണ്ടറാക്കി പൊലീസ് ബുദ്ധി
തിരുവനന്തപുരം. പതിനേഴുകാരിയായ മകളെ കാണാനില്ലന്ന പരാതിയുമായി ഈ മാസം 13ന് വൈകുന്നേരമാണ് രക്ഷിതാക്കൾ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. രാവിലെ അക്ഷയ സെന്ററിൽ പോയ മകൾ മടങ്ങി വരാത്തതിനാൽ കൂട്ടുകാരുടെ വീടുകളിലൊക്കെ അന്വേഷിച്ച് പരാജയപ്പെട്ടപ്പോഴാണ് അമ്മയും അച്ഛനും നെടുമങ്ങാട് സിഐ എസ്.സതീഷ് കുമാറിനെ നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചത്. സിഐ സതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അപ്പോൾ തന്നെ നെടുമങ്ങാട് അക്ഷയ സെന്ററിന് മുന്നിലെത്തി അവിടെത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് കാണാതായ പെൺകുട്ടി ഒരു യുവാവിനൊപ്പം പൾസർ ബൈക്കിൽ കയറി പോകുന്നത് കണ്ടത്.
ബൈക്കിന്റെ നമ്പരും യുവാവിന്റെ ചിത്രവും വ്യക്തമല്ലാത്തതിനാൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും വ്യക്തത കിട്ടിയില്ല.എന്നാൽ കമിതാക്കളുടെ ഒളിച്ചോട്ടമാണിതെന്ന് പൊലീസ് ഉറപ്പിച്ചു. ഇതനുസരിച്ച് ജില്ലാ അതിർത്തികളിലെ സിസിടിവി പരിശോധിച്ചു. കൊല്ലം ജില്ലയിലെ ആയുർ വരെ ഇവർ സിസിടിവി പരിധിയിൽ തന്നെ ഉണ്ടായിരുന്നു. ഇതിനിടെ പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ പത്തനംതിട്ട ഏനാത്ത് വെച്ച് സ്വിച്ച് ഓഫ് ആകുന്നു. ഇതിനിടെ ആനാട് നെട്ടറകോണം കൃഷ്ണ വിലാസത്തിൽ രാഹുലിനെ കാണാനില്ലന്ന പരാതിയും പൊലീസിന് ലഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ പൊലീസ് കാണിച്ചപ്പോൾ ബന്ധുക്കൾ പെൺകുട്ടിക്ക് ഒപ്പമുള്ളത് രാഹുൽ ആണെന്ന് സ്ഥിരീകരിച്ചു. ഇരുവരും പിന്നീട് മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇവരെ കണ്ടെത്തുക എന്നതും പൊലീസിന് മുന്നിൽ വെല്ലുവിളിയായി. ഇതിനിടെ പ്രതിയായ രാഹുലിന്റെ അമ്മയുടെ ഫോൺ പൊലീസ് നിരീക്ഷിച്ചു. കോട്ടയം കുമ്മനം സ്വദേശിയായ ഒരു സത്രീ ഇവരെ നിരന്തരം വിളിക്കുന്നതായി മനസിലായി.ഇതനുസരിച്ച് കുമ്മനത്ത് എത്തിയ പൊലീസ് ഫോൺ വിളിച്ച സ്ത്രീയെ ചോദ്യം ചെയ്തപ്പോഴേയ്ക്കും രാഹുലും പെൺകുട്ടിയും വൈക്കത്ത് ബിജു എന്നയാളുടെ വീട്ടിലുണ്ടെന്ന വിവരം കിട്ടി.
ഭാര്യ ഉപേക്ഷിച്ചു പോയ ബിജു ഒറ്റയ്ക്കായിരുന്നു താമസം. രാഹുലിന്റെ അമ്മയുടെയും കുമ്മനത്തെ സ്ത്രീയുടെയും ഫെയ്‌സ് ബുക്ക് ഫ്രണ്ടായ ബിജുവിന്റെ വീട്ടിൽ പൊലീസ് എത്തുന്നതിന് മുൻപ് തന്നെ അവർ കടന്നു കളഞ്ഞിരുന്നു. രാഹുലിനെയും പെൺകുട്ടിയേയും ഒളിവിൽ താമസിപ്പിച്ചതിന് ബിജുവിനെ അറസ്റ്റു ചെയ്ത് പൊലീസ് നെടുമങ്ങാട് എത്തിച്ചു. കൂടാതെ രാഹുലിന്റെ വീട്ടുകാരെയും ബന്ധുക്കളെയും നിരവധി തവണ ചോദ്യം ചെയ്തു.
കേസിൽ തുമ്പുണ്ടാക്കുന്നതിനപ്പുറം ഒളിവിൽ കഴിയുന്ന രാഹുലിനെ സമ്മർദ്ദപ്പെടുത്തുക എന്ന തന്ത്രവും പൊലീസ് പ്രയോഗിച്ചു. ഇതിന്റെ ഭാഗമായി എ റ്റി എം മെഷീൻ സർവ്വീസ് കാരായ ഹിറ്റാച്ചി കമ്പിനിയുമായി പൊലീസ് നേരിട്ട് ബന്ധപ്പെട്ടു. അപ്പോഴാണ് കമ്പിനിയുടെ ആപ്പ് രാഹുൽ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലായത്. കമ്പിനി നൽകിയ സി യു ജി ഫോൺ വാട്‌സ് ആപ്പ് കോളിന് രാഹുൽ ഉപയോഗിക്കുന്നതായും മനസിലായി. ഫോൺ ഓൺ ആക്കാതെ ഡോൺങ്കിൽ ഉപയോഗിച്ചാണ് രാഹുൽ വാട്‌സ് അപ് കോൾ ചെയ്തിരുന്നത്.
ഹിറ്റാച്ചി കമ്പിനി വഴിയും രാഹുലിനെ സറണ്ടർ ആവാൻ സമ്മർദ്ദപ്പെടുത്തി. പെൺകുട്ടിക്ക് നിയമപ്രകാരം പ്രായപൂർത്തിയാകാൻ ഇനി 80 ദിവസം കൂടി ശേഷിക്കുന്നുണ്ടായിരുന്നു. അത്രയും ദിവസം ഒളിവിൽ കഴിഞ്ഞിട്ട് കീഴടങ്ങാനായിരുന്നു പദ്ധതി. എന്നാൽ പൊലീസ് നിർബന്ധ പ്രകാരം ഹിറ്റാച്ചി കമ്പിനി ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് അന്ത്യശാസനം കൂടി നൽകിയതോടെ കൃത്യം ഒരാഴ്ചക്കകം പെൺകുട്ടിയുമായി പ്രതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തി. പോക്‌സോ കേസിൽ പ്രതിയായ രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പെൺകുട്ടിയെ മാതാപിതാക്കൾക്ക് ഒപ്പം വിട്ടു. പ്രതി ഇപ്പോൾ റിമാന്റിലാണ്.
ഒരു വർഷം മുൻപ് നെടുമങ്ങാട്ടെ ഒരു ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ എത്തിയപ്പോഴാണ് പെൺകുട്ടി രാഹുലിനെ പരിചയപ്പെട്ടത്.അക്കൗണ്ട് ഓപ്പണിങ് ഫോം പൂരിപ്പിക്കാൻ പേന നൽകിയായിരുന്നു പരിചയപ്പെടൽ. പിന്നീട് അത് പ്രണയമായി വളരുകയായിരുന്നു. പെൺകുട്ടിയുടെ സഹപാഠിയായ യുവാവും ഇവരുടെ പ്രണയത്തിന് സഹായിയായിരുന്നു. തുടർന്ന് രാഹുലിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അക്ഷയ കേന്ദ്രത്തിലേയ്ക്ക് പോയ പെൺകുട്ടി ഇയാൾക്ക് ഒപ്പം ഒളിച്ചോടിയത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്