- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഉടമ രാഹുൽ ചക്രപാണി കസ്റ്റഡിയിൽ
കണ്ണൂർ: സാധാരണക്കാരെ കബളിപ്പിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ, റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഉടമ രാഹുൽ ചക്രപാണി കസ്റ്റഡിയിൽ. നിത്യവരുമാനത്തിൽ നിന്ന് സ്വരുക്കൂട്ടി വച്ചത് നിക്ഷേപിച്ച സാധാരണക്കാരാണ് തട്ടിപ്പിന് ഇരയായത്. നിത്യേനയുള്ള കലക്ഷൻ മുതൽ സ്ഥിരനിക്ഷേപം വരെ ആയിട്ടാണ് കമ്പനി നിക്ഷേപം സ്വീകരിച്ചിരുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, അങ്ങനെ ഈ കുരുക്കിൽ പെട്ടവരിലേറെയും സാധാരണക്കാരാണ്.
റോയൽ ട്രാവൻകൂർ ഫെഡറേഷന്റെ കണ്ണൂർ ചെട്ടിപീടികയിലുള്ള ഓഫീസിൽ വെച്ച് വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു ടൗൺ പൊലീസ് രാഹുൽ ചക്രപാണിയെ കസ്റ്റഡിയിലെടുത്തത്. രാഹുൽ ചക്രപാണി കണ്ണൂരിലെ ഓഫീസിലുണ്ടെന്ന വിവരം അറിഞ്ഞെത്തിയ നിക്ഷേപകർ ഓഫീസ് വളയുകയും തങ്ങളുടെ നിക്ഷേപം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ ടൗൺ പൊലീസ് നിക്ഷേപകരുമായും രാഹുൽ ചക്രപാണിയുമായി സംസാരിക്കുകയും ചെയ്തുവെങ്കിലും നിക്ഷേപകരുടെ ആശങ്കക്ക് പരിഹാരം കാണാനായില്ല. ഇതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സ്ഥാപനം ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇവരുടെ ഭൂരിഭാഗം ഓഫീസുകളും അടച്ചുപൂട്ടിയിട്ടുണ്ട്. ആയിരക്കണക്കിന് നിക്ഷേപകരാണ് പണം തിരിച്ചുകിട്ടാതെ വെള്ളത്തിലായത്. സാധാരണക്കാരിൽ നിന്നും ദിനം നിക്ഷേപമായും മറ്റു നിക്ഷേപം നടത്തിയവരിൽ നിന്നുമായി ഇയാൾ കോടികളുടെ നിക്ഷേപമാണ് സ്വീകരിച്ചതെന്ന് പരാതിക്കാർ പറയുന്നു. നിക്ഷേപകർ പണം തിരിച്ചെടുക്കാൻ പോകുമ്പോൾ പല തവണ അവധി പറഞ്ഞ് നിക്ഷേപ സ്ഥാപനത്തിലെ ജീവനക്കാർ ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും മാസമായി ഈ സ്ഥാപനത്തിൽ നിരന്തരം നിക്ഷേപകർ എത്തുകയും ചക്രപാണിയെ അന്വേഷിക്കുകയും ചെയ്തുവെങ്കിലും കണ്ടെത്തിയില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച കണ്ണൂരിലെ ഹെഡ് ഓഫീസിൽ ചക്രപാണി എത്തിയിട്ടുണ്ടെന്ന വിവരം അറിയുന്നത്. ഇതോടെ നിക്ഷേപകർ ഹെഡ് ഓഫീസ് വളയുകയായിരുന്നു.
2021ലാണ് കണ്ണൂർ ആസ്ഥാനമായി റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി എന്ന സ്ഥാപനം നിലവിൽ വരുന്നത്. കമ്പനി ആക്ട് അനുസരിച്ചാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനിൽ ചക്രപാണി എന്നയാളാണ് കമ്പനിയുടെ ചെയർമാനെന്ന് ഇവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. ഇയാളുടെ സഹോദരനും കണ്ണൂരിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയുമാണ് ഇന്ന് അറസ്റ്റിലായ രാഹുൽ ചാക്രപാണി.
നിക്ഷേപകർക്ക് നൽകാനുള്ള മുഴുവൻ തുകയും തിരിച്ച് നൽകുമെന്നും എട്ട് കോടിയോളം രൂപ പിരിച്ചെടുക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും അവ ലഭിക്കുന്ന മുറയ്ക്ക് പണം നൽകാൻ സാധിക്കുമെന്നും കഴിഞ്ഞദിവസം 50,000 രൂപയിലധികം രൂപ ഇവിടെ നിന്നും ഇടപാടുകാർക്ക് നൽകിയിട്ടുണ്ടെന്നുമാണ് രാഹുൽ ചക്രപാണി പൊലീസിനോട് പറഞ്ഞത്. എന്നാൽ നിക്ഷേപകരുടെ പരാതിയിൽ രാഹുൽ ചക്രപാണിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കണ്ണൂർ ടൗൺ സി ഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടത്തുന്നത്.