പത്തനംതിട്ട: ഒളിവിലൊന്നും പോകാത്ത രാഷ്ട്രീയ നേതാവാണ് രാഹുൽ മാങ്കുട്ടത്തിൽ. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് അധ്യക്ഷൻ കൊല്ലത്തെ യുവജനോത്സവ വേദിയിലും ഉണ്ടായിരുന്നു. അങ്ങനെ പൊതു സമൂഹത്തിൽ നിറഞ്ഞ നേതാവിനെയാണ് പൊലീസ് തീവ്രവാദിയെ പോലെ അറസ്റ്റ് ചെയ്തത്. വ്യാജ രേഖ കേസിൽ അടക്കം പൊലീസ് നോട്ടീസിന് വഴങ്ങി ചോദ്യം ചെയ്യലിന് എത്തിയ നേതാവിനെയാണ് ക്രിമിനലിനെ പോലെ അറസ്റ്റു ചെയ്തു കൊണ്ടു പോയത്. ഇടുക്കിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന പോകുന്നുണ്ട്. ഈ യാത്രയ്ക്ക് മാധ്യമ ശ്രദ്ധയുണ്ടാകാതിരിക്കാനാണ് രാഹുലിന്റെ അറസ്റ്റ്. സെക്രട്ടറിയേറ്റിലെ ഉന്നതനാണ് ഈ ബുദ്ധിക്ക് പിന്നിൽ. പൊലീസിൽ വളരെ കുറച്ച് പേർ മാത്രമാണ് ഈ ഓപ്പറേഷൻ അറിഞ്ഞത്.

ഗവർണർ സർക്കാർ പോരിന്റെ പുതിയ പോർമുഖമായി ഇടുക്കി മാറുമെന്നായിരുന്നു വിലയിരുത്തൽ. എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ ആരിഫ് മുഹമ്മദ് ഖാൻ കനത്ത സുരക്ഷയിൽ രാവിലെ തൊടുപുഴയിലെത്തും. വ്യാപാരി വ്യവസായി ഏകോപനസമിതുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. 11 മണിക്കാണ് പരിപാടി. പ്രതിഷേധത്തിന് സാധ്യയുള്ളതിനാൽ ഗവർണർക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് വലിയ ചർച്ചയാകുമെന്ന് വിലയിരുത്തലുണ്ട്. ഇതിനിടെയാണ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്ത് വാർത്താ ഫോക്കസ് മാറ്റുന്നത്.

രഹസ്യാത്മകതയാണ് പൊലീസ് നീങ്ങിയത്. എങ്ങനേയും ഗവർണറുടെ ഇടുക്കി വാർത്തയിൽ നിന്നും മാധ്യമ ശ്രദ്ധ മാറ്റുകയാണ് പൊലീസ്. തിരുവനന്തപുരത്ത് നിന്നും രാഹുലിനെ അറസ്റ്റു ചെയ്യാൻ പോയ പൊലീസിന് പോലും എന്തിനാണ് യാത്രയെന്ന് അറിയില്ലായിരുന്നു. അവസനാ നിമിഷമാണ് രാഹുലിന്റെ അറസ്റ്റിനാണ് അവർ എത്തിയതെന്ന് പൊലീസും മനസ്സിലാക്കിയത്. ഇടുക്കിയിൽ ഹർത്താലാണ്. ഗവർണറുടെ യാത്രയിലായിരുന്നു എല്ലാ ശ്രദ്ധയും. അതിനിടെയാണ് നാടകീയ നീക്കത്തിലൂടെ രാഹുലിന്റെ അറസ്റ്റിനെ പൊലീസ് വാർത്തകളിൽ എത്തിക്കുന്നത്. പുലർച്ചെ നാടകീയ സംഭവങ്ങളാണ് രാഹുലിന്റെ വീട്ടിലെത്തിയത്. അഞ്ചരയോടെ വീടിന്റെ വാതിലിലും ജനലിലും എല്ലാം പൊലീസ് മുട്ടി. ഇതു കേട്ടാണ് വീട്ടുകാർ എണീറ്റത്.

സമീപത്തെ നേതാക്കൾ എത്തിയപ്പോഴേക്കും അറസ്റ്റു ചെയ്തു കൊണ്ടു പോയി. പൊലീസുമായി എല്ലാ വിധത്തിലും രാഹുൽ സഹകരിച്ചു. നിരവധി പൊലീസുകാർ ഓപ്പറേഷന് വേണ്ടി എത്തി. ജീപ്പിലാണ് കൊണ്ടു പോയത്. സെക്രട്ടറിയേറ്റിലെ പ്രതിഷേധ കേസിൽ 40 പേർ അറസ്റ്റിലായിരുന്നു. അവർക്ക് ജാമ്യവും കിട്ടി. അതിന് ശേഷമാണ് രാഹുലിന്റെ അറസ്റ്റ്. ഇത് അസ്വാഭാവികമാണ്. രാഹുലിനെ സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ പത്തനംതിട്ട അടൂരിൽ വച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. നിലവിൽ അടൂരിലെ വീട്ടിൽനിന്നും പൊലീസ് രാഹുലിനെ കൊണ്ടുപോയിട്ടുണ്ട്. പുലർച്ചെ വീട്ടിൽ കയറിയുള്ള പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും ഭീകരവാദിയെ പിടിക്കുന്നതുപോലെയുള്ള നീക്കമാണ് നടന്നതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ഇക്കഴിഞ്ഞ ഡിസംബറിൽ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് എടുത്ത കേസിൽ പ്രതിപക്ഷേ നേതാവ് വി ഡി സതീശൻ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നത്. വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്‌ഐആറിൽ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളാണ്.

കരിങ്കൊടി പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ അക്രമങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർ മൂന്ന് പൊലീസ് വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തിരുന്നു. കന്റോൺമെന്റ് എസ്‌ഐ ഉൾപ്പടെ എട്ട് പൊലീസുകാർക്കും നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു.