- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീട്ടിലെ അറസ്റ്റ് കേസിൽ ജാമ്യം കിട്ടിയാൽ നാളെ മാങ്കൂട്ടത്തിലിന് പുറത്തിറങ്ങാൻ കഴിഞ്ഞേക്കും
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നെടുത്ത രണ്ടു കേസിലും കോടതി ജാമ്യം അനുവദിച്ചു. ആദ്യമെടുത്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിലിൽ തുടരേണ്ടിവരും. ഈ കേസിൽ ജാമ്യ ഹർജി നാളെ കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നാളെ രാഹുലിന് പുറത്തിറങ്ങാൻ കഴിയുമെന്നാണ് സൂചന. നിയമ പോരാട്ടത്തിൽ അതീവ ശ്രദ്ധ കാട്ടി രാഹുലിനെ അതിവേഗം ജയിൽ മോചിതനാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം.
ജില്ലാ ജയിലിൽ വച്ച് കന്റോൺമെന്റ് പൊലീസാണ് രണ്ടു കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളിൽ റിമാൻഡ് ചെയ്യുന്നതിനായി രാഹുലിനെ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ഹാജരാക്കിയ സമയത്തു തന്നെ രാഹുലിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷയും നൽകിയിരുന്നു. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിനുപുറമേ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസുമുണ്ട്. ഇതു ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതിയാണു പരിഗണിക്കുന്നത്. ഇതിൽ പൊലീസ് ഇതുവരെ പ്രൊഡക്ഷൻ വാറന്റ് ആവശ്യപ്പെട്ടിട്ടില്ല. ഈ കേസിൽ അറസ്റ്റു ചെയ്താലും ഉടൻ ജാമ്യം കിട്ടുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട ആദ്യ കേസിൽ രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് വീട്ടിൽ നിന്ന് അറസ്റ്റു ചെയ്തത്. ഈ കേസിലെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിലിനെ കുടുക്കാനുറച്ചാണ് ആഭ്യന്തര വകുപ്പ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്്. വ്യാജരേഖ കേസിൽ രാഹുലിനെ കുടുക്കാനാണ് ഈ നീക്കമെന്ന വിലയിരുത്തൽ സജീവമാണ്. ഇതിനുള്ള തിരിച്ചടിയാണ് രണ്ടു കേസുകളിലെ ജാമ്യം. ഇപ്പോൾ അറസ്റ്റിലായ കേസിൽ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും.
പുതിയ രണ്ടു കേസുകളിൽ പൊലീസ് ആവശ്യപ്രകാരം കഴിഞ്ഞ ദിവസം പ്രൊഡക്ഷൻ വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. നാളെ രാഹുലിനു മറ്റു കേസുകളിൽ ജാമ്യം കിട്ടിയാലും മ്യൂസിയം പൊലീസിന്റെ കേസിൽ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു കോടതിയിൽ ഹാജരാക്കാൻ ശ്രമിക്കും. എങ്കിലും ജാമ്യം ഉടൻ കിട്ടുമെന്നാണ് അഭിഭാഷകരുടെ വിലയിരുത്തൽ.
ജയിലിനുള്ളിലും രാഹുൽ മാങ്കൂട്ടത്തിൽ സമയം പാഴാക്കുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ സമാനതകളില്ലാത്ത വിധം വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയ രാഹുൽ മാങ്കുട്ടത്തിൽ ജയിലിനുള്ളിലെ അവസരം വിനിയോഗിക്കുകയാണ്. സെല്ലിനുള്ളിൽ പുസ്തക വായനയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. ജില്ലാ ജയിലിലെ പുസ്തകങ്ങൾ ഒന്നൊന്നായി വായിക്കുകായണ് യുവനേതാവ്.
ജയിലിലെ ക്രമീകരണങ്ങളിൽ പരാതിയില്ല. എല്ലാവരോടും സൗമ്യമായ പെരുമാറ്റം. ഗവർണറെ കരിങ്കൊടി കാട്ടി റിമാൻഡിലായ എസ് എഫ് ഐ നേതാക്കളും മാങ്കൂട്ടത്തിലിന്റെ അടുത്ത കൂട്ടുകാരായി മാറിയെന്നാണ് ജയിലിൽ നിന്നുള്ള റിപ്പോർട്ടുകൾ. രാഹുലിനെ കാണാൻ വിഐപികൾ എത്തുന്നുണ്ട്. സന്ദർശകരെ കാണുന്ന സമയത്തൊഴികെ എല്ലാം വായനയാണ്. പത്രവും കൃത്യമായി യൂത്ത് കോൺഗ്രസ് അധ്യക്ഷന് കിട്ടും. ആഹാരത്തിലും നിർബന്ധമില്ല. ജയിൽ മെനുവിൽ പൂർണ്ണ തൃപ്തൻ. സംസ്ഥാനത്തെ രാഷ്ട്രീയക്കാർ തടവുകാരായി എത്തുമ്പോൾ വാർഡന്മാർക്ക് തലവേദനയാണ്.
രാഷ്ട്രീയത്തിന്റെ ഹുങ്കെല്ലാം ഇത്തരക്കാർ അഴിക്കുള്ളിൽ കാണിക്കും. നിരന്തരം തർക്കങ്ങളുണ്ടാക്കും. എന്നാൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്റേത് വേറിട്ട വഴിയാണ്. രാഷ്ട്രീയക്കാരന്റെ ഒരു ജാഡയും ജയിലിനുള്ളിൽ രാഹുൽ കാണിക്കുന്നില്ല. എല്ലാവരോടും പെരുമാറുന്നത് മാന്യമായി. ആർക്കെതിരേയും പരാതിയോ പരിഭവമോ ഇല്ല. ജനകീയ ഇടപെടലുകളിലൂടെയാണ് മാങ്കൂട്ടത്തിൽ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞത്. ഇതേ ജനകീയത ജയിലിലും മാങ്കൂട്ടത്തിൽ നേടുകയാണ്.
തിരുവനന്തപുരം ജില്ലാ ജയിലിലെ രണ്ടാം നിലയിലെ ബ്ലോക്കിലാണ് രാഹുലിനെ താമസിപ്പിച്ചിട്ടുള്ളത്. പ്രത്യേക പരിഗണനയൊന്നും നൽകുന്നില്ല. കൊടും കുറ്റവാളികളൊന്നും ആ സെല്ലിൽ മാങ്കൂട്ടത്തിലിനൊപ്പമില്ല. എല്ലാവരോടും സൗമ്യമായാണ് രാഹുലിന്റെ ഇടപെടൽ. എസ് എഫ് ഐക്കാരെ പാർപ്പിച്ചത് ഈ സെല്ലിൽ അല്ല. വ്യക്തിവൈരാഗ്യമൊന്നുമില്ലാത്തതിനാൽ രാഷ്ട്രീയത്തിൽ വിരുദ്ധ ധ്രുവങ്ങളിലുള്ളവർക്ക് ജയിലിനുള്ളിൽ വേഗത്തിൽ അടുക്കാനായി. രാഹുലുമായി സൗഹൃദത്തിലുള്ള സമീപനമാണ് എസ് എഫ് ഐക്കാരും എടുത്തത്. കഴിഞ്ഞ ദിവസം ഇവർ ജാമ്യം കിട്ടി പുറത്തു പോയി. അതുവരേയും എസ് എഫ് ഐക്കാരുമായി അടുത്ത ബന്ധത്തിലായിരുന്നു രാഹുൽ.
സെല്ലിൽ പ്രശ്നക്കാർ ഇല്ലാത്തത രാഹുലിന് പരന്ന വായനയ്ക്കും അവസരമൊരുക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മട്ടണായിരുന്നു ജയിലിലെ സ്പെഷ്യൽ. അതും കൂട്ടി രാഹുൽ ആഹാരവും കഴിച്ചു. ഇടക്ക് ലൈബ്രറിയിലേക്കും പോകുന്നുണ്ട് യൂത്ത് കോൺഗ്രസ് നേതാവ്. ജാമ്യ ഹർജിയിൽ അടുത്ത വാദ ദിവസം തന്നെ ജാമ്യം കിട്ടുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ജയിലിൽ കിടന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാക്കിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റാണെന്ന് പ്രസ്താവന നടത്തിയ എം വി ഗോവിന്ദനെതിരെ വക്കീൽ നോട്ടീസ് അയച്ചത്.