- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മാങ്കൂട്ടത്തിലിന് എല്ലാ കേസിലും ജാമ്യം; പുറത്തേക്ക് വരുന്നത് 9-ാം ദിവസം
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രതിഷേധ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ജാമ്യം ലഭിച്ചതോടെ അറസ്റ്റിലായി ഒൻപതാം ദിവസം രാഹുലിന് പുറത്തിറങ്ങാൻ വഴിതെളിഞ്ഞു. പുതിയ കേസുകൾ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പുറത്തിറങ്ങാം. ഇന്ന് രണ്ടു കേസുകളിൽ ജാമ്യം കിട്ടി. മ്യൂസിയം പൊലീസ് അനുവദിച്ച കേസിലും ഇന്ന് ജാമ്യം കിട്ടി. കർശന ഉപാധികളോടെയാണ് ജാമ്യം.
കൺന്റോൺമെന്റ് പൊലീസിന്റെ കേസിലും ഉപാദികൾ ശക്തമാണ്. പൊതുമുതൽ നശിപ്പിച്ചു, പൊലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടാണ് രാഹുൽ അറസ്റ്റിലായിരുന്നത്. അമ്പതിനായിരം രൂപയുടെ ബോണ്ട് അല്ലെങ്കിൽ രണ്ടുപേരുടെ ആൾജാമ്യം, പൊതുമുതൽ നശിപ്പിച്ചതിന് 1360 രൂപ കെട്ടിവെക്കണം. ആറ് ആഴ്ചകളിൽ എല്ലാ തിങ്കളാഴ്ചകളിലും പൊലീസ് ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാനമായി മ്യൂസിയം പൊലീസ് കേസിലും ജാമ്യം കിട്ടി. ഈ കേസിലും 25,000 രൂപയുടെ ബോണ്ടോ രണ്ട് ആൾ ജാമ്യമോ നൽകണം. പൊലീസ് സ്‌റ്റേഷനിൽ ഹാജരാകുകയും ചെയ്യണം. ചൊവ്വാഴ്ച പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം.
നാലു കേസുകളിലാണ് രാഹുലിന് ജാമ്യം കിട്ടുന്നത്. മറ്റു രണ്ടു കേസിൽ കോടതി രാഹുലിന് കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. കന്റോൺമെന്റ് പൊലീസെടുത്ത രണ്ടുകേസുകളിലാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ജയിലിൽ കിടക്കുന്ന രാഹുലിനും ജന പിന്തുണ കൂടുന്നുവെന്ന് സർക്കാർ വിലയിരുത്തിയിരുന്നു. അതുകൊണ്ട് തന്നെ പ്രോസിക്യൂഷനും കടുത്ത നിലപാടുകൾ എടുത്തില്ല. രാഹുലിന്റെ അഭാവത്തിലും യൂത്ത് കോൺഗ്രസ് സർക്കാരിനെതിരെ സമരം നടത്തി. രാഹുൽ വികാരം അത്ര ശക്തമായിരുന്നു.
സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസ് മൂന്നും ഡി.ജി.പി. ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് ഒരു കേസുമാണ് നേരത്തേ രാഹുലിന്റെ പേരിലെടുത്തത്. ജില്ലാജയിലിൽവെച്ച് കന്റോൺമെന്റ് പൊലീസ് രണ്ടുകേസുകളിലും മ്യൂസിയം പൊലീസ് ഒരുകേസിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് സമരത്തിന്റെ കേസിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ വീട്ടിൽ പോയി പൊലീസ് അറസ്റ്റു ചെയ്യത്. ഇത് ഏറെ വിമർശനം ഉയർത്തിയിരുന്നു. പകപോക്കൽ രാഷ്ട്രീയമാണിതെന്നും വാദമെത്തി.
ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസ് സിജെഎം കോടതിയും സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസ് ജില്ലാ സെഷൻസ് കോടതിയുമാണ് ഇന്ന് പരിഗണിച്ചത്. ജാമ്യ ഉപാധികൾ കോടതിയിൽ നൽകിയാൽ രാഹുലിന് ഇന്നുതന്നെ പുറത്തിറങ്ങാം. ജയിൽമോചിതനാകുന്ന രാഹുലിനെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്. സെക്രട്ടേറിയറ്റ് മാർച്ച് കോടതി പരിഗണിച്ചപ്പോൾ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. പൊലീസിനെ രാഹുൽ മാങ്കൂട്ടത്തിൽ ആക്രമിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. ആക്രമണത്തിൽ പ്രധാന പങ്കാളിയാണ് രാഹുൽ. ആക്രമണത്തിന് നേതൃത്വം കൊടുത്തു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രോസിക്യൂട്ടർ ഗീനാകുമാരി പറഞ്ഞു.
രാഹുൽ സമരം ഉദ്ഘാടനം നടത്തുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗത്തിനു വേണ്ടി ഹാജരായ മൃദുൽ ജോൺ മാത്യു പറഞ്ഞു. സർക്കാരിനെതിരെയുള്ള പ്രതിഷേധമാണ് നടന്നത്. പൊലീസാണ് പ്രതിക്കെതിരെ ആക്രമണം നടത്തിയത്. രാഹുൽ ജനുവരി ആറാം തീയതി വരെ ആശുപത്രിയിലായിരുന്നു. ഏഴിനു വിവിധ ചടങ്ങുകളിൽ പങ്കെടുത്തു. എന്നിട്ടും നോട്ടിസ് പോലും നൽകാതെ വീട്ടിൽ ചെന്ന് രാവിലെ അറസ്റ്റ് ചെയ്തു. അറസ്റ്റ് അന്വേഷണത്തിനു വേണ്ടിയല്ല. രാഹുലിന്റെ മെഡിക്കൽ രേഖകൾ വ്യാജമല്ല. പ്രതി മറ്റ് പ്രതികളുടെ അറസ്റ്റ് തടഞ്ഞതായി ഒരു കേസ് ഇതുവരെ ഇല്ലെന്നും, പ്രതിക്കെതിരെ ആരോപണങ്ങൾ മാത്രമേ ഉള്ളൂയെന്നും പ്രതിഭാഗം പറഞ്ഞു.
ഡിസംബർ 20ന് നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് രാഹുൽ റിമാൻഡിലായത്. പിന്നാലെ ഡിജിപി ഓഫിലേക്ക് നടന്ന മാർച്ചുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് സിജെഎം കോടതിയിൽ പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കി. രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ അടൂരിലെ വീട്ടിൽനിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്.