തലശേരി: എടക്കാട് ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ ബാലികയുടെ തല പൊട്ടിയ സംഭവത്തിൽ റെയിൽവെ പൊലിസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ റെയിൽവേ അധികൃതർ റിപ്പോർട്ട് തേടിയിട്ടുണ്ട്. എടക്കാട് - താഴെ ചൊവ്വ റെയിൽവെ ട്രാക്കിനിടെയാണ് കല്ലേറുണ്ടായതെന്നാണ് പ്രാഥമിക നിഗമനം പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ റെയിൽവെപൊലിസ് പരിശോധിക്കും.

ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ 12 വയസ്സുകാരിയുടെ തലയ്കാണ് പരുക്കേറ്റത് ' കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ്.രാജേഷിന്റെയും രഞ്ജിനിയുടെയും മകൾ കീർത്തനയ്ക്കാണു പരുക്കേറ്റത്. കുടുംബാംഗങ്ങൾക്കൊപ്പം മൂകാംബിക ക്ഷേത്ര ദർശനത്തിനു ശേഷം മംഗളൂരു തിരുവനന്തപുരം എക്സ്‌പ്രസിൽ (16348) കോട്ടയത്തേക്ക് മടങ്ങുമ്പോൾ താഴെചൊവ്വയ്ക്കും എടക്കാട് റെയിൽവേ സ്റ്റേഷനും ഇടയിലാണ് സംഭവം.

അച്ഛമ്മ വിജയകുമാരിക്കൊപ്പം എസ് 10 കോച്ചിൽ ഇരുന്ന് പുറംകാഴ്ചകൾ കണ്ട് തിരിയുന്നതിനിടെയാണു കീർത്തനയ്ക്കു കല്ലേറുകൊണ്ടത്. 'അമ്മേ...' എന്നു വിളിച്ച് കരയുന്നതു കേട്ട് നോക്കുമ്പോൾ തലയുടെ ഇടതുവശത്തു നിന്നു ചോരയൊഴുകുന്നുണ്ടായിരുന്നു. ബഹളംകേട്ട് ടിടിഇയും റെയിൽവേ ജീവനക്കാരും ഓടിയെത്തി. ഇതിനിടെ യാത്രക്കാരിൽ ആരോ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി പ്രാഥമിക ശുശ്രൂഷ നൽകി.

ട്രെയിൻ തലശ്ശേരിയിൽ എത്തിയ ഉടൻ ആർപിഎഫും റെയിൽവേ ജീവനക്കാരും ചേർന്ന് കീർത്തനയെ മിഷൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. തുടർന്ന് രാത്രി 9.15നു മലബാർ എക്സ്‌പ്രസിൽ മാതാപിതാക്കൾക്കൊപ്പം കോട്ടയത്തേക്കു യാത്ര തുടർന്നു. കല്ലേറുണ്ടായ പ്രദേശത്ത് ആർപിഎഫും റെയിൽവേ പൊലീസും പരിശോധന നടത്തി. മംഗളൂരുവിനും കണ്ണൂരിനും ഇടയിൽ ട്രെയിനു നേരെ കല്ലെറിയുന്നതും ട്രാക്കിൽ കല്ല് നിരത്തുന്നതുമായ സംഭവങ്ങൾ ആവർത്തിക്കുകയാണെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

ഓഗസ്റ്റ് 30ന് ഉള്ളാൾ സ്റ്റേഷനു സമീപം ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ പിടിയിലായിരുന്നു. ട്രാക്കിൽ കല്ലു നിരത്തിയ സംഭവങ്ങളിൽ നാലാഴ്ചയ്ക്കിടെ 5 കേസെടുത്തു. റെയിൽവേ ഉപേക്ഷിച്ച പാളത്തിന്റെ ഭാഗം മുറിഞ്ഞു കിട്ടുന്നതിനായി ട്രാക്കിൽ നിരത്തിയ ആക്രി പെറുക്കുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതും ഒരാഴ്‌ച്ച മുൻപാണ്. റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താൻ അധികൃതർ തയ്യാറാകണമെന്ന് കണ്ണൂർ റെയിൽവെ പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.