- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈലന്റ് വാലിയിൽ കാണാതായ രാജനായി പഴനിയിലും രാമേശ്വരത്തും അരിച്ചു പെറുക്കിയിട്ടും ഫലമുണ്ടായില്ല; സൈരന്ദ്രി വാച്ച് ടവറിനടുള്ള മെസിൽ നിന്നും ഉറങ്ങാൻ പോയ രാജനെ പിന്നീട് ആരും കണ്ടില്ല; മൊബൈലും ചെരിപ്പും മുണ്ടും കാട്ടിൽ നിന്നും കിട്ടിയെങ്കിലും വന്യമൃഗ ആക്രമണത്തിന്റെ ലക്ഷണങ്ങളില്ല; കാണാമറയത്തുള്ള രാജൻ തിരിച്ചു വരുമോ?
പാലക്കാട്: സൈലന്റ്വാലി വനം ഡിവിഷനിൽ നിന്നു കാണാതായ വാച്ചർ രാജനെ തമിഴ്‌നാട്ടിൽ പല സ്ഥലത്തും കണ്ടതായി സൂചനകൾ പുറത്തു വന്നിരുന്നു. രാജനുമായി രൂപ സാദൃശ്യം തോന്നിയ പലരെയും വിവിധ അമ്പലങ്ങളിൽ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. ബെന്നാരി അമ്മൻ ക്ഷേത്രം, പഴനി, രാമേശ്വേരം എന്നിവിടങ്ങളിലെല്ലാം തിരഞ്ഞെങ്കിലും സൂചനകൾ ഒന്നും കിട്ടിയിട്ടില്ലെന്നു പൊലീസ് പറയുന്നു. രാജന് എന്തു സംഭവിച്ചു? ഒരു വർഷമായിട്ടും അന്വേഷണ സംഘത്തിനും ഉത്തരം നൽകാൻ കഴിയുന്നില്ല.
കഴിഞ്ഞ വർഷം മെയ് 3ന് സൈരന്ധ്രി വാച്ച് ടവറിനു സമീപമുള്ള മെസിൽ നിന്നു രാത്രി 8.30ന് ഭക്ഷണം കഴിച്ചു സമീപത്തെ ക്യാംപിലേക്ക് ഉറങ്ങാൻ പോയതാണ് വാച്ചർ പുളിക്കഞ്ചേരി രാജൻ. ഇരുട്ടിലേക്ക് ടോർച്ച് തെളിച്ചു പോയ രാജനെ പിന്നീട് ആരും കണ്ടിട്ടില്ല. സഹജീവനക്കാർ പിറ്റേന്നു രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനിടെ ഒരു ജോഡി ചെരുപ്പ് കണ്ടു കിട്ടി. കുറച്ചകലെയായി വള്ളിപ്പടർപ്പിൽ മുണ്ടും കണ്ടെത്തിയിരുന്നു. അടുത്ത ദിവസം മൊബൈൽ ഫോണും വനത്തിൽ നിന്നു കിട്ടി. ഒരു വർഷത്തിനിടെ ആകെ കിട്ടിയ സൂചന ഇതു മാത്രം.
വനത്തിനുള്ളിലെ നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും മറ്റു സൂചന ഒന്നും കിട്ടിയില്ല. 10 വർഷത്തിലേറെയായി സൈലന്റ്വാലിയിൽ വാച്ചറായി ജോലി ചെയ്യുന്ന രാജൻ വനത്തെ നന്നായി അറിയാവുന്ന ആളാണ്. വന്യമൃഗങ്ങളുടെ സാന്നിധ്യം മേഖലയിൽ ഉണ്ടെങ്കിലും മൽപിടിത്തം നടന്നതിന്റെ തെളിവുകളും കിട്ടിയില്ല. ഇളയ മകൾ രേഖയുടെ വിവാഹത്തിന് ഒരു മാസം മുൻപാണ് രാജനെ കാണാതായത്. രാജൻ എത്തിയില്ലെങ്കിലും കുടുംബാംഗങ്ങൾ രേഖയുടെ വിവാഹം നടത്തി. ഒരു വർഷമായിട്ടും അച്ഛനെക്കുറിച്ചുള്ള സൂചന കിട്ടാത്ത വിഷമത്തിലാണ് രാജന്റെ രണ്ടു പെൺമക്കൾ.
വാച്ചർ രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും പരിശോധിക്കണമെന്ന് സഹോദരൻ സുരേഷ് ബാബു ആവിശ്യപ്പെട്ടിരുന്നു. അച്ഛൻ കാടുവിട്ട് വേറെങ്ങും പോകില്ലെന്നാണ് മകളും സഹോദരിയും പറയുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മേഖലയാണ് സൈരന്ധ്രി കാടുകൾ. 20 വർഷമായി ഇവിടെ ജോലി നോക്കുന്ന രാജന് കാട്ടുവഴിയെല്ലാം മനപ്പാഠമാണെന്നാണ് കുടംബം പറയുന്നത്. മാവോയിസ്റ്റുകൾ രാജനെ വഴികാട്ടാനും മറ്റുമായി കൂട്ടിക്കൊണ്ടുപോയതാണോ എന്നും അന്വേഷിക്കണം എന്നാണ് കുടുംബം അന്ന് ആവിശ്യപ്പെട്ടത്. രാജനെ വന്യമൃഗങ്ങൾ ആക്രമിച്ചതാകില്ല എന്ന നിഗമനത്തിലാണ് വനംവകുപ്പ് എത്തിയത്. പരിശോധനയിൽ തെളിവുകൾ കിട്ടാത്തതും ക്യാമറാ ട്രാപ്പുകളും നിരത്തിയാണ് വനംവകുപ്പിന്റെ നിഗമനം.
രണ്ട് സംശയങ്ങളാണ് വനം വകുപ്പ് അന്ന് പ്രകടിപ്പിച്ചത് സാധാരണ വന്യമൃഗങ്ങൾ ആക്രമിച്ചാൽ പരമാവധി ഒരു കിലോമീറ്ററിനുള്ളിൽ മാത്രമേ തെളിവുകൾ കിട്ടൂ. എന്നാൽ, തെരച്ചിൽ ഒരു കിലോ മീറ്ററിനപ്പുറവും പിന്നിട്ടിട്ടുണ്ട്. അതിനാൽ വന്യജീവി ആക്രമണ സാധ്യത വിരളമാണ്. പരിശീലനം കിട്ടിയ വാച്ചറെന്ന നിലയിൽ അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ രാജൻ തീർച്ചയായും പ്രതിരോധിച്ചിരിക്കും. അത് തെളിയിക്കുന്നതൊന്നും ഇതുവരെ ലഭ്യമല്ല. മറ്റൊന്ന് രാജന്റെ മുണ്ടും ടോർച്ചും ചെരിപ്പും കിട്ടിയിരുന്നു. പക്ഷേ ധരിച്ച ഷർട്ട് കിട്ടിയിട്ടില്ല.
ഇതാണ് വനംവകുപ്പിനെ കൂടുതൽ കുഴയ്ക്കുന്നത്. രാജന ്ചില സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നുവെന്നും മകളുടെ വിവാഹ ദിനം അടുത്തതിനാൽ മനോവിഷമത്തിലായിരുന്നുവെന്നും ്അടുത്ത ചില ചങ്ങാതിമാർ പറഞ്ഞിരുന്നു. രാജന്റെ തിരോധാനത്തിന് ഒരു വർഷം തികയുന്നുവെങ്കിലും തിരോധാന നിഗൂഢതയുടെ ചുരുളഴിക്കുന്ന ഒരു വഴിയും ഇതുവരെ തെളിഞ്ഞിട്ടില്ല. അതു കൊണ്ട് തന്നെ രാജൻ തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.