- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; രാജനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് റിപ്പോർട്ടിൽ; ശരീരത്തിൽ പരുക്കേറ്റ പാടുകളും; കൊലയ്ക്ക് പിന്നിൽ രാജനെ അറിയുന്നവരെന്നും സംശയം; അന്വേഷണം ഊർജിതമെന്ന് വടകര ഡി വൈ എസ് പി
കോഴിക്കോട്: വടകരയിൽ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വടകര പുതിയാപ്പ സ്വദേശി രാജൻ (62 ) ആണ് മരിച്ചത്. രാജനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജന്റെ ശരീരത്തിൽ പരുക്കേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പതിനൊന്നുമണി കഴിഞ്ഞിട്ടും കടയടച്ച് വീട്ടിലേക്ക് എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് ചെല്ലുകയായിരുന്നു.
പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ പല ചരക്ക് കടക്കുള്ളിൽ രാജനെ മരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. രാജൻ കഴുത്തിലും കയ്യിലുമായി അണിഞ്ഞിരുന്ന സ്വർണാഭരണവും കടക്കുള്ളിലെ പണവും ബൈക്കും നഷ്ടപ്പെട്ടിരുന്നു. കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കടക്കുള്ളിൽ മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഫാനും കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു.
സമീപത്തു നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിരുന്നു. രാജൻ രാത്രി ഒമ്പത് മണിക് ശേഷം ബൈക്കിൽ കടയിലേക്ക് വരുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ദൃശ്യങ്ങളിൽ രാജനൊപ്പം മറ്റൊരാൾ കൂടി ബൈക്കിലുള്ളതായി കാണാം. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് വടകര ഡി വൈ എസ് പി പറഞ്ഞു.
വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ തുടർന്ന് ഉത്തരമേഖല ഡിഐജി രാഹുൽ ആർ നായർ സംഭവസ്ഥലം സന്ദർശിച്ചിരുന്നു. രാവിലെ പതിനൊന്നോടെയാണ് ഡിഐജി മരണം നടന്ന കടയിൽ എത്തിയത്. അര മണിക്കൂറോളം കടയിലും, മൃതദേഹം സൂക്ഷിച്ച ഗവ. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലും അദ്ദേഹം സന്ദർശനം നടത്തി. വടകര അഡിഷണൽ എസ്പി പി എം പ്രദീപ്, ഡിവൈഎസ്പി ആർ ഹരിപ്രസാദ് എന്നിവരും ഒപ്പമുണ്ടായി.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ദരും, ഫോറൻസിക് വിദഗ്ദരും, ഡോഗ് സ്ക്വാഡും കടയിലും പരിസരങ്ങളിലും പരിശോധന നടത്തി. രാത്രി രാജനൊപ്പം മറ്റൊരാൾ കടയിലുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ അശോകൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ മൊഴിപൊലീസും നൽകിയിട്ടുണ്ട്. ഇതോടെ അന്വേഷണം ഈ മൊഴി കേന്ദ്രീകരിച്ചാണ്.
ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. രാത്രി താൻ വൈകി കടപൂട്ടുന്ന സമയത്ത് രാജൻ വാഹനവുമായി പുറത്തേക്ക് പോകാനിറങ്ങി. കടയടക്കാൻ പോകുകയാണോയെന്ന് ഈ സമയത്ത് രാജനോട് ചോദിച്ചപ്പോൾ പുറത്ത് പോയി ഉടൻ മടങ്ങി വരുമെന്നാണ് മറുപടി നൽകിയതെന്നും അശോകൻ വിശദീകരിച്ചു. രാജൻ പുറത്തേക്കു പോയ സമയത്തും ഇയാൾ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നുവെന്നും പിന്നീടെന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും അശോകൻ വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ