തൃശൂർ;കോട്ടും സൂട്ടും മൊക്കെയായി പ്രൗഡി വിളിച്ചോതുന്ന വേഷഭൂഷാദികൾ. താമസം ആഡംമ്പര ഹോട്ടലുകളിലും റിസോർട്ടുകളിലും.സഞ്ചരിക്കുന്നതാവട്ടെ കോടികൾ വിലമതിക്കുന്ന വാഹനങ്ങളിൽ. ഉല്ലസിക്കാൻ കൂട്ടാളികൾക്കൊപ്പം ഡിജെ പാർട്ടികളിൽ ആടിതിമിർക്കുന്നതും പതിവ്. വാതുറന്നാൽ പുറത്തുവരുന്നത് താൻ സൃഷ്ടിച്ച ലക്ഷാധിപന്മാരെയും കോടിശ്വരന്മാരെക്കുറിച്ചുള്ള സ്ഥിതി വിവരകണക്കുകൾ-രാജേഷ് മലാക്ക ഇങ്ങനെയൊക്കെയായിരുന്നു. എന്നാൽ ജയിലിൽ കൊതുകു കടി കൊള്ളുകയാണ്. മോൻസൺ മാവുങ്കൽ മോഡലിൽ പേരെടുക്കുകയായിരുന്നു രാജേഷിന്റേയും ആഗ്രഹം. എന്നാൽ മാവുങ്കലിനെ പോലെ രാജേഷും എത്തിയത് ജയിലിനുള്ളിലാണ്.

ഇന്നലെ തൃശൂരിൽ സാമ്പത്തീക തട്ടിപ്പിന് അറസ്റ്റിലായ മലാക്ക രാജേഷിന്റെ ലൈഫ് സ്‌റ്റൈലിനെക്കുറിച്ച് തട്ടിപ്പിനിരായവർ പങ്കുവയ്ക്കുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. രാജേഷും കൂട്ടാളികളും തട്ടിപ്പിലൂടെ സ്വന്തമാക്കിയ കോടികൾ ആഡംമ്പര ജീവതത്തിനായി ചിലവഴിക്കുകയായിരുന്നെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. തൃശൂർ ഈസ്റ്റ് സി ഐയാണ് പരാതിയുടെ അടിസ്ഥാനത്തിൽ ഒളിവിലായിരുന്ന രാജേഷിനെ കോയംമ്പത്തൂരിൽ നിന്നും പിടികൂടിയത്.കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ രാജേഷിന്റെ പേരിൽ നടപടിയൊഴുവാക്കാൻ പൊലീസിനുമേൽ കനത്ത സമ്മർദ്ദം ഉണ്ടായതായിട്ടാണ് സൂചന.

സർക്കാർ സംവിധാനത്തിന് കീഴിലെ വിവിധ വകുപ്പുകളിൽ ഉന്നതസ്ഥാനങ്ങളിൽ ഇരുപ്പുറപ്പിച്ചിട്ടുള്ളവരിൽ ചിലരൊക്കെ രാജേഷിന്റെ ഇഷ്ടക്കാരാണെന്നും ഇവരാണ് സമ്മർദ്ദ തന്ത്രത്തിന് പിന്നിലെന്നുമാണ് പരക്കെയുള്ള അടക്കംപറച്ചിൽ. മൈ ക്ലബ്ബ് ട്രേഡിങ് എന്ന പേരിലുള്ള കമ്പനി വഴിയാണ് 8 -ാം ക്ലാസുകാരനായ രാജേഷ് കോടികളിലേയ്ക്ക് ആസ്തി ഉയർത്തുന്നതിന് തുടക്കമിട്ടതെന്നാണ് പ്രാഥമീക അന്വേഷണത്തിൽ പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. സമ്പാദ്യം ബിനാമി പേരുകളിലേയ്ക്ക് മാറ്റിയാണ് സൂക്ഷിച്ചിട്ടുള്ളതെന്നും അതിനാൽ തട്ടിപ്പിന്റെ പേരിൽ ഇയാളെ എളുപ്പിൽ ആർക്കും തളയ്ക്കാൻ കഴിയില്ലെന്നും നിക്ഷേപകരിൽ ഒരുവിഭാഗത്തിന്റെ വിലയിരുത്തൽ.

ഇടക്കാലത്ത് മൈ ക്ലബ്ബ് ട്രേഡിങ് കമ്പിനി വഴിയുണ്ടായിരുന്ന ഇടപാടുകൾ രാജേഷ് ഫ്യൂച്ചർ ട്രേഡ് ലിങ്ക് എന്ന കമ്പയിലേയ്ക്ക് മാറ്റുകയായിരുന്നെന്നും അടുത്തകാലത്ത് ഈ കമ്പനിയുടെ പേരിലാണ് കൂടുതൽ തട്ടിപ്പുകൾ നടന്നതെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. വിവിധ പദ്ധതികളിലായി നിക്ഷേപിക്കന്ന പണം ആഴ്ച-മാസ തവണകളായി 10 മാസങ്ങൾ കൊണ്ട് ഇരട്ടിയായി തിരിച്ചുനൽകുമെന്നുള്ള ഇയാളുടെയും കൂട്ടാളികളുടെയും വാഗ്ദാനത്തിൽ വിശ്വസിച്ച് പണമിറക്കിയവരാണ് ഇപ്പോൾ വെട്ടിലായിട്ടുള്ളത്.

കന്നുകാലികളെവിറ്റും സ്ഥലവും വാഹനങ്ങളും മറ്റും ുണയപ്പെടുത്തിയും വിറ്റും രാജേഷിന്റെ കമ്പിനിയിൽ പണം നിക്ഷേപിച്ചവർക്ക് മുതലുപോലും നഷ്ടമായ സ്ഥിതിയാണ് നിലവിലുള്ളത്. ക്രിപ്റ്റോ കറൻസി വിനിമയത്തിലൂടെ സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ വ്യാപാരത്തിൽ നിക്ഷേപകരിൽ നിന്നും ലഭിക്കുന്ന പണം വിനയോഗിക്കുകയാണെന്നും ആയതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വൻ ലാഭം ലഭിക്കുമെന്നും ഇതുവഴിയാണ് നിക്ഷേപകർക്ക് 10 മാസം കൊണ്ട് തുക ഇരട്ടിയായി നൽകാൻ കഴിയുന്നതെന്നുമായിരുന്നു രാജേഷിന്റെ പ്രചാരണം.

വാങ്ങുന്ന തകയ്ക്ക് രസീതോ മറ്റ് രേഖകളോ നൽകാറില്ല.കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷനിലെ വാലറ്റിലാണ് നിക്ഷേപത്തെക്കുറിച്ചും ലാഭത്തെക്കുറിച്ചും മറ്റുമുള്ള കണക്കുവിരങ്ങൾ രാജേഷ് ഉൾക്കൊള്ളിച്ചിരുന്നത്.അക്കൗണ്ടുവഴി തുക കൈമാറിയ ചുരുക്കം ചിലർ നിയമനടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.നേരിൽ പണം കൈമാറിയവരിൽ ഏറെയും പണം വീണ്ടെടുക്കുന്നതിനുള്ള മാർഗ്ഗങ്ങളാരാഞ്ഞുള്ള നെട്ടോട്ടത്തിലാണെന്നാണ് സൂചന.

ആകർഷകമായ ശമ്പള പാക്കേജിലാണ് രാജേഷ്് ഏജന്റുമാരെ നിയോഗിച്ചിരുന്നത്.ശമ്പളത്തിന് പുറമെ ഇവർ മൂലം കമ്പനിയിലേയ്ക്കെത്തുന്ന നിക്ഷേപത്തിന്റെ 10 ശതമാനവും ഇവർക്ക് ലഭിച്ചിരുന്നു.ആയിരത്തോളം ആളുകളിൽ നിന്നായി കമ്പനിയുടെ പേരിൽ രാജേഷ് നിക്ഷേപം സ്വീകരിച്ചതായിട്ടാണ് അടുപ്പമുള്ള നിക്ഷേപകരിൽ ചിലർ പുറത്തുവിടുന്ന വിവരം.എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.